തിരുവനന്തപുരം: പ്രതിഷേധം, പ്രകടനം, സമ്മേളനം എന്നിവയ്ക്കടക്കം  രാഷ്ട്രീയ പാർട്ടികളും സംഘടനകളും റോഡും നടപ്പാതയും കയ്യേറരുതെന്ന് ഉത്തരവ് അതിശക്തമായി നടപ്പാക്കാൻ ഹൈക്കോടതി.
തിരുവനന്തപുരം വഞ്ചിയൂരിൽ സി.പി.എം പാളയം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി റോഡിൽ സ്റ്റേജ് കെട്ടുകയും ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുകയും ചെയ്ത സംഭവത്തെ തുടർന്നാണ് ഹൈക്കോടതിയുടെ നടപടി.

2021 നവംബറിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് അതിശക്തമായി നടപ്പാക്കിയെടുക്കാനാണ് നീക്കം. കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാത്ത തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കെതിരേ നടപടിയുണ്ടാവും.

കൊല്ലത്ത് ഓവർ ബ്രിഡ്ജിലേതടക്കം പരസ്യ ബോർഡുകളും ഫ്ലക്സുകളും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടപെടലിനെത്തുടർന്ന് ഒരു മണിക്കൂറിനകം കോർപറേഷൻ നീക്കിയിരുന്നു.
വഞ്ചിയൂരിൽ റോഡ് അടച്ച് സ്റ്റേ‌ജ് കെട്ടിയതിൽ ഹൈക്കോടതി ഡിജിപിയുടെ വിശദീകരണം തേടിയിരിക്കുകയാണ്.

മൈക്ക് ഓപ്പറേറ്റർക്കെതിരേ മാത്രം കേസെടുത്തതിനെ വിമർശിച്ച കോടതി സ്റ്റേജിലുണ്ടായിരുന്നവരുടെ പേരു വിവരങ്ങൾ സമർപ്പിക്കാൻ കോടതിയിൽ ഹാജരായ വഞ്ചിയൂർ എസ്.എച്ച്.ഒയോട് നിർദ്ദേശിച്ചിരിക്കുകയാണ്.

റോഡിൽ ഗതഗാത തടസമുണ്ടാക്കിയുള്ള പന്തൽ, സ്റ്റേജ് കെട്ടൽ പാടില്ലെന്ന സുപ്രീംകോടതിയുടേത് ഉൾപ്പെടെയുള്ള വിധികൾ നടപ്പാക്കാൻ സർക്കാരും പിഡബ്ല്യുഡിയും ദേശീയപാത അതോറിറ്റിയും നടപടിയെടുക്കണമെന്നാണ് നിർദ്ദേശം.
അംഗപരിമിതരും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ കാൽനടക്കാരുടെയും സൈക്കിൾ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കണം. റോഡും നടപ്പാതകളും സംഘടനകൾക്കു ഷെഡ് കെട്ടാനുള്ളതല്ല. പ്രചാരണങ്ങളും പ്രകടനങ്ങളും നടത്താനുള്ള ഇടമല്ല അത്.

കച്ചവട സാധനങ്ങൾ കടകൾക്കു മുന്നിൽ നടപ്പാതയിൽ നിരത്തിവച്ചു പ്രദർശിപ്പിക്കുന്നതും അനുവദനീയമല്ല. കാൽനടക്കാർക്കു തടസ്സമായി റോഡിലും നടപ്പാതകളിലുമുള്ള കയ്യേറ്റങ്ങൾ തടയണമെന്നു ഹൈക്കോടതി നി‌ർദ്ദേശിച്ചിരുന്നു.

പൊതുവഴിയിൽ യോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച് സംസ്ഥാനത്തു നിയമമുണ്ട്. റോഡിലും പാതയോരങ്ങളിലും അനധികൃത നിർമ്മിതികൾ പാടില്ലെന്നു സുപ്രീംകോടതി വിധിയുണ്ട്.

അനധികൃത ഹോർഡിങ്ങുകളും പരസ്യ ബോർഡുകളും ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്. റോഡിലും പാതയോരങ്ങളിലും പ്രതിമയും മറ്റും വയ്ക്കുന്നതു സുപ്രീംകോടതി വിലയിക്കിയിട്ടുണ്ട്.
കാൽനടക്കാർക്കു സൗകര്യങ്ങളൊരുക്കാൻ തദ്ദേശ സ്ഥാപനങ്ങളെ ബാധ്യതപ്പെടുത്തുന്ന കോടതി വിധിയുമുണ്ട്. എന്നിട്ടും കോടതി വിധികൾ നടപ്പാക്കാനോ ഇന്ത്യൻ റോഡ്സ് കോൺഗ്രസിന്റെ മാർഗനിർദേശങ്ങൾ ഉറപ്പാക്കാനോ സർക്കാർ നടപടിയെടുക്കുന്നില്ല. റോഡിന്റെ ചുമതലക്കാർ കോടതി വിധികളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്നാണ് ഉത്തരവ്.

വഞ്ചിയൂരിൽ റോഡ് അടച്ച് സ്റ്റേജ് കെട്ടിയ നേതാക്കളുടേയും നാടകം കളിച്ചവരുടേയും പേരിൽ കേസെടുക്കാത്തതെന്തെന്നും ഗതാഗതതടസം നോട്ടീസില്ലാതെ പൊളിച്ചുനീക്കാൻ അധികാരമുള്ള കോർപ്പറേഷൻ അനങ്ങാതിരുന്നതെന്തെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് അതിരൂക്ഷമായ വിമർശനമുന്നയിച്ചു.

വഞ്ചിയൂർ – ഉപ്പിടാംമൂട് റോഡിന്റെ ഒരു വശം അപ്പാടെ തടസപ്പെടുത്തിയാണ് സി.പി.എം സമ്മേളനം നടന്നത്. സ്കൂൾ വാഹനങ്ങളും നവജാതശിശുവുമായി വന്ന കാറും ജില്ലാ ആശുപത്രിയിലേക്ക് രോഗികളുമായി പോയ വാഹനങ്ങളുമടക്കം കുരുക്കിൽപ്പെട്ടു.  
ജില്ലാ കോടതിക്ക് മുന്നിലായിരുന്നു ഈ നിയമവിരുദ്ധമായ നടപടി. പന്തലും കസേരകളും നീക്കം ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും പാർട്ടി നേതാക്കൾ അനങ്ങിയില്ല.

ഹൈക്കോടതി കേസെടുത്ത് ശക്തമായ നടപടി തുടങ്ങിയപ്പോൾ തെറ്റുപറ്റിയെന്ന് ഏറ്റുപറഞ്ഞ് സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി രംഗത്തെത്തിയിരുന്നു.

ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ സംഭവം വീഴ്ചയായിപ്പോയെന്നും പ്രത്യേക സാഹചര്യത്തിലാണ് അത്തരത്തിൽ സ്റ്റേജ് തയ്യാറാക്കേണ്ടി വന്നതെന്നും അത് ഒഴിവാക്കേണ്ടതായിരുന്നെന്നും ജോയി തുറന്നുപറഞ്ഞിരുന്നു.

യഥാർത്ഥത്തിൽ മെയിൻ റോഡ് തടഞ്ഞിരുന്നില്ല. പാർക്കിംഗിനായി ഉപയോഗിക്കുന്ന ഉപ പാതയിലാണ് പാളയം ഏരിയ സമ്മേളനത്തിനായി വേദി കെട്ടിയത്.  
സ്മാർട്ട് സിറ്റി വികസനത്തിന്റെ ഭാഗമായി ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്ന് വഞ്ചിയൂരിലേക്കുള്ള റോഡും അടച്ചിരിക്കുകയായിരുന്നു. അതിനാൽ വലിയ ട്രാഫിക് പ്രശ്നം അപ്പോൾ ഈ ഭാഗത്തുണ്ടായിരുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് സ്റ്റേജ് കെട്ടിയതെന്നും ജോയി പറഞ്ഞു.

എന്നാൽ വീഡിയോയിൽ വളരെ നീളത്തിലുള്ള ഗതാഗത കുരുക്കും ആംബുലൻസടക്കം കുടുങ്ങിയതും റോഡിന്റെ ഒരുവശം കെട്ടിയടച്ച് സ്റ്റേജ് കെട്ടിയതുമെല്ലാം വ്യക്തമാണ്.

ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വന്നതിന് പിന്നാലെ 31 പേർക്കെതിരെ കേസെടുത്തിരുന്നു. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്.
പുതുതായി പ്രതി ചേർത്തതിൽ പാളയം ഏരിയകമ്മിറ്റി അംഗങ്ങൾ മുഴുവൻ ഉണ്ട്. പന്തൽ കെട്ടിയവരടക്കമുള്ളവരെയും പ്രതിചേർത്തിട്ടുണ്ട്.
പരിപാടിയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ടെങ്കിലും അവരെ പ്രതി ചേർക്കേണ്ടതില്ല എന്നാണ് വഞ്ചിയൂർ പോലീസിന്റെ തീരുമാനം. ഹൈക്കോടതിയുടെ ഉത്തരവുണ്ടായാലേ നേതാക്കളെയടക്കം കേസിൽ പ്രതിയാക്കൂ. 
സി.പി.എമ്മിന്റെ റോഡ് അടയ്ക്കലിന് പിന്നാലെ സി.പി.ഐ സംഘടനയായ ജോയിന്റ് കൗൺസിലും സെക്രട്ടേറിയറ്റിന് മുന്നിൽ ഗതാഗതം തടസപ്പെടുത്തി രാപ്പകൽ സമരം നടത്തിയിരുന്നു. ഇതിൽ 100 പേർക്കെതിരെയാണ് കേസെടുത്തത്. 
സി.പി.ഐ സംഘടന ഫുട്പാത്ത് ഉൾപ്പെടെ കൈയ്യേറി പന്തൽ കെട്ടി. സമരത്തിനെത്തിയവർ റോഡിലിറങ്ങി നിന്നതോടെ ഗതാഗതം തടസപ്പെട്ടു.
സെക്രട്ടേറിയറ്റിന് മുൻവശത്തെ തിരക്കേറിയ എം.ജി റോഡിലായിരുന്നു ഈ അരക്ഷിതാവസ്ഥ അരങ്ങേറിയത്. എല്ലാറ്റിനും കാഴ്ചക്കാരായി പോലീസ് കൈയ്യും കെട്ടി നിൽക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *