അമരാവതി: തലസ്ഥാന നഗരമായ അമരാവതിക്കായുള്ള 8,821.44 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കി ആന്ധ്രാപ്രദേശിലെ ടിഡിപി സര്‍ക്കാര്‍.
മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ നടന്ന ക്യാപിറ്റല്‍ റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റി (സിആര്‍ഡിഎ) യോഗത്തിലാണ് അനുമതി ലഭിച്ചത്. അമരാവതിയിലെ റോഡുകളുടെ നിര്‍മാണമാണ് സിആര്‍ഡിഎ യോഗം ചര്‍ച്ച ചെയ്തത്.
ലാന്‍ഡ് പൂളിംഗ് സ്‌കീമിന് കീഴില്‍ ഭൂമി ഏറ്റെടുത്ത സ്ഥലങ്ങളില്‍ റോഡ് നിര്‍മ്മാണത്തിനായി 3,807 കോടി രൂപ അനുവദിച്ചതായി യോഗത്തിന് ശേഷം സംസ്ഥാന മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് മന്ത്രി പി നാരായണ പറഞ്ഞു
4521 കോടി രൂപ ചെലവില്‍ ട്രങ്ക് റോഡുകള്‍ സ്ഥാപിക്കുമെന്നും മന്ത്രിമാര്‍ക്കും ഹൈക്കോടതി ജഡ്ജിമാര്‍ക്കുമുള്ള ബംഗ്ലാവുകള്‍ക്കായി 492 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും നാരായണ പറഞ്ഞു.
സിആര്‍ഡിഎയുടെ മുന്‍ യോഗങ്ങളില്‍ 11,471 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കിയെന്നും ചൊവ്വാഴ്ചത്തെ യോഗത്തെത്തുടര്‍ന്ന് ഇത് 20,292.46 കോടി രൂപയായി ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു.
2014 മുതല്‍ 2019 വരെ 41,000 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ വിളിച്ചിരുന്നുവെങ്കിലും 5,000 കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്ന് നാരായണ ചൂണ്ടിക്കാട്ടി
നിര്‍മാണച്ചെലവ് വര്‍ധിച്ചതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് നാരായണ പറഞ്ഞു. പണികൾ തുടരുന്നതിലെ ഈ കാലതാമസം മൂലം ചെലവ് 25 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർന്നു. കെട്ടിടങ്ങളുടെ നിർമാണച്ചെലവ് 35 ശതമാനത്തിൽ നിന്ന് 55 ശതമാനമായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.