ഡല്‍ഹി: ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്ന് വിഎച്ച്പി പരിപാടിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെതിരെ രാജ്യസഭ സെക്രട്ടറി ജനറലിന് ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കി പ്രതിപക്ഷ എംപിമാര്‍.
55 പ്രതിപക്ഷ എംപിമാരാണ് പ്രമേയത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്. പൊതുസ്ഥലത്ത് തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിച്ച ജസ്റ്റിസ് യാദവ്, ജഡ്ജി എന്ന നിലയില്‍ പരിധി മറികടന്നെന്നും, അത് ഗുരുതരമായ ലംഘനമാണെന്നും ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ആരോപിക്കുന്നു.
കപില്‍ സിബലിന്റെ നേതൃത്വത്തിലാണ് നോട്ടീസ് രാജ്യസഭ സെക്രട്ടറി ജനറലിന് കൈമാറിയിട്ടുള്ളത്. പ്രസംഗം വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നുവെന്നും ഭരണഘടനയുടെ മതേതര മൂല്യങ്ങളെ ലംഘിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു
സിറ്റിങ് ജഡ്ജിമാര്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായോ രാഷ്ട്രീയ പാര്‍ട്ടികളുമായോ ഒരു ബന്ധവും പാടില്ല. ഹൈക്കോടതികളിലെ സിറ്റിംഗ് ജഡ്ജിമാര്‍ക്ക് ബന്ധം സ്ഥാപിക്കാന്‍ യാതൊരു അടിസ്ഥാനവുമില്ല.
ന്യൂനപക്ഷ സമുദായത്തിനെതിരെ ഇത്രയും പക്ഷപാതപരവും മുന്‍വിധിയോടെയുള്ള നിലപാട് പരസ്യമായി പ്രകടിപ്പിച്ച ജഡ്ജിയുടെ കോടതിയില്‍ നിന്നും ഒരു വ്യവഹാരിക്കും നിഷ്പക്ഷമായ നീതി പ്രതീക്ഷിക്കാനാവില്ല എന്നും പ്രമേയത്തില്‍ പറയുന്നു.