എടവണ്ണ : അറബിഭാഷാ പഠനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഏറെ സഹായകമായിട്ടുണ്ടെന്ന് പ്രമുഖ അറബി ഭാഷാപണ്ഡിതനും കൊല്ലം ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി അറബിക് പി.ജി വിഭാഗം അക്കാദമിക് കമ്മിറ്റി ചെയര്‍മാനുമായ ഡോ.ഹുസൈന് മടവൂര്‍ പറഞ്ഞു.
ഐക്യ രാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് എടവണ്ണ ജാമിഅ നദവിയ്യയില്‍ സംഘടിപ്പിച്ച അറബിക് കൊളോക്കിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എന്‍ അംഗീകരിച്ച ഭാഷ
യു.എന്‍ അംഗീകരിച്ച ആറ് ലോകഭാഷകളില്‍ പ്രമുഖസ്ഥാനം വഹിക്കുന്ന അറബി ഭാഷ ലോകത്തിലെ മുപ്പതോളം രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയാണ്. അവിടങ്ങളില്‍ ജീവിക്കുന്ന നാല്പത് കോടി ജനങ്ങളുടെ മാതൃഭാഷയാണ് അറബി.
അതിന്ന് പുറമെ അനറബി രാജ്യങ്ങളിലെ നാല്പത് കോടിയോളം ജനങ്ങള്‍ക്ക് അറബി ഭാഷ അറിയാം. ഒരേ സമയം അതൊരു ക്ലാസിക്കല്‍ (പ്രാചീന ) ഭാഷയും മോഡേണ്‍ (ആധുനിക) ഭാഷയുമാണത്.
എല്ലാ സാഹിത്യ മേഖലകളിലും അറബി ഭാഷയുണ്ട്. വാണിജ്യ വ്യവസായ മേഖലകളില്‍ അറബി ഭാഷ സ്ഥിര പ്രതിഷ്ഠ നേടിക്കഴിഞ്ഞു.
അറബി ഭാഷയിലൂടെ നിര്‍മ്മിത ബുദ്ധിയുപയോഗിച്ചുള്ള പഠനഗവേഷണങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഗള്‍ഫ് മേഖലയില്‍ പെട്രോള്‍ കണ്ട് പിടിച്ചതോടെ അറബി അറിയുന്നവരുടെ തൊഴില്‍ മേഖല ഏറെ വിപുലമായി.
അറബി ഭാഷയുടെ പങ്ക്
അറബി ഭാഷ പഠിച്ചവര്‍ക്ക് ഗള്‍ഫില്‍ ഉയര്‍ന്ന തൊഴില്‍ ലഭിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ അറബി ഭാഷ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് സര്‍വ്വകലാശാലാ മുന്‍ വൈസ്ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രൊഫസര്‍ ആരിഫ് സൈന്‍, ആദില്‍ അത്വീഫ് , ഡോ.കെ. വസീല്, ഡോ മുഹമ്മദലി അന്‍സാരി, പി. അബ്ദുറഹിമാന് ഫാറൂഖി, ഡോ. കെ.സീതിക്കോയ, ഡോ. പി.കെ അബ്ദുല്‍ ഗഫൂര്‍, അംജദ് അമീന് എന്നിവര്‍ സംസാരിച്ചു.
വിവിധ വേദികളിലായി അറബി ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട അറുപതോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ചക്ക് വിധേയമാക്കി.