കോട്ടയം: അലക്ഷ്യ ഡ്രൈവിങ് മൂലം റോഡപകടങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലയിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ആന്‍ഡ് റിസര്‍ച്ചിന്റെ സബ് സെന്ററുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്.
സസ്‌പെന്‍ഡ് ചെയ്യുന്ന ലൈസന്‍സുകള്‍ തിരികെ നല്‍കുന്നതിനുള്ള മാനദണ്ഡം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് സബ് സെന്റര് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ആലോചിക്കുന്നത്.
പക്ഷേ, സബ് സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പണച്ചിലവും സ്ഥലം കണ്ടെത്തുന്നതിനുള്ള പ്രശ്‌നങ്ങളും പദ്ധതി നടപ്പാക്കുന്നതിനു തടസമാണ്. ഒരു സബ്‌സെന്ററിന് ഒരു കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നിലവില്‍ എടപ്പാളിലാണ് ഐ.ഡി.ടി.ആര്‍ ഉള്ളത്. 2014-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് 25 ഏക്കര്‍ സ്ഥലത്ത് ഐ.ഡി.ടി.ആര്‍. സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
റോഡ് ഉപയോക്താക്കളുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനായി ഡ്രൈവര്‍മാര്‍, ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ഐഡിടിആര്‍, കേരള ശാസ്ത്രീയ പരിശീലന പരിപാടികള്‍ ഇവിടെ നടത്തുന്നുണ്ട്.
അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനം, പി.യു.സി.സി. ടെക്‌നീഷ്യന്‍സ് പരിശീലനം, ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ പരിശീലന കോഴ്‌സ്, ക്രാഷ് പ്രിവന്‍ഷന്‍ കോഴ്സും മറ്റ് ഡ്രൈവര്‍മാരുടെ പരിശീലനവും, ഡ്രൈവര്‍ പെരുമാറ്റവുമായി ബന്ധപ്പെട്ട റോഡ് സുരക്ഷാ വിഷയങ്ങളില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഓഫീസര്‍മാരുടെ പരിശീലനവും ഗവേഷണവുമെല്ലാം ഇവിടെ നടക്കുന്നുണ്ട്.
ഡ്രൈവിങ്ങ് ലൈസൻസ് സസ്പെൻഷന്‍ കാലപരിധി തികച്ചാല്‍ ലൈസന്‍സ് തിരികെ കിട്ടുന്ന രീതി മാറ്റാൻ നേരത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇനി മുതൽ മോട്ടോര്‍ വാഹന വകുപ്പിന്റെ എടപ്പാളിലെ ഐ.ഡി.ടി.ആര്‍ സെന്ററില്‍ അഞ്ചുദിവസ പരിശീലനത്തിന് ഹാജരാകണമെന്ന നിര്‍ദേശമാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് വെച്ചത്.
5000 രൂപയാണ് പരിശീലന ഫീസ്. സമയപരിധി തികച്ചാലും ഐ.ഡി.ടി.ആറില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാലേ ആര്‍.ടി.ഒയോ ജോയന്റ് ആര്‍.ടി.ഒയോ ലൈസന്‍സ് പുനഃസ്ഥാപിക്കൂ.
നിരത്തില്‍ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് വാഹനം പാഞ്ഞുകയറിയതും പാലക്കാട് ദുരന്തവുമവടക്കം മനഃസാക്ഷിയെ മരവിപ്പിക്കുന്ന അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്.
അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കല്‍, അപകടമുണ്ടാക്കല്‍ തുടങ്ങിയ കാരണങ്ങളാലാണ് ലൈസന്‍സ് റദ്ദാക്കുന്നത്. മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ ആണ് സസ്‌പെന്‍ഷന്‍. ഇത് വളരെ ലാഘവത്തോടെ കണ്ട് ഗരുതര ഗതാഗത കുറ്റങ്ങള്‍ക്ക് മുതിര്‍ന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
സബ് സെന്റര് എല്ലാ ജില്ലയിലേക്കും വ്യാപിക്കുന്നതോടെ മികച്ച ഡ്രൈവിങ്ങ് സംസ്കാരം വളർത്തിയെടുക്കാനാകുമെന്നാണ് പ്രതീക്ഷ.