കോട്ടയം: സ്‌കൂളിലേക്കു വിടുന്ന മക്കൾ തിരിച്ചെത്തുന്നതു ഭാഗ്യം കൊണ്ടും വീട്ടുകാരുടെ പ്രാർഥനകൊണ്ടും മാത്രം, സമീപകാലങ്ങളിൽ കേരളത്തിൽ നടന്ന അപകടങ്ങൾ വിരൽ ചൂണ്ടുന്നത് അപകടങ്ങളിൽപ്പെടുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നു എന്നതാണ്. 

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെടുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു.  

വിദ്യാർഥികളോ മറ്റുള്ളവരോ റോഡ് മുറിച്ചു കടക്കുന്നതു കണ്ടാൽ വേഗത കുറച്ചു വാഹനം നിർത്തി കാൽനട യാത്രക്കാരെ കടന്നു പോകാൻ അനുവദിക്കാതെ വാഹനത്തിന്റെ വേഗത കൂട്ടി മറികടക്കാൻ ശ്രമിക്കുന്നതാണ് അപകടങ്ങൾക്കു കാരണം. 
റോഡിൽ വാഹനങ്ങളെക്കാൾ കൂടുതൽ പരിഗണന കാൽനട യാത്രക്കാർക്കു നൽകണമെന്നതു ഡ്രൈവിങ്ങ് പഠിക്കുമ്പോൾ ആദ്യം പറഞ്ഞു പഠിക്കുക. 
എന്നാൽ, ഡ്രൈവിങ് ലൈസൻസ് കിട്ടിയാൽ പഠിച്ചതെല്ലാം മറക്കും. നിരത്തിലൂടെ അതിവേഗം കുതിച്ചു പായും.
ഇതോടെ പലപ്പോഴും റോഡ് ഒന്നു മുറിച്ചു കടക്കണമെങ്കിൽ പത്തും പതിനഞ്ചും മിനിറ്റ് കാത്തു നിൽക്കേണ്ട അവസ്ഥയുണ്ട്. 
സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചാൽ പലപ്പോഴും റോഡിന്റെ മറുകര എത്തുമോ ആശുപത്രിയിൽ എത്തുമോ എന്നു ഉറപ്പു പറയാൻ കഴിയാത്ത സ്ഥിതിയാണ് ഇന്നുള്ളത്.
ഭീതി ഉയർത്തി പായുന്ന വാഹനങ്ങൾ
നിരത്തുകളിലൂടെ പായുന്ന വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്.
നാലു ദിവസം മുൻപു ഭരണങ്ങാനത്തു സ്‌കൂൾ ബസ് ഇടിച്ചാണു റോഡ് മുറിച്ചു കടന്ന വയോധികനു ജീവൻ നഷ്ടമായത്.
വയോധികന്റെ തലയിലൂടെ കയറിയിറങ്ങിയ ബസ് ഏറെ ദൂരം മുന്നോട്ടു പോയ ശേഷമാണു നിന്നത്.
കോഴിക്കോട് ചെറുവണ്ണൂരിൽ റോഡ് മുറിച്ചു കടന്ന വിദ്യാർഥിനിയെ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചത് ജൂണിലാണ്.
ചെറുവണ്ണൂർ സ്‌കൂളിനു സമീപമാണ് അപകടം നടന്നത്. ഇരുവശവും നോക്കി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണു പാഞ്ഞെത്തിയ ബസ് വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ചത്.
തൊട്ടടുത്ത മാസം വടകരയിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന മടപ്പള്ളി ഗവ. കോളജ് വിദ്യാർഥികളായ മൂന്നു പേരെയാണു സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തിയത്.
മൂന്നു മാസം മുൻപു തൃശൂർ മാളയിൽ സീബ്രാലൈനിൽ വെച്ചു സകൂട്ടർ ഇടിച്ചു വിദ്യാർഥിക്കു പരുക്കേറ്റിരുന്നു.
എം.സി. റോഡിൽ കുളക്കട വായന ശാലയ്ക്കു സമീപം ഇടുക്കി സ്വദേശിനി മരിച്ചത് ഒരുവർഷം മുൻപാണ്.

സീബ്രാലൈന്റെ മറുവശത്തേക്കു നടക്കുമ്പോൾ അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ചു യുവതി മരിക്കുകയായിരുന്നു.  

പലപ്പോഴും വിദ്യാർഥികൾ ഓടി മാറുന്നതാണ് അപകടങ്ങൾ ഒഴിവാകാൻ കാരണം.
എന്നാൽ, ഇത്തരത്തിൽ ഓടി രക്ഷപെടാൻ ശ്രമിക്കുമ്പോൾ മറ്റു വാഹനം ഇടിച്ചു മരണം വരെ സംഭവിക്കാം.
സീബ്രാ ക്രോസിങ്ങിലെ ഡ്രൈവിങ്
കൺട്രോൾഡ് ക്രോസിങ്, അൺ കൺട്രോൾഡ് ക്രോസിങ് എന്നിങ്ങനെ സീബ്രാ ക്രോസിങ്ങിനെ പ്രധാനമായും രണ്ടായാണു തരംതിരിച്ചിരിക്കുന്നത്. 
ഇതിൽ കൺട്രോൾഡ് ക്രോസിങ് സിഗ്‌നൽ സംവിധാനം അനുസരിച്ചു പ്രവർത്തിക്കുന്നതാണ്.
ഇതിൽ കാൽനട യാത്രക്കാർക്കായി സമയം അനുവദിക്കുന്നുണ്ട്. പച്ച ലൈറ്റ് തെളിഞ്ഞാൻ മാത്രമേ റോഡ് മുറിച്ചു കടക്കാവൂ. ഇത്തരം ജങ്ഷനുകളിൽ അപകടവും കുറവാണ്.
എന്നാൽ, അൺ കൺട്രോൾഡ് സീബ്രാ ക്രോസിങ്ങിൽ വാഹനം വരുന്നുണ്ടോയെന്നു നോക്കി ക്രോസ് ചെയ്യാനുള്ള സാഹചര്യം വിലയിരുത്തി റോഡ് മുറിച്ച് കടക്കാൻ.
പക്ഷേ,സീബ്രാ ലൈനിലൂടെ ആളുകൾ നടക്കുമ്പോൾ തന്നെ അവരെ വെട്ടിച്ചു വാഹനവുമായി പോകുന്ന കാറുകളും ബൈക്കുകളും ഓട്ടോറിക്ഷകളും അപകടങ്ങൾ സൃഷ്ടിക്കുന്നത് പതിവാണ്. 

നഗരപ്രദേശങ്ങളിൽ നിന്നു മാറിയുള്ള നൽകിയിട്ടുള്ള സീബ്രാ ലൈനുകളിൽ കാൽനട യാത്രക്കാർക്കു മറുകരയെത്തണമെങ്കിൽ ഭാഗ്യം തുണയ്ക്കണം. അല്ലാത്ത പക്ഷം ആശുപത്രിലാകും യാത്ര അവസാനിക്കുക. 

കാൽനടയാത്രക്കാർക്കു റോഡ് മുറിച്ചു കടക്കുന്നതിനായി നൽകിയിട്ടുള്ളതാണു സീബ്രാ ക്രോസിങ്.
ഇത് ഉപയോഗിക്കുന്നതിനു പാലിക്കേണ്ട രീതികൾ കാൽനട യാത്രക്കാരും പാലിക്കാറില്ല. 
വാഹനങ്ങൾക്കു പോകുന്നതിനായി പച്ചലൈറ്റ് കത്തുമ്പോൾത്തന്നെ റോഡ് മുറിച്ചുകടക്കുന്നതു ശരിയായ രീതിയല്ല.

അലക്ഷ്യമായി മൊബൈൽ ഫോണിൽ സംസാരിച്ച് റോഡ് മുറിച്ചുകടക്കുന്നതും നിയമവിരുദ്ധമാണ്. 

ഇരുവശത്തുനിന്നും വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വേണം റോഡ് മുറിച്ചുകടക്കേണ്ടത്.
ട്രാഫിക് ബോധവത്കരണത്തിന്റെ കുറവാണ് ഇത്തരത്തിലുള്ള പ്രവണതകൾക്ക് കാരണം. 
ചെറിയ കുട്ടികളുമായി പോലും വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള സമയത്ത് റോഡ് ക്രോസ് ചെയ്യുന്നതും പതിവ് കാഴ്ചയാണ്.   
ഫൂട്പാത്ത് കച്ചവടക്കാർക്ക് സ്വന്തം
ഒട്ടുമിക്ക പ്രധാന പാതകളിലും ഫൂട്ട്പാത്ത് നൽകിയിട്ടുണ്ട്. പക്ഷേ, ഈ ഫുട്പാത്തുകൾ പലതും കാൽനട യാത്രക്കാർക്ക് ഉപയോഗിക്കാൻ പറ്റില്ല.
വ്യാപാര സ്ഥാപനങ്ങൾ തങ്ങളുടെ ഡിസ്‌പ്ലേ ബോർഡുകൾ റോഡിലേക്ക് ഇറക്കി വെക്കുന്നതോടെ സ്‌കൂൾ കുട്ടികൾ ഉൾപ്പടെയുള്ളവർ റോഡിലേക്കിറങ്ങി നടക്കേണ്ട അവസ്ഥയുണ്ട്. 
കോട്ടയം എസ്.എച്ച് മൗണ്ട് ജങ്ഷനിൽ ഫുട്പാത്ത് കെട്ടിയടച്ച സംഭവം ഉണ്ട്. മാസങ്ങളായി ഇങ്ങനെ ചെയ്തിട്ട്.
നഗരസഭാ അധ്യക്ഷ മുതൽ പോലീസ് ഉദ്യോഗസ്ഥർ വരെ ഇതിനു മുന്നിലൂടെയാണു കടന്നു പോകുന്നത്. 
പക്ഷേ, ഇന്നേവരെ കണ്ട ഭാവം നടിച്ചിട്ടില്ല. ഇതോടെ സ്‌കൂൾ കുട്ടികൾ ഉൾപ്പടെ എം.സി. റോഡിലേക്കിറങ്ങിയാണു നടക്കുന്നത്.
ഇതു ഒറ്റപ്പെട്ട സംഭവമല്ല. ഫൂട്ട്പാത്തിലൂടെ പാഞ്ഞുവരുന്ന ബൈക്കുകളെ പേടിച്ചുവേണം കാൽനട യാത്രക്കാർ വഴി നടക്കാൻ.
എലിയെ പേടിച്ച് ഇല്ലം ചുടുന്ന എം.വി.ഡി.
അപകടങ്ങൾ വർധിച്ചാൽ ഉടൻ ബസിന്റെ നിറം മാറ്റിക്കുക, സ്വന്തം വാഹനം ആർ.സി. ഉടമ അല്ലാതെ ഓടിക്കെരുതെന്നു നിർദേശം നൽകുക, തുടങ്ങി വിദഗ്ധ നിർദേശങ്ങളാണു മോട്ടോർ വാഹന വകുപ്പിൽ നിന്നു ലഭിക്കുന്നത്. 

എന്നാൽ, അപകടം കുറയ്ക്കാൻ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നു ചോദിച്ചാൽ കുറച്ചു പദ്ധതികളുടെ പേരും ഇത്തരം വിചിത്ര നടപടിയും മാത്രം മറുപടിയായി ലഭിക്കും.  

 
എന്നിട്ട് അപകടങ്ങൾ കുറഞ്ഞോ എന്നു ചോദിച്ചാൽ മറുപടിയുമില്ല. ഇത്തരത്തിൽ തികച്ചും അൺപ്രഫഷണലായ ഡിപ്പാർട്ടുമെന്റാണ് മോട്ടോർ വാഹന വകുപ്പ്.
ഏതു കേസുകൾ ഉണ്ടായാലും കർശന നടപടി സ്വീകരിക്കുമെന്നുള്ള പതിവു പല്ലവിയാണു മോട്ടോർ വാഹന വകുപ്പിൽ നിന്ന് ഉണ്ടാകുന്നത്. 
പരമാവധി മൂന്നു മാസത്തേക്ക് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയോ ബസിന്റെ ഫിറ്റ്‌നെസ് കുറച്ച് നാളത്തേക്ക് റദ്ദാക്കുകയോ ആണു നിയമം അനുസരിച്ച് പോലും നടക്കുന്നവരെ ഇടിച്ച് തെറിപ്പിക്കുന്നവർക്ക് ലഭിക്കുന്ന ശിക്ഷ. 
മനഃപൂർവ്വം ഒരാളെ ഇടിപ്പിക്കുന്നതാണെന്ന വിമർശനം ഒന്നും ഉയർത്തുന്നില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed