തിരുവനന്തപുരം: കോട്ടയം, ഇടുക്കി അടക്കം ആറ് ജില്ലകളുടെ സമഗ്ര വികസനത്തിന് വഴിവയ്ക്കുന്നതും ഇടുക്കിയിലേക്ക് റെയിൽപ്പാത എത്തുന്നതുമായ ശബരി റെയിലിന് വഴിതെളിയുന്നു.
ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ഇതിന് അനുമതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. ആദ്യഘട്ടത്തില്‍ അങ്കമാലി – എരുമേലി – നിലക്കല്‍ പാത പൂര്‍ത്തീകരിക്കും.

നിര്‍മാണ ചെലവിന്‍റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം തുടരും. ഈ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച് കിട്ടാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടും.
റിസർവ് ബാങ്കുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ടെന്ന നിലപാട് സ്വീകരിക്കും. നിലവിൽ സിംഗിൾ ലൈനുമായി മുന്നോട്ട് പോകും.

വികസനഘട്ടത്തിൽ പാത ഇരട്ടിപ്പിക്കല്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്കമാലി മുതൽ എരുമേലി വരെ 110 കിലോമീറ്റർ ദൈർഘ്യമുള്ള ശബരി റെയിൽവേ ലൈൻ 1997-98ലെ റെയിൽവേ ബജറ്റിലെ നിർദ്ദേശമാണ്.

ഈ പദ്ധതിയ്ക്കായി 8 കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂർത്തിയായി. അങ്കമാലിക്കും കാലടിക്കും ഇടയിലുള്ള 7 കിലോമീറ്റർ പാതയുടെ നിർമ്മാണം വളരെ മുമ്പുത്തന്നെ പൂർത്തീകരിച്ചതാണ്.
ഈ ഭാഗത്ത് രണ്ട് മേൽപ്പാലങ്ങളുടെയും രണ്ട് അടിപ്പാതകളുടെയും നിർമ്മാണം വിഭാവനം ചെയ്‌തിരുന്നു. അടുത്ത 70 കിലോമീറ്റർ സ്ഥലമെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

26.09.2019ലെ റെയിൽവേ ബോർഡിന്റെ കത്ത് മുഖാന്തിരം പദ്ധതി മരവിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചു. അതോടെ മേൽപ്പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവച്ചു.

അങ്കമാലി സംസ്ഥാന ശബരി പദ്ധതിയുടെ 50% തുക സർക്കാർ വഹിക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടു. പൂർണമായും റെയിൽവേ ഫണ്ടിൽ തുടങ്ങിയ പദ്ധതിയാണെങ്കിലും 2,815 കോടി രൂപ ചിലവ് കണക്കാക്കിയ പദ്ധതിയുടെ 50% ചിലവ് കിഫ്ബി വഴി വഹിക്കാൻ കേരള സർക്കാർ തയ്യാറാണെന്ന് 07.01.2021ന് കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നിർമ്മാണ ചെലവ് 3,800.93 കോടി രൂപയായി വർധിച്ചു. റെയിൽവേ ബോർഡിൻ്റെ ആവശ്യപ്രകാരം പുതുക്കിയ എസ്റ്റിമേറ്റിനനുസൃതമായി 50% തുക പങ്കിടുന്നതിനുള്ള സന്നദ്ധതക്കുള്ള സ്ഥിരീകരണം സംസ്ഥാന സർക്കാർ നൽകിയെങ്കിലും പദ്ധതി റെയിൽവേ പുനരരുജ്ജീവിപ്പിച്ചിട്ടില്ല.

കേരള വികസനത്തിന് വലിയ കുതിപ്പേകുംവിധം ശബരി റെയിൽ പദ്ധതി വിപുലീകരിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ കേന്ദ്ര സർക്കാരിൻ്റെ പരിഗണനയിലുള്ള ചെങ്ങന്നൂർ – പമ്പ പദ്ധതിക്ക് പകരം വിഴിഞ്ഞത്തെ ബന്ധിപ്പിക്കാവുന്ന പദ്ധതിയായി ഭാവിയില്‍ ഇത് വികസിപ്പിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ മന്ത്രി വി അബ്ദുറഹ്മാന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, എറണാകുളം ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, ഇടുക്കി കലക്ടര്‍ വി. വിഗ്നേശ്വരി കോട്ടയം കലക്ടര്‍ ജോൺ വി സാമുവൽ തുടങ്ങിയവര്‍ പങ്കെടുത്തു
 

By admin

Leave a Reply

Your email address will not be published. Required fields are marked *