ആലപ്പുഴ: മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ചേപ്പാട് വലിയകുഴി അരുണ്‍ ഭവനത്തില്‍ സോമന്‍ പിള്ളയാ(62)ണ് മരിച്ചത്. ഇയാളുടെ മകന്‍ അരുണ്‍ എസ്. പിള്ളയെ കരീലക്കുളങ്ങര പോലീസ് കസ്റ്റഡിയില്‍ എടുത്തു. അരുണ്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
പരിക്കുകളോടെ സോമനെ ഇയാള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വീണു പരിക്കേറ്റതായാണ് ബന്ധുക്കള്‍ ആദ്യം പോലീസിനെ അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ കരീലക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ അരുണ്‍കുമാറും ഭാര്യയും മൊഴി നല്‍കാനെത്തി.
എന്നാല്‍ മൊഴിയില്‍ പൊരുത്തക്കേട് തോന്നിയ പോലീസ് ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് രാത്രി വീട്ടില്‍ വഴക്കുണ്ടായതായും ഇതിനിടെ കുത്തേറ്റാണ് സോമന്‍പിള്ള മരിച്ചതെന്നും മനസിലായത്. തുടര്‍ന്ന് പോലീസ് അരുണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.