‘സോഷ്യൽ മൂവ്മെൻ്റുകൾ ഊർജ്ജം’, ഗ്ലോബൽ ലാംഗ്വേജ് സംസാരിക്കുന്ന ‘റിഥം ഓഫ് ദമാം’

ഉത്തര കന്നഡയിലെ സിദ്ദികളുടെ ജീവിതം പറയുന്ന സിനിമയാണ് ജയൻ ചെറിയാൻ സംവിധാനം ചെയ്ത ‘റിഥം ഓഫ് ദമ്മാം’. ആഫ്രിക്കയില്‍ നിന്നും കൊളോണിയല്‍ അധിനിവേശ കാലത്ത് ഗോവയിലേക്കുള്ള മനുഷ്യക്കടത്തിന്റെ ഭാഗമായി എത്തപ്പെട്ട സിദ്ദി സമൂഹത്തിന്റെ വംശചരിത്രമാണ് ചിത്രം. ഇരുപത്തി ഒമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ നിറഞ്ഞ സദസിലാണ് സിനിമയുടെ പ്രദർശനം. സംവിധായകൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട്…

റിഥം ഓഫ് ദമ്മാം

വിഭിന്നമായ വ്യക്തിത്വങ്ങളുടെ അടയാളപ്പെടുത്തലും അന്വേഷണങ്ങളുമാണ് എൻ്റെ സിനിമകൾ. ‘റിഥം ഓഫ് ദമ്മാം ‘റേസ് എത്നിസിറ്റി’യാണ് പ്രമേയമാക്കുന്നത്. ഉത്തര കന്നഡയിലെ സിദ്ദികളുടെ ജീവിതമാണ് പറയുന്നത്.

വിഷയം ഗ്ലോബൽ 

1835നു മുമ്പ് അടിമക്കച്ചവടങ്ങളിലൂടെ ഇന്ത്യയിലേക്ക് എത്തപ്പെട്ട ആഫ്രിക്കക്കാരായ മനുഷ്യരാണ് സിദ്ദികൾ. കൊങ്കൺ ഭാഗത്ത് സംഭവിച്ചത് 1835ൽ ബ്രിട്ടിഷ് ക്വീൻ ബ്രിട്ടീഷ് ഇന്ത്യയിൽ അടിമത്വം നിരോധിച്ചു. പക്ഷേ പോർച്ചുഗീസ് അധിനിവേശത്തിലായിരുന്ന ഗോവയിൽ 1865 വരെ ഇത് നിര്‍ബാധം തുടർന്നുകൊടിരുന്നു. 1840കളിൽ ചെറുത്ത് നിൽക്കാനാകാത്ത അവിടുത്തെ ഗൗഡ സരസ്വത ബ്രാഹ്മണർ പോർച്ചുഗീസുമായി സമരസപ്പെട്ട് ക്രിസ്ത്യാനികളായി, അതാണ് ഗോവയിലെ ബ്രാഹ്മിൺ ക്രിസ്ത്യാനികൾ. ഹിന്ദു ആചാരങ്ങൾ തുടർന്നുവന്ന ഗോവൻ ക്രിസ്ത്യാനികളെ വിചാരണ ചെയ്യാൻ ‘ഗോവയിലെ മതദ്രോഹവിചാരണകൾ’ ആരംഭിക്കുന്നു. വിചാരണയ്ക്ക് പോകും മുമ്പ് സ്വത്തുക്കൾ മോചിപ്പിക്കുമ്പോൾ ഇവരുടെ സ്വത്തായി കണക്കാക്കിയിരുന്ന അടിമകളെയും മോചിപ്പിക്കുകയാണ്. മോചിപ്പിക്കപ്പെട്ട അടിമകൾ ബ്രിട്ടീഷ് ഇന്ത്യയിലെ കൊങ്കൺ വനങ്ങളിലേക്ക് രക്ഷപ്പെട്ടു. ഇവർ മോചിതരാകുന്ന മറ്റൊരു സാഹചര്യം പ്ലേഗ് പടർന്നുപിടിക്കുന്നതാണ്. അടിമകളെ ഒരുമിച്ച് തുറന്നുവിടുന്ന സാഹചര്യം അങ്ങനെയുണ്ടാകുന്നു. ഇങ്ങനെ രക്ഷപ്പെട്ടെത്തിയവർ അവിടെ സമൂഹമുണ്ടാക്കി താമസിച്ചു വന്നു. പിന്നീട് നിയമപ്രകാരം 1865ൽ അടിമകളുടെ വിമോചനമുണ്ടായി. എന്നാൽ നിയമം കൊണ്ട് വിമോചിതരായവരെ വീണ്ടും കൈമാറ്റം ചെയ്യുകയാണുണ്ടായത്. 

ഒന്നിച്ച് നിർത്തുന്ന ‘ദമ്മാം’

ഇന്ന് കൊങ്കൺ മേഖലയിൽ കാണുന്ന അരക്ക പ്ലാൻ്റേഷൻസ്, കരിമ്പു പാടങ്ങൾ ഒക്കെ ഇവരുടെ ചോരയും വിയപ്പും കൊണ്ടുണ്ടായതാണ്. ആ ജനതയുടെ കായികക്ഷമതയെ ചൂഷണം ചെയ്യുക മാത്രമല്ല ഉണ്ടായത്. അവരുടെ സംസ്കാരവും കലയും ഉൾപ്പെടെ കവർന്നെടുത്ത് ‘കൾച്ചറൽ ജെനോസൈഡ്’ ആണ് നടന്നത്. 

ഒന്നന്നൊര കൊല്ലം പഴക്കമുള്ള ഇന്ത്യൻ കാസ്റ്റ് സിസ്റ്റത്തിലേക്ക് അവരെ കണ്ണിചേർക്കുകയാണ് ചെയ്തത്. ഹിന്ദു മാസ്റ്ററുടെ കീഴിലുള്ള സിദ്ദികൾ ഹിന്ദുക്കളായും ക്രിസ്ത്യൻ മാസ്റ്റർക്ക് കീഴിൽ ക്രിസ്ത്യൻ സിദ്ദികളായും മുസ്ലിം മാസ്റ്റർക്ക് കീഴിൽ മുസ്ലിം സിദ്ദികളായും മാറി അവർ. ‘ദമ്മാം’ ആണ് ഈ മനുഷ്യരെ ഒരുമിച്ച് നിർത്തുന്ന ഒരേയൊരു കാര്യം. അവരവിടെ എല്ലാം മറക്കുന്നു. ഒരു വാദ്യത്തിൻ്റെ പേര് മാത്രമല്ല ആ ചടങ്ങിനെയും ദമ്മാം എന്നാണവർ വിളിക്കുന്നത്. 

സോഷ്യൽ മൂവ്മെൻ്റുകൾ ഊർജ്ജം

സോഷ്യൽ മൂവ്മെൻ്റുകളിൽ നിന്നുള്ള എഊർജ്ജമാണ് എനിക്ക് സിനിമ ചെയ്യാനുള്ള പ്രേരണ. സമകാലികമായ ദളിത് മൂവ്മെൻ്റുകളും അവരുടെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് പാലിപിയോ ബുദ്ധ ചെയ്യുന്നത്. കിസ് ഓഫ് ലവ് സമര പശ്ചാത്തലത്തിൽ കാ ബോഡി സ്കേപ്സ്, ഷേപ്പ് ഓഫ് ദി ഷേപ്ലെസ്സ് ജെണ്ടർ തിയറിയെ അടിസ്ഥാനമാക്കിയാണ്. തിരിഞ്ഞു നോക്കുമ്പോൾ ഐഡൻ്റിറ്റികളുടെ നിർമിതി, അത് ഒരേസമയം എങ്ങനെ ശാക്തികരണത്തിനും പീഡനത്തിനുമുള്ള ഉപകരണമായി മാറുന്നു എന്നതാണ് എൻ്റെ സിനിമകളെല്ലാം സംസാരിക്കാൻ ശ്രമിക്കുന്നത്.

ഗോവയിലെ വേദി

ഐഎഫ്എഫ്ഐ ഗോവയിൽ ലോക സിനിമ വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്. വർഷങ്ങളായി രാജ്യത്തില്ലാത്തയാളാണ് എന്നതിനാലും ഇന്ത്യൻ പാസ്പോർട്ട് ഇല്ലെന്നതിനാലുമൊക്കെയാണത്. ഗോവ നമ്മുടെ സിനിമയ്ക്ക് പറ്റിയ വേദിയല്ല. അമേരിക്കൻ സിനിമയുടെ സബ് ഡിവിഷൻ എന്ന രീതിയിലാണ് പരിഗണിച്ചത്. ഗോവൻ ചലച്ചിത്രമേളയിൽ വലിയ പ്രാധാന്യം ലഭിച്ചില്ല. ഗോവൻ മണ്ണിൽ നിന്നാണ് ഇവരെ അടിമകളായി കൊണ്ടുവരുന്നത്. അവരുടെ ചോരയും കണ്ണീരും കലർന്നതാണവിടം. അവിടത്തെ വേദി ആ തരത്തിൽ പ്രധാനമായിരുന്നു. പ്രീമിയർ ഐഎഫ്എഫ്കെയിലാണ്..

By admin