ഡൽഹി: മന്ത്രി മാറ്റത്തിനായി മുഖ്യമന്ത്രിയ്ക്ക് മുന്നിൽ സമ്മർദം ശക്തമാക്കാൻ എന്‍സിപി. മന്ത്രി എ. കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് ആവശ്യം.
ഇക്കാര്യത്തിൽ എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും തോമസ് കെ.തോമസ് എംഎല്‍എയും പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ നേരിട്ടു കണ്ട് നിർണായക ചർച്ച നടത്തി.
നേരത്തെ മന്ത്രിമാറ്റം സംബന്ധിച്ച എൻസിപി ആവശ്യം ഉന്നയിച്ചപ്പോഴൊക്കെ മുഖ്യമന്ത്രി നിരാകരിക്കുകയായിരുന്നു. എന്നാൽ ഇനി തോമസ് കെ. തോമസിനെ മന്ത്രി ആക്കിയില്ലെങ്കില്‍ എന്‍സിപിക്കു മന്ത്രി വേണ്ട എന്ന കടുത്ത നിലപാടിലേക്കു പാര്‍ട്ടി പോയേക്കുമെന്നാണ് സൂചന.
തോമസ് കെ. തോമസിനെ മന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാറിന്റെ കത്ത് നേരത്തേ മുഖ്യമന്ത്രിക്കു എൻസിപി സംസ്ഥാന നേതൃത്വം നല്‍കിയിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ കഴിയും വരെ കാത്തിരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
തോമസിനെ മന്ത്രിയാക്കണമെന്ന പാര്‍ട്ടി തീരുമാനം അറിയിക്കാന്‍ എത്തിയ എന്‍സിപി നേതൃസംഘത്തോടു മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനിടെ കൂറുമാറ്റത്തിനു തോമസ് കെ. തോമസ് പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണം ഉയരുകയും അത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മന്ത്രിമാറ്റം താൽക്കാലികമായി എൻ സി പി നേതൃത്വത്തിന് മരവിപ്പിക്കേണ്ടിവന്നത്.
എന്നാൽ വിവാദം കെട്ടടങ്ങുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുകയും ചെയ്തിട്ടും മന്ത്രി മാറ്റം സംബന്ധിച്ച തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് വിഷയം വീണ്ടും ഉന്നയിക്കാൻ എൻസിപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
തീരുമാനം നീണ്ടുപോകുന്നതിൽ തോമസ് കെ. തോമസിനും കടുത്ത അതൃപ്തിയുണ്ട്. അതേസമയം, മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ശരദ് പവാര്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നിലപാട്. മന്ത്രിസ്ഥാനം ഒഴിഞ്ഞാല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവി തനിയ്ക്ക് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും സൂചനയുണ്ട്.