തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകാൻ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്‌ക്രീനിംഗ് കമ്മിറ്റി ശുപാർശ അംഗീകരിച്ച് മന്ത്രിസഭായോഗം.
ഇതോടെ വിവിധ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനിടെ അജിത്ത് കുമാർ ഡി.ജി.പിയാകും. കഴിഞ്ഞയാഴ്ച്ചയാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അദ്ധ്യക്ഷതയിൽ സ്‌കീനിംഗ് കമ്മിറ്റി ചേർന്ന് സ്ഥാനക്കയറ്റത്തിനുള്ള തീരുമാനമെടുത്തത്.
ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ച്ച, പൂരം കലക്കൽ വിവാദം, അനധികൃത സ്വത്ത് സമ്പാദനം, വീട് നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ വിജിലൻസടക്കമുള്ള ഏജൻസികളുടെ അന്വേഷണം നേരിടുന്നതിനിടെയാണ് അജിത്ത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചത്.
ഇടതുമുന്നണിയുടെ ഭാഗമായി നിലമ്പൂരിൽ നിന്നും നിയമസഭയെ പ്രതിനിധീകരിക്കുന്ന പി.വി അൻവർ എം.എൽ.എയാണ് അജിത്ത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ പത്രസമ്മേളനത്തിലൂടെ പരസ്യമായി ഉന്നയിച്ച് രംഗത്ത് വന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇടത് സ്ഥാനാർത്ഥിയായിരുന്നു വി.എസ് സുനിൽകുമാറും പൂരം കലക്കൽ വിഷയത്തിൽ എ.ഡി.ജി.പിയുടെ നിലപാടിൽ ദുരൂഹത ആരോപിച്ചിരുന്നു.
ആർഎസ്.എസ് – എ.ഡി.ജി.പി കൂടിക്കാഴ്ച്ച വിഷയത്തിൽ എൽ.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും അജിത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.
തുടർന്ന് നടന്ന എൽ.ഡി.എഫ് യോഗത്തിൽ ആർ.ജെ.ഡി ജനറൽ സെക്രട്ടറി വർഗീസ് ജോർജ്ജ്, എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോ, ബിനോയ് വിശ്വം എന്നിവരടക്കം വിഷയം ചർച്ചയാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് വിവിധ വിഷയങ്ങളിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ആർ.എസ്.എസ് കൂടിക്കാഴ്ച്ച വ്യക്തിപരമെന്ന എ.ഡി.ജി.പിയുടെ വാദം തള്ളി സംസ്ഥാന ഡി.ജി.പി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
തുടർച്ചയായി എ.ഡി.ജി.പിക്കെതിരെ വിമർശനങ്ങളുന്നയിച്ച സി.പി.ഐയുടെ നാല് മന്ത്രിമാരടങ്ങുന്ന യോഗമാണ് എ.ഡി.ജി.പിക്ക് സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം കൈയ്യടിച്ച് പാസാക്കിയതെന്നതും പ്രത്യേകതയാണ്.
അജിത്തിന് സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനത്തെ ആർ.എസ്.എസിന്റെ വിജയമെന്ന ആരോപണമുയർത്തിയാണ് കോൺഗ്രസ് വിമർശിക്കുന്നത്. ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിൽ കോൺഗ്രസ് നേതാക്കളായ വി.ടി ബൽറാം, രാഹുഡൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ സമാന കുറിപ്പും പങ്ക്‌വെച്ചിട്ടുണ്ട്.