കോട്ടയം: കേരള വനം വകുപ്പ് പുതുതായി 2024 നവംബര്‍ ഒന്നിനു കേരള ഗസറ്റില്‍ ആധികാരികമായി പ്രസിദ്ധീകരിച്ച കേരള വനംവകുപ്പിന്റെ അമന്‍ഡ്മെന്റ് ബില്ലിന് എതിരെ പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി ഇന്‍ഫാം.
വന്യമൃഗങ്ങളുടെ ക്രൂരതയേക്കാള്‍ ക്രൂരതയാണ് വനം വകുപ്പിന്റെ കുടിലതയെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
ഭേദഗതി നിയമസഭയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതികരിക്കണമെന്ന് ഇന്‍ഫാം ഭാരവാഹികള്‍ പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടു.
വനം വകുപ്പിന്റെ കുടിലത
തിങ്കളാഴ്ച കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള മലനാട് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ഗസ്റ്റ് ഹൗസില്‍ മാര്‍ ജോസ് പുളിക്കലും രൂപതാ വികാരി ജനറാള്‍മാരായ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, റവ. ഡോ. ജോസഫ് വെള്ളമറ്റം, പ്രൊക്യുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍ എന്നിവര്‍ ഇന്‍ഫാം ദേശീയ ചെയര്‍മാനും മലനാട് ഡയറക്ടറുമായ ഫാ. തോമസ് മറ്റമുണ്ടയിലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നിലവിലുള്ള ഫോറസ്റ്റ് ആക്ടിലെ സെക്ഷന്‍ 52ലും 63ലും ആണു പ്രധാനമായും പുതിയ ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്. ഈ ഭേഗതികള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് ഇന്‍ഫാം പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
ഇന്‍ഫാം പ്രക്ഷോഭത്തിന്
1961 ലെ കേരള ഫോറസ്റ്റ് ആക്ടില്‍ പറഞ്ഞിരിക്കുന്ന നിയമത്തിന്റെ പല വിഭാഗങ്ങളിലും അടിമുടി മാറ്റങ്ങള്‍ വരുത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് വാറന്റോ മജിസ്ട്രേറ്റിന്റെ ഉത്തരവോ ഇല്ലാതെ അധികാര ദുര്‍വിനിയോഗം നടത്താനും ജനങ്ങളെ പീഡിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണു പുതിയ ബില്ലില്‍ കൊടുത്തിരിക്കുന്നതെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
ഇതു രാജ്യത്തെ നിലവിലുള്ള നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്.
യാതൊരു ഉപാധിയും കൂടാതെ ഒരാളെ അറസ്റ്റു ചെയ്തു കസ്റ്റഡിയില്‍ വയ്ക്കുവാനുള്ള അധികാരം നല്‍കുന്ന ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.