തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്ര ഏജന്‍സികളുടെയും സഹായത്തോടെ അദാനി നടത്തിയത് കോടാനു കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
വ്യാജമായി വര്‍ധിപ്പിച്ച മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ആയിരക്കണക്കിന് കോടി രൂപ അദാനി വായ്പ എടുത്തത്. കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ സംസാരിക്കവേ ആണ് പ്രതിപക്ഷ നേതാവ് രൂക്ഷ വിമർശനം ഉന്നയിച്ചത്.

പ്രധാനമന്ത്രിയുടെ കൂട്ടുകാരനായി ലോകം മുഴുവന്‍ സഞ്ചരിച്ച്, ഇന്ത്യയിലെ ഭരണം കയ്യിലെടുത്ത് അമ്മാനമാടുന്ന ഗൗതം അദാനിക്ക് കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് തന്റെ വ്യവസായ സാമ്രാജ്യം എത്ര വര്‍ധിപ്പിച്ചെന്ന് പോലും അറിയില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി.

അദാനിയുടെ എഴു കമ്പനികളുടെ ഓഹരികളുടെ മൂല്യം മൂന്ന് കൊല്ലം കൊണ്ട് 819 ശതമാനമായി കൃത്രിമമായി ഉയര്‍ത്തിയെന്നാണ് ഹിന്‍ഡന്‍ബെര്‍ഗിന്റെ റിപ്പോര്‍ട്ട്.
ഹിന്‍ഡന്‍ബെര്‍ഗിന്റെ രണ്ടാമത്തെ റിപ്പോര്‍ട്ട് വന്നിട്ടും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മറുപടി നല്‍കിയില്ല. എന്നിട്ടും സെബിയുടെ ഒരു അന്വേഷണ റിപ്പോര്‍ട്ടും പുറത്തു വന്നില്ല.

സെബിയുടെ ചെയര്‍പേഴ്‌സണും അവരുടെ ഭര്‍ത്താവിനും അദാനിയുടെ ഷെല്‍ കമ്പനികളില്‍ നിക്ഷേപമുള്ളതാണ് അതിന് കാരണമെന്ന് ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അദാനി ഗ്രീനില്‍ നിന്നും സംസ്ഥാനങ്ങള്‍ വൈദ്യുതി വാങ്ങുന്നതിന് വേണ്ടി ഉദ്യോഗസ്ഥര്‍ക്ക് 265 മില്യണ്‍ ഡോളര്‍ കൈക്കൂലിയാണ് നല്‍കിയത്.
ഇതിനെതിരെ അമേരിക്കയില്‍ അദാനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും അദാനി തട്ടിപ്പ് നടത്തുകയാണ്.

ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും ഓഹരി ഉടമകളെയും ബാങ്കുകളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും കബളിപ്പിച്ച അദാനി പ്രധാനമന്ത്രി മോദിക്കൊപ്പം യാത്ര ചെയ്യുകയാണ്.

അതിനെതിരെയാണ് രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും രാജ്യവ്യാപകമായി പോരാട്ടം നടത്തുന്നതെന്നും സതീശൻ പറഞ്ഞു.
മണിപ്പുര്‍ കത്തി എരിയുമ്പോഴും നീറോ രാജാവിനെ പോലെ മോദി അവിടേക്ക് തിരഞ്ഞു നേക്കിയിട്ടില്ല. മുന്നൂറോളം ക്രൈസ്തവ ദേവാലയങ്ങളാണ് ചുട്ടെരിച്ചത്.

സ്ത്രീകളെയും കുട്ടികളെയും ക്രൂരമായാണ് കൊലപ്പെടുത്തിയത്. മണിപ്പൂരില്‍ ഇപ്പോഴും വെടിയൊച്ചകള്‍ മുഴങ്ങുകയാണ്.

ബി.ജെ.പി ഭരിക്കുന്ന സംഘ്പരിവാര്‍ സര്‍ക്കാരിന്റെ പൊലീസാണ് അക്രമികള്‍ക്ക് തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നല്‍കുന്നത്. 671 ആക്രമണങ്ങളാണ് ഈ വര്‍ഷം മാത്രം രാജ്യത്ത് നടന്നത്.
വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ജയിലിലാണ്. രാജ്യവ്യാപകമായി ക്രൈസ്തവരും ക്രൈസ്തവ ദേവാലയങ്ങളും ആക്രമിക്കപ്പെടുകയാണ്.
ഇതൊക്കെ ചെയ്തിട്ടാണ് കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലേക്ക് ബി.ജെ.പി നേതാക്കള്‍ കേക്കുമായി എത്തുന്നത്. ഇവരുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്നും വി ഡി സതീശൻ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *