കോട്ടയം: കര്‍ഷകരെയും ആദിവാസികളെയും ഗുരുതരമായി ബാധിക്കുന്ന വനനിയമ ഭേദഗതിക്കെതിരെ എല്‍.ഡി.എഫിലും പ്രതിഷേധം ശക്തമാകുന്നു.
ജനദ്രോഹപരമായ ഭേദഗതി സഭയില്‍ പാസാക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ ചീഫ് വിപ്പ് പരസ്യമായി പറഞ്ഞ സാഹചര്യത്തിൽ ചീഫ് വിപ്പ് എന്‍. ജയരാജിന്റെയും കേരളാ കോൺഗ്രസ് എമ്മിന്റെയും നിലപാട് സർക്കാരിന് നിർണായകമാകും.
ആരെയും എപ്പോള്‍ വേണമെങ്കിലും അറസ്റ്റു ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുന്ന ഇത്തരം നിയമങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയേറെയാണ്.
വന നിയമ ഭേദഗതിക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും കര്‍ഷകരോടൊപ്പം എന്നും ഉണ്ടാകുമെന്നും എന്‍ ജയരാജ് ഉറപ്പു നല്‍കി.
ഇന്‍ഫാം മലനാട് സൊസൈറ്റികളുടെ കാരുണ്യ പദ്ധതികളുടെ ഉദ്ഘാടന വേദിയിലാണ് ജയരാജ് ഇക്കാര്യം പറഞ്ഞത്.
ജയരാജിന് പിന്നാലെ പ്രസംഗിക്കാന്‍ എത്തിയ വാഴൂര്‍ സോമന്‍ എംഎല്‍എയും ഭേദഗതിക്കെതിരെ രംഗത്തു വന്നു.
ചീഫ് വിപ്പ് തന്നെ ഭേദഗതി പാസാക്കില്ലെന്ന് പറയുന്നു. അങ്ങനെയെങ്കിൽ അദ്ദേഹം ഈ ബില്ലിന് വോട്ട് ചെയ്യാൻ വിപ്പ് നല്‍കില്ലെന്നാണ് ഞാൻ കരുതുന്നത്. എങ്കിൽ ഞാനും ആ നിലപാടിന് ഒപ്പമാണ്.
ഇതോടെ ജനദ്രോഹപരമായ ഭേദഗതികള്‍ സഭയില്‍ എത്തില്ലെന്നും ഉറപ്പായി. വിഷയം മുന്നണിക്കുള്ളില്‍ ഉന്നയിക്കുമെന്നും എംഎല്‍എ പറഞ്ഞു.
ജനങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് വനംവകുപ്പിന്റെ പ്രവര്‍ത്തനമെന്നും എംഎല്‍എ കുറ്റപ്പെടുത്തി.
ഇതോടെ ഭേദഗതി എല്‍ഡിഎഫിലും കുടത്ത തലവേദനയാകുമെന്ന് ഉറപ്പായി.
അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി സഭയില്‍ അവതരിപ്പിക്കാന്‍ തയാറെടുക്കുന്ന വനംവകുപ്പിന് ഏറ്റ കനത്ത തിരിച്ചടിയാണ് കേരളാ കോണ്‍ഗ്രസ് (എം) അംഗം കൂടിയായ ചീഫ് വിപ്പിന്റെ നിലപാട്.
പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടാണ് എന്‍. ജയരാജ് പറഞ്ഞതെന്ന വിലയിരുത്തലാണുള്ളത്. ചീഫ് വിപ്പിന്റെ നിലപാടോടെ സഭയില്‍ ബില്‍ അവരിപ്പിക്കില്ലെന്നുറപ്പായി.
അതേസമയം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫും വനനിയമ ഭേദഗതിക്കെതിരെ ശക്തമായി രംഗത്തു വന്നിട്ടുണ്ട്.
വനംവകുപ്പ് ഇത്രത്തോളം നിസംഗമായ ഒരു കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടില്ല.
വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കാത്ത അതേ സര്‍ക്കാരാണു വീണ്ടും കര്‍ഷകരെയും ആദിവാസികളെയും ബുദ്ധിമുട്ടിക്കുന്നതിനു വേണ്ടി വനനിയമം ഭേദഗതി ചെയ്യുന്നത്.
ജനങ്ങളെ പരിഗണിക്കാതെ സര്‍ക്കാരും സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുക്കുന്നതാണ് നിയമമാക്കുന്നത്.
ഈ നിയമ ഭേദഗതി വനത്തനിനുള്ളിലെ ആദിവാസികളെയും വനത്തിനു പുറത്തുള്ള സാധാരണ കര്‍ഷകരെയും ഗുരുതരമായി ബാധിക്കും.
പുതിയ നിയമത്തിലൂടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരമാണു നല്‍കുന്നത്. പിഴ അഞ്ചിരട്ടിയായാണു വര്‍ധിപ്പിച്ചിരിക്കുന്നത്.
വനാതിര്‍ത്തികളിലുള്ള കര്‍ഷകരോടുള്ള വെല്ലുവിളിയാണ് ഈ നിയമ ഭേദഗതിയെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി ഇന്‍ഫാം ഭാരവാഹികൾ വിഷയത്തില്‍ പ്രതിപക്ഷ പിന്തുണ ഉറപ്പാക്കിയിരുന്നു.