MANIYAR CHENNITHALA: കെ.എസ്ഇബിയുമായി 30 വർഷത്തെ കാരാർ പൂർത്തിയാക്കിയ മണിയാർ ജലവൈദ്യൂതി പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി രമേശ് ചെന്നിത്തല.
ഇതിന്മേൽ കർശനവും വേഗത്തിലുമുള്ള തീരുമാനമുണ്ടാകണം അല്ലാത്ത പക്ഷം, ജനങ്ങളോടും വരാനിരിക്കുന്ന തലമുറയോടും സംസ്ഥാന സർക്കാർ കാണിക്കുന്ന അതീവ ഗുരുതരമായ ക്രമക്കേടും വഞ്ചനയുമായിരിക്കുമെന്ന് ചെന്നിത്തല കത്തിൽ പറയുന്നു .
പദ്ധതിയുടെ ബി.ഒ.ടി കരാർ 25 വർഷത്തേക്കു കൂടി നീട്ടി നൽകാനുള്ള നീക്കമാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് നടക്കുന്നത്. ഇതിനു പിന്നിൽ വൻ അഴിമതിയുണ്ട്, യൂണിറ്റിന് വെറും അൻപത് പൈസ നിരക്കിൽ വൈദ്യുതി ഉലപാദിപ്പിക്കാവുന്ന നിലയമാണ് ആരുടെയൊക്കെയോ സ്വാർത്ഥ ലാഭം നോക്കി സ്വകാര്യ കമ്പനിക്ക് തീറെഴുതാനൊരുങ്ങുന്നതെന്നും ചെന്നിത്തലപറയുന്നു .
‘ഇതു സംബന്ധിച്ച പല തെളിവുകളും രേഖകളും ഇതിനകം ഞാൻ പുറത്തുവിട്ടിട്ടുണ്ട്. നിരവധി കരാർ ലംഘനം നടത്തിയ കമ്പനിക്ക് കരാർ നീട്ടി നൽകുന്നതിനു പിന്നിൽ അഴുമതിയല്ലാതെ മറ്റെന്താണ് ? കരാർ നീട്ടി നൽകുക വഴികെ എസ് ഇ.ബി താത്പര്യമാണോ അതോ സ്വകാര്യ കമ്പനിയുടെ താത്പര്യമാണോ താങ്കൾ സംരക്ഷിക്കുന്നത് എന്നറിയാൻ താത്പര്യമുണ്ട്’ എന്നും ചെന്നിത്തല കത്തിൽ പറയുന്നു.
കാർബോറണ്ടത്തിന് കരാർ നീട്ടി നൽകുന്നതിനെ കെഎസ്ഇബി ശക്തിയുക്തം എതിർത്തതാണ്. കെഎസ്ഇബി ചെയർമാനും, ചീഫ് എഞ്ചിനീയറും ഊർജ സെക്രട്ടറിക്ക് നൽകിയിരുന്ന കത്തിൽ ഈ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത പത്ത് വർഷത്തേക്ക് യാതൊരുവിധ അറ്റകുറ്റപ്പണയും നടത്താതെ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ശേഷിയും, സൗകര്യവും ഈ പ്രോജക്ടിനുണ്ടെന്നും കത്തിൽ പറയുന്നു.
ഈ പ്രോജക്ട് കൈമാറിക്കിട്ടുകയാണെങ്കിൽ അടുത്ത പത്ത് വർഷം കൊണ്ട് ഏതാണ്ട് 140 കോടി രൂപയുടെ പ്രയോജനം വൈദ്യുതി ഉപഭോക്താക്കൾക്ക് കൈമാറാനാകുമെന്ന് കെഎസ്ഇബി തന്നെ സർക്കാരിനെ അറിയിച്ചിട്ടുമുണ്ട്. എന്നിട്ടും സ്വകാര്യ കമ്പനിക്ക് തീറെഴുതാനുള്ള താത്പര്യം ഒരു കാരണവശാലും അംഗീകരിക്കില്ല എന്നും ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.