ചന്ദ്രനില്‍ ഇടിച്ചിറങ്ങി ഭീമന്‍ ഉല്‍ക്ക; ഫ്ലാഷ്‌ലൈറ്റ് പോലെ പൊട്ടിത്തെറി ക്യാമറയില്‍ പതിഞ്ഞു!
ടോക്കിയോ: ഭൂമി ഈ വര്‍ഷത്തെ ഏറ്റവും വലിയ ഉല്‍ക്കാ മഴയായ ജെമിനിഡ് ഉല്‍ക്കാവര്‍ഷത്തിന്‍റെ ദിനങ്ങളിലാണ്. ഇതിനിടെ ചന്ദ്രനില്‍ നിന്ന് ഉള്‍ക്കയുടെ ഒരു വാര്‍ത്തയെത്തിയിരിക്കുകയാണ്. ചന്ദ്രന് സമീപം പെടുന്നനെ ദൃശ്യമായ ഒരു ജ്വാല ക്യാമറയില്‍ പകര്‍ത്തപ്പെട്ടതാണ് ചന്ദ്രനിലെ ഉല്‍ക്കാപതനം തെളിയിക്കുന്നത് എന്ന് സ്പേസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
ജപ്പാനിലെ ഹിരാറ്റ്‌സൂക്ക സിറ്റി മ്യൂസിയത്തിലെ ഡൈച്ചി ഫ്യൂജി എന്നയാളാണ് ചന്ദ്രനില്‍ പതിച്ച ഉല്‍ക്കയെ ഹൈ-എന്‍ഡ് ക്യാമറയില്‍ 360 ഫ്രെയിം പെര്‍ സെക്കന്‍ഡില്‍ പകര്‍ത്തിയത്. ഡിസംബര്‍ എട്ടിന് പ്രാദേശിക സമയം 22.34നാണ് ഈ ജ്വാല ചിത്രീകരിച്ചത് എന്ന് ഫ്യൂജി പറയുന്നു. ചന്ദ്രോപരിതലത്തില്‍ ഉള്‍ക്ക പതിച്ചതായാണ് ഈ ദൃശ്യം സൂചിപ്പിക്കുന്നത്. ഇത് ഉല്‍ക്കാ പതനം തന്നെയെന്ന് വിവിധ ടെലസ്‌കോപ്പുകളുടെ സഹായത്തോടെ നടത്തിയ പരിശോധന തെളിയിക്കുന്നു. ഭൂമിയില്‍ നിന്ന് ഈ ദിവസങ്ങളില്‍ കാണാനാവുന്ന ജെമിനിഡ് ഉല്‍ക്കാ മഴയുമായി ഇതിന് ബന്ധമുള്ളതായി വിലയിരുത്തുന്നവരുണ്ട്. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല. ഇതിന് മുമ്പും ചന്ദ്രനിലെ ഉല്‍ക്കാ പതനം പകര്‍ത്തിയിട്ടുള്ളയാളാണ് ഡൈച്ചി ഫ്യൂജി.
今夜はもう1つ月面衝突閃光がありました。2024年12月8日22時34分35秒に自宅から360fpsで撮影し(スロー再生)、複数台の望遠鏡で確認できました。連日明るい流星や火球が流れていますが、月面衝突閃光も続けて捉えられています。 pic.twitter.com/iHUq9EuXQg
— 藤井大地 (@dfuji1) December 8, 2024
എന്താണ് ജെമിനിഡ് ഉല്‍ക്കാവര്‍ഷം?
മണിക്കൂറില്‍ 120 ഉല്‍ക്കകള്‍ വരെ മാനത്ത് പെയ്യുന്ന അപൂര്‍വതയാണ് ജെമിനിഡ് ഉല്‍ക്കാവര്‍ഷം. ഈ വര്‍ഷം ഡിസംബര്‍ 12നും 13നുമാണ് ജ്യോതിശാസ്ത്ര ലോകത്തിന്‍റെ എല്ലാ കണ്ണുകളും കൂര്‍പ്പിക്കുന്ന ജെമിനിഡ് ഉല്‍ക്കാവര്‍ഷം ഭൂമിയില്‍ നിന്ന് കാണാനാവുക. ഏറ്റവും തെളിച്ചവും വേഗമുള്ളതുമായ ഉല്‍ക്കാവര്‍ഷം എന്നാണ് ജെമിനിഡിന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നല്‍കുന്ന വിശേഷണം. പ്രത്യേക ടെലസ്കോപ്പുകളോ ബൈനോക്കുലറുകളോ ഇല്ലാതെ നഗ്ന നേത്രങ്ങള്‍ കൊണ്ട് ജെമിനിഡ് ഉല്‍ക്കാവര്‍ഷം മനുഷ്യര്‍ക്ക് ആസ്വദിക്കാം.
സാധാരണ ഉല്‍ക്കകള്‍ ധൂമകേതുക്കളുമായി ബന്ധപ്പെട്ടതാണെങ്കില്‍ ജെമിനിഡ് ഉല്‍ക്കാവര്‍ഷം 3200 ഫേത്തോണ്‍ എന്ന ഛിന്നഗ്രഹത്തിന്‍റെ അവശിഷ്ടങ്ങള്‍ കാരണം സംഭവിക്കുന്നതാണ്. മണിക്കൂറില്‍ 241,000 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഉല്‍ക്കകള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക. ഇവ അന്തരീക്ഷത്തില്‍ വച്ച് കത്തിയമരുമ്പോള്‍ വെള്ള, മഞ്ഞ, പച്ച, നീല, ചുവപ്പ് നിറങ്ങള്‍ സൃഷ്ടിക്കും.