കോംഗോ: മധ്യ ആഫ്രിക്കയിലെ കോംഗോയില്‍ നദിയില്‍ ബോട്ട് മറിഞ്ഞ് കുട്ടികളടക്കം 25 പേര്‍ മരിച്ചു. ഡസന്‍ കണക്കിന് ആളുകളെ ഇപ്പോഴും കാണാതായിട്ടുണ്ട്. ബോട്ടില്‍ ശേഷിയേക്കാള്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാര്‍ത്താ ഏജന്‍സിയായ എപിയുടെ റിപ്പോര്‍ട്ട് പ്രകാരം ബോട്ടില്‍ നൂറിലധികം പേര്‍ ഉണ്ടായിരുന്നു. കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയുടെ വടക്കുകിഴക്കുള്ള ഇനോംഗോ നഗരത്തില്‍ നിന്നാണ് ബോട്ട് പുറപ്പെട്ടത്. ഫിമി നദിയുടെ തീരത്ത് നൂറ് മീറ്ററോളം ദൂരത്തിലാണ് ഇത് മറിഞ്ഞത്.
കാണാതായവര്‍ക്കായി ഡിസംബര്‍ 17ന് മണിക്കൂറുകളോളം തിരച്ചില്‍ നടത്തി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ടെന്ന് ഇനോംഗോ സിറ്റി റിവര്‍ കമ്മീഷണര്‍ ഡേവിഡ് കലംബ പറഞ്ഞു
‘ബോട്ടില്‍ അമിതഭാരമുണ്ടായിരുന്നു, കുറഞ്ഞത് 25 മൃതദേഹങ്ങളെങ്കിലും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്.’ ‘മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു, എന്നാല്‍ ഈ സമയത്ത് ബോട്ടില്‍ ധാരാളം യാത്രക്കാര്‍ ഉണ്ടായിരുന്നതിനാല്‍ മരിച്ചവരുടെ എണ്ണം കൃത്യമായി പറയാന്‍ പ്രയാസമാണ്’.
ബോട്ടില്‍ ധാരാളം സാധനങ്ങള്‍ കയറ്റിയിരുന്നതായി പ്രദേശവാസിയായ അലക്സ് എംബുംബ പറഞ്ഞു.
കോംഗോയിലെ മൈ-എന്‍ഡോംബെ പ്രവിശ്യയില്‍ ഈ വര്‍ഷം ഇത്തരത്തില്‍ നടക്കുന്ന നാലാമത്തെ അപകടമാണിത്. ഈ പ്രദേശം മുഴുവന്‍ നദികളാല്‍ ചുറ്റപ്പെട്ടതിനാല്‍ ഭൂരിഭാഗം ആളുകളും നദികളിലൂടെ സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്.
അമിതഭാരം കയറ്റുന്നതിനെതിരെ കോംഗോ അധികാരികള്‍ പലപ്പോഴും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജലഗതാഗതത്തിനായി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ ശിക്ഷിക്കുമെന്നും മുന്നറിയിപ്പുണ്ട്
വിദൂര പ്രദേശങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകളും ഇവിടേക്ക് യാത്ര ചെയ്യുന്നത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും റോഡിലൂടെയുള്ള യാത്രയുടെ ചെലവ് വഹിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ നദി വഴിയുള്ള യാത്ര തിരഞ്ഞെടുക്കുകയാണ്.