തിരുവനന്തപുരം: 130 വർഷത്തെ മാരാമൺ കൺവെൻഷന്റെ ചരിത്രത്തിനിടയിൽ പ്രസംഗിക്കാൻ ക്ഷണം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രീയ നേതാവായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.
ഒട്ടേറെ രാഷ്ട്രീയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കാൻ എല്ലാവർഷവും എത്തുമ്പോൾ കൺവെൻഷനിലെത്തുന്നവരെ അഭിസംബോധന ചെയ്യാനുള്ള ക്ഷണം അങ്ങനെ ലഭിക്കാറില്ല
ഫെബ്രുവരി 15ന് നടക്കുന്ന യുവജനസമ്മേളനത്തിൽ സംസാരിക്കാനാണ് പ്രതിപക്ഷ നേതാവിന് ക്ഷണം ലഭിച്ചിട്ടുള്ളത്. വൈകിട്ട് നാലിനാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.
മർത്തോമാ സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കൂട്ടായ്മയായ മാരാമൺ കൺവെൻഷനിൽ 1974ൽ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോൻ യൂഹാനോൻ മാർത്തോമാ മെത്രാപ്പൊലീത്തയുടെ ക്ഷണം സ്വീകരിച്ച് പ്രസംഗിച്ചിരുന്നു.
കഴിഞ്ഞ വർഷം ശശി തരൂർ എം.പിക്കും സംസാരിക്കാനുള്ള അവസരം ലഭിച്ചു. മാരാമൺ കൺവെൻഷനിലേക്ക് ക്ഷണം ലഭിച്ചത് രാഷ്ട്രീയമായി സംസ്ഥാനത്ത് യു.ഡി.എഫിനും ഗുണം ചെയ്‌തേക്കും
നിറഞ്ഞ സന്തോഷത്തോടെയാണ് കൺവെൻഷനിലേക്കുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവിനോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളുടെ വിശ്വാസമാർജ്ജിച്ച പ്രതിപക്ഷനേതാവിനെ ഇക്കഴിഞ്ഞ യു.ഡി.എഫ് നേതൃയോഗത്തിൽ ഘടകകക്ഷി നേതാക്കളും അഭിനന്ദിച്ചു.
സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങൾക്കും ന്യുനപക്ഷങ്ങൾക്കിടയിലെ അകൽച്ചയ്ക്കും വഴിയൊരുക്കാമായിരുന്ന മുനമ്പം വിഷയം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ പ്രതിപക്ഷനേതാവിന് കഴിഞ്ഞെന്ന വിലയിരുത്തലാണ് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയത്.
കേരളകോൺഗ്രസ് ജോസഫ് പക്ഷവും യോഗത്തിൽ നിലപാടിനോട് യോജിച്ചു. മുൻകാലങ്ങളിൽ ഇതുപോലെ ന്യൂനപക്ഷങ്ങളുടെ വേണ്ടത്ര വിശ്വാസമാർജ്ജിക്കാൻ യുഡിഎഫിന് കിഞ്ഞിരുന്നില്ലെന്നും എന്നാൽ സമസ്തയടക്കമുള്ള സംഘടനകളുമായും ക്രിസ്ത്യൻ സഭാ നേതൃത്വങ്ങളുമായും പ്രതിപക്ഷനേതാവ് മികച്ച ആശയവിനിമയമാണ് നടത്തുന്നതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
മുനമ്പം വിഷയം പരിഹരിക്കാൻ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ്.ജെ.നെറ്റോ സ്വീകരിച്ച തുറന്ന മനസ് ശ്ലാഘനീയമാണെന്നും സഭയും ലീഗ് നേതാക്കളും തമ്മിലുള്ള ആശയവിനമയം സുഗമമാക്കാൻ പ്രതിപക്ഷനേതാവ് വഹിച്ച പങ്ക് വലുതാണെന്നും യോഗം വിലയിരുത്തുകയും ചെയ്തിരുന്നു
കഴിഞ്ഞ മാസം ചങ്ങനാശേരി അതിരൂപതയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയിലിനും അതിനു ശേഷം കര്‍ഡിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിലിനും നല്കിയ സ്വീകരണ സമ്മേളനങ്ങളില്‍ വി ഡി സതീശന്‍ മുഖ്യ പ്രഭാഷകന്‍ ആയിരുന്നു. രണ്ടു സമ്മേളനങ്ങളിലും അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ഏറെ പ്രശംസയും പിടിച്ചു പറ്റിയിരുന്നു.
കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള മലനാട് ഡെവലപ്മെന്‍റ് സൊസൈറ്റിയും ഇന്‍ഫാമും സംയുക്തമായി പൊടിമറ്റത്ത് സംഘടിപ്പിച്ച ‘സന്മനസുള്ളവര്‍ക്ക് സമാധാനം’ എന്ന പരിപാടിയുടെ ഉത്ഘാടകനും പ്രതിപക്ഷ നേതാവായിരുന്നു.
ഈ പരിപായിക്കായി എത്തിയ വി ഡി സതീശന്‍ അതിനു മുന്‍പ് മലനാട് ഗസ്റ്റ് ഹൌസില്‍ എത്തി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, കെസിബിസികര്‍ഷക സംഘടനയായ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍, വികാരി ജനറാള്‍മാരായ ഫാ. ബോബി മണ്ണ൦പ്ലാക്കല്‍, ഫാ. ജോസഫ് വെള്ളാമറ്റം, രൂപതാ പ്രൊക്രുറേറ്റര്‍ ഫാ . ഫിലിപ്പ് തടത്തില്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.