കോട്ടൂളി തണ്ണീർതടം നികത്തലിൽ കർശന നടപടി;മർക്കസ് സ്കൂൾ മാനേജ്മെന്‍റ് തണ്ണീർതടം പൂർവസ്ഥിതിയിലാക്കണമെന്ന് കളക്ടർ

കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിലെ തണ്ണീര്‍തടം നികത്തിലിനെതിരെ കര്‍ശന നടപടി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തിലുളള മര്‍ക്കസ് സ്കൂള്‍, മണ്ണിട്ട് നികത്തിയ തണ്ണീര്‍തടം ഒരാഴ്ചയ്ക്കകം പൂര്‍വസ്ഥിതിയിലാക്കാന്‍ കളക്ടര്‍ സ്നേഹില്‍ കുമാര്‍ ഉത്തരവിട്ടു. കാലിക്കറ്റ് ട്രേ‍ഡ് സെന്‍ററിന്‍റെ പേരിലുളള ഭൂമിയിലെ നിയമലംഘനത്തിനെതിരെയും നടപടിയുണ്ടാകുമെന്ന് കളക്ടര്‍ അറയിച്ചു. നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് നടപടി. 

250 ഏക്കര്‍ വിസ്തൃതിയില്‍ കോഴിക്കോട് നഗരത്തില്‍ പരന്നുകിടക്കുന്ന തണ്ണീര്‍തടത്തില്‍ കയ്യേറ്റവും അനധികൃത നിര്‍മാണവും വ്യാപകമെന്ന പരാതികള്‍ പഴക്കമുളളതാണെങ്കിലും അടുത്തിടെയാണ് പ്രതിഷേധം ശക്തമായത്. ഉന്നത ബന്ധങ്ങളുടെ തണലില്‍ തണ്ണീര്‍തടം നികത്തുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മര്‍ക്കസ് സ്കൂളിനോട് ചേര്‍ന്നുളള ഭാഗത്തെ നിയമലംഘനവും പുറത്ത് വന്നത്.  ഇവിടം നികത്താനുപയോഗിച്ച മണ്ണുമാന്തി യന്ത്രം തടഞ്ഞുവെച്ച് നാട്ടുകാര്‍ റവന്യൂ പൊലീസ് അധികാരികളെ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലം സന്ദര്‍ശിച്ച് നിയമലംഘനം നേരിട്ട് ബോധ്യപ്പെട്ട ജില്ലാ കളക്ടര്‍ ഇന്ന് ഹിയറിംഗിനായി ഭൂമിയുടെ ഉടമയായ കാന്തപുര അബൂബക്കര്‍ മുസലിയാര്‍ക്കും മണ്ണുമാന്തി യന്ത്രത്തിന്‍റെ ഉടമയായ ഷറഫുദ്ദിനും നോട്ടീസ് നല്‍കിയെങ്കിലും ഷറഫുദ്ദീന്‍ മാത്രമാണ് എത്തിയത്. രേഖകള്‍ പരിശോധിച്ച് നിയമലംഘനം സ്ഥിരീകരിച്ചതോടെ ഒരാഴ്ചയ്ക്കം തണ്ണീര്‍തടം പൂര്‍വസ്ഥതിയില്‍ ആക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. ഇല്ലാത്ത പക്ഷം ജില്ലാ ഭരണകൂടം സ്വന്തമായി മണ്ണ് നീക്കും.  ഭൂവുടമയ്ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.

നടന്നത് ഗുരുതര സ്വബാവമുളള കുറ്റകൃത്യമെന്ന് ഇന്നലെ സ്ഥലം സന്ദര്‍ശിച്ചതിനു പിന്നാലെ കളക്ചര്‍ വ്യക്തമാക്കിയിരുന്നു. കനോലി കനാലിന്‍റെ തീരത്ത് തന്നെയുളള കാലിക്കറ്റ് ട്രേഡ് സെന്‍ററും ഇതിന്‍റെ പാര്‍ക്കിംഗ് ഏരിയയും തണ്ണീര്‍തടം നികത്തി നിര്‍മിച്ചതാണെന്ന പരാതിയും ജില്ലാ ഭരണകൂടം പരിശോധിക്കുന്നുണ്ട്. ഇതിലും വൈകാതെ നടപടിയുണ്ടാകുമെന്ന് കളക്ടര്‍ പറഞ്ഞു. കോട്ടൂളി തണ്ണീര്‍തടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡി നടപടിയിൽ ഹൈക്കോടതി ഇടപെടൽ,കുറ്റാരോപിതരുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടരുത്

‘എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല,വല്ലാതെ പേടിച്ചുപോയി’; കൂറ്റൻ ഗേറ്റ് മറിഞ്ഞ് അപകടം, ഞെട്ടൽ മാറാതെ ഗ്രീഷ്മ

 

By admin