ഹൈദരാബാദ്: തെലുങ്ക് നടന് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട പോലീസ് നടപടിയെ ന്യായീകരിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പൊലീസ് ചെയ്തത് അവരുടെ ജോലിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39കാരി മരിക്കുകയും പ്രായപൂര്‍ത്തിയാകാത്ത മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത കേസിലാണ് അര്‍ജുനെ അറസ്റ്റ് ചെയ്തത്.
സന്ധ്യ തിയറ്ററിലെ പൊതുജനങ്ങളെ നിയന്ത്രിക്കാന്‍ തെലങ്കാന പോലീസിനെ തിയേറ്ററില്‍ വിന്യസിച്ചിരുന്നു. എന്നാല്‍ പ്രീമിയറിന് മുന്നോടിയായി അല്ലു അര്ജുന് തിയേറ്ററിലെത്തിയതോടെ സ്ഥിതിഗതികള്‍ വഷളാവുകയും തിക്കും തിരക്കും ഉണ്ടാകുകയും ചെയ്തു
അല്ലു അര്ജുന് സിനിമ കണ്ട് വെറുതെ പോവുകയായിരുന്നില്ല. തന്റെ സിനിമയുടെ റിലീസ് ആഘോഷിക്കുന്ന ആരാധകരെ അഭിവാദ്യം ചെയ്ത് അദ്ദേഹം കാറിന്റെ സണ്‍റൂഫില്‍ നിന്ന് പുറത്തിറങ്ങി. ഇതോടെ സ്ഥിതിഗതികള്‍ വഷളായി.
അല്ലു അര്‍ജുന്റെ ഭാര്യ അല്ലു സ്നേഹ റെഡ്ഡി എന്റെ ബന്ധുവാണെങ്കിലും നടനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിന് ഇടയില്‍ കുടുംബബന്ധം വരാന്‍ താന്‍ അനുവദിച്ചില്ലെന്നും രേവന്ത് റെഡ്ഡി അവകാശപ്പെട്ടു
നടന്റെ അറസ്റ്റിനെ കുറിച്ച് ഇത്രയധികം ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും തിക്കിലും തിരക്കിലും പെട്ട് ഇരയായ യുവതിയെയും കുടുംബത്തെയും കുറിച്ച് ആരും ഒന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
‘ഒരു പാവപ്പെട്ട കുടുംബത്തിന് അംഗത്തെ നഷ്ടപ്പെട്ടു, സ്ത്രീയുടെ മകന് ഇപ്പോഴും ആശുപത്രിയിലും കോമയിലുമാണ്, കോമയില്‍ നിന്ന് പുറത്തുവരുമ്പോള്‍, അമ്മയില്ലാത്ത ജീവിതം ആ കുഞ്ഞിന് ജീവിക്കേണ്ടിവരും,’ രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
ഇവിടെയുള്ള സിനിമ താരങ്ങള്‍ പണം സമ്പാദിക്കും. സാധാരണക്കാര്‍ക്ക് അതില്‍ കാര്യമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു
ഇഷ്ട തെലുങ്ക് നടനെ കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ തന്നെ ഒരു താരമാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞാന്‍ ആരുടെയും ആരാധകനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.