കഴിഞ്ഞ സെപ്റ്റംബർ മാസം മുതൽ ആര്‍സി ബുക്ക്, ലൈസൻസ് ഒന്നും പ്രിന്റ് ചെയ്യുന്നില്ല. പതിനായിരങ്ങളാണ് ഇതുമൂലം വിഷമിക്കുന്നത്.
പലർക്കും വാഹനം കൈമാറ്റം ചെയ്യാനോ വിൽക്കാനോ കഴിയുന്നില്ല. ആര്‍സി ബുക്ക് പ്രിന്റ് ചെയ്യാനുള്ള പേപ്പർ സർക്കാർ ലഭ്യമാക്കുന്നില്ല എന്നാണ് പരാതി.
തേവരയിലെ കെഎസ്ആര്‍ടിസി ബിൽഡിങ്ങിലുള്ള പ്രിന്റിങ്ങ് പ്രസ്സിൽ ജീവനക്കാർക്ക് നാളുകളായി ഒരു ജോലിയുമില്ല.
ആളുകളോട് ഓഫീസ് ചെലവിനും, പ്രിന്റിങ്ങിനും, സ്പീഡ് പോസ്റ്റിനുമുള്ള പണം 245 രൂപ മുൻകൂർ വാങ്ങി യാണ് ആര്‍സി ബുക്കിനപേക്ഷിക്കുന്നത്. ഹൈപ്പോതിക്കേഷന്‍ ക്യാൻസൽ ചെയ്യുന്നതിനും ഇതുതന്നെയാണ് ഫീസ്.
പതിനായിരക്കണക്കിന് ആളുകൾ മുൻകൂറായി നൽകിയ ഈ പണമെല്ലാം എവിടെപ്പോയി ?
ട്രാൻസ്‌പോർട്ട് വകുപ്പിൽ വിപ്ലവകരമായ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുമെന്ന് ഗീർവാണം മുഴക്കി മന്ത്രിയായ ഗണേഷ്‌കുമാർ ഈ വിഷയത്തിൽ ഇന്നുവരെ നാവനക്കിയിട്ടില്ല.
ഭൂമിക്ക് താഴെ യുള്ള എല്ലാ വിഷയങ്ങളിലും ചാടിക്കേറി അഭിപ്രായം പറയുന്ന വ്യക്തിയാണദ്ദേഹം.
70 വയസ്സ് കഴിഞ്ഞവർക്കുള്ള 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം മറ്റു സംസ്ഥാനങ്ങൾ നടപ്പിലാ ക്കുമ്പോൾ കേരളത്തിൽ എന്താണ് തടസ്സം ?
കേന്ദ്രസർക്കാർ വിഹിതമാണ് പ്രശ്നമെങ്കിൽ അത് അടിയന്തരമായി ചർച്ചചെയ്തു പരിഹരിക്കേണ്ടതിനുപകരം ആ പദ്ധതിയേ കണ്ടില്ലെന്ന നിലപാട് പ്രതിഷേധാർഹമാണ്.
അത്തരം ഒരു പദ്ധതി കേന്ദ്രസ ർക്കാർ കൊണ്ടുവന്നത് എല്ലാവർക്കും സഹായകരമാണ്. അത് അടിയന്തരമായി നടപ്പാക്കേണ്ടതുമാണ്.
മുതിർന്ന പൗരന്മാർക്ക് ചികിത്സാസഹായം ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നിരിക്കേ അതൊന്നും തങ്ങൾക്ക് ബാധക മേയല്ല എന്ന നിലപാട് സംശയാസ്പദമാണ്. ഇതാണോ കരുതലും കൈത്താങ്ങും ?
ചൂരൽമല, മുണ്ടക്കൈ ദുരന്തശേഷം വീട്, പണം, വസ്തു ഒക്കെ ഓഫർ ചെയ്ത വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സംസ്ഥാനങ്ങളെയും ഏകോപിപ്പിച്ച് അതൊക്കെ നടപ്പിലാക്കാനുള്ള ഒരു നീക്കം എന്തുകൊണ്ടാണ് സംസ്ഥാനസർക്കാർ ഇതുവരെയും നടത്താതിരുന്നത് ?
സാമൂഹിക സുരക്ഷാ പെൻഷൻ 2500 രൂപയാക്കുമെന്നു പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ചു വുജയിച്ചശേഷം ഇപ്പോൾ 3 കൊല്ലം കഴിഞ്ഞിട്ടും നയാ പൈസ വർദ്ധിപ്പിച്ചില്ല എന്നുമാത്രമല്ല കൃത്യമായി മാസാമാസം പെൻഷൻ നൽകാനും സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല..
സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ രണ്ടുതവണ ഭീമമായ രീതിയിൽ ശമ്പള വർദ്ധന നടത്തിയ കെഎസ്ഇബിയെ നിയന്ത്രിക്കാനോ അമിതമായ വേതന വർദ്ധനവ് മരവിപ്പിക്കാനോ സർക്കാരിന് എന്തുകൊണ്ട് കഴിഞ്ഞിട്ടില്ല.
മുനമ്പം വിഷയത്തിൽ സ്ഥായിയായ ഒരു പരിഹാരം കാണേണ്ടത് അനിവാര്യമാണ്. അവരെ ഇറക്കിവിടില്ല എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
അവർ ആ ഭൂമിയുടെ ഉടമകളാണ്. ആ അവകാശമാണ് അവർക്കു നൽകേണ്ടത്. വലിച്ചുനീട്ടി വിഷയം കൂടുതൽ വഷളാക്കുന്നത് എന്തിനുവേണ്ടിയാണ് ?
മറ്റുസംസ്ഥാനങ്ങൾ മാസം നൂറും ഇരുനൂറും മുന്നൂറും യൂണിറ്റ് വൈദ്യുതി ജനങ്ങൾക്ക് സൗജന്യമായി നൽകുമ്പോൾ ഈ നാടിന്റെ ജലമുപയോഗിച്ചു നിർമ്മിക്കുന്ന വൈദ്യുതിയിൽ പോലും നയാ പൈസ സബ്‌സിഡിയോ ഇളവോ ഇല്ലെന്നതുപോകട്ടെ അടിക്കടി ഒരു മനസ്സാക്ഷിയുമില്ലാതെ വൈദ്യുതി ചാർജ് വർദ്ധന ജനത്തിനുമേൽ അടിച്ചേൽപ്പിക്കുന്ന ക്രൂരത അസഹനീയമാണ്.
ജനങ്ങൾ നേരിടുന്ന പ്രകടമായ ഇത്തരം ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാക്കുകയാണ് ഒരു ജനകീയ സർക്കാർ ചെയ്യേണ്ട യഥാർത്ഥ കൈത്താങ്ങും കരുതലും..
-പ്രകാശ് നായർ മേലില