കൊച്ചി: അതിരൂപതാ നേതൃത്വത്തിനെതിരെ നിലപാട് എടുക്കുകയും ഇല്ലാത്ത കൃഷിക്ക് അനധികൃതമായി വളം വാങ്ങി ലക്ഷങ്ങൾ തട്ടുകയും ചെയ്ത മുൻ വികാരിക്കെതിരെ കേസ് കൊടുത്തതിന്റെ പേരിൽ ഇടവക വികാരിക്കെതിരെ അതിക്രമത്തിന് കൈക്കാരന്റെ ശ്രമം.
വിമത വിഭാഗം വിശ്വാസിയായ കൈക്കാരന്‍റെയും ട്രസ്റ്റിയുടെയും നേതൃത്വത്തിലാണ് വൈദീകനെ ആക്രമിക്കാൻ ശ്രമിച്ചത്.
ഞായറാഴ്ച രാത്രി കൊരട്ടി പള്ളിയിലായിരുന്നു സംഭവം. കൊരട്ടി പള്ളിയിലെ കൈക്കാരൻ തെറിയഭിഷേകവുമായി പള്ളിയുടെ ഊട്ടു മുറിയിൽ വച്ച് വികാരി ഫാ. ജോൺസൺ കക്കാട്ടിലിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
അടുത്ത ദിവസം മുതൽ കൊരട്ടി പള്ളിയിൽ കണ്ടുപോകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് ഇയാൾ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിനിടെ വികാരി തന്റെ കയ്യിലെടുക്കാവുന്ന ബാഗും എടുത്ത് കൊരട്ടി പള്ളിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
ഈ സമയം മറ്റൊരു കൈക്കാരനും ട്രസ്റ്റിയും റൂമിൽ ഉണ്ടായിരുന്നു. ഇയാൾ എല്ലാ പ്രോത്സാഹനവും നൽകി കൂടെയുണ്ടായിരുന്നു.
വിമത വിഭാഗത്തിന് വലിയ സ്വാധീനമുള്ള പള്ളിയാണ് കൊരട്ടി. ഇവിടെ വികാരിയായി വന്നവരിൽ പലരും സാമ്പത്തിക ക്രമക്കേട് നടത്തുന്നത് പതിവായിരുന്നു.
ഇതിന്റെ വിഹിതം കൈക്കാരൻമാർക്കും ചില ട്രസ്റ്റിമാർക്കും കിട്ടിയിരുന്നതായും പറയപ്പെടുന്നു. മുൻ വികാരി വളം വാങ്ങിയ വകയിൽ ലക്ഷങ്ങൾ തട്ടിച്ചിരുന്നു.
ഇതിനെതിരെ പുതിയ വികാരി പോലീസിൽ പരാതി നൽകിയതാണ് കൈക്കാരൻമാരെ പ്രകോപിപ്പിച്ചത്. മദ്യലഹരിയിലായിരുന്നു ഇവരെന്നും പറയപ്പെടുന്നു.
കേട്ടാലറയ്ക്കുന്ന ഭാഷയിലായിരുന്നു വൈദീകന് നേരെ ഇവർ തിരിഞ്ഞത്.
സംഭവത്തിൽ വിശ്വാസികൾക്കിടയിൽ കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്. കൈക്കാരൻമാരെ പുറത്താക്കണമെന്നാണ് ആവശ്യം.