റിയാദ്:  സൗദി അറേബ്യയിലെ തബൂക്ക്, അല്‍ ജുഫ്, അല്‍ഉല, ജോര്‍ദാനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളും അതിര്‍ത്തി പ്രദേശങ്ങളും മദീന മേഖലയിലെ പ്രധാന മലഞ്ചെരുവുകളും ശൈത്യത്താല്‍ പിടിമുറുക്കി.

മഞ്ഞുമൂടിയ മലഞ്ചെരുവകള്‍, മരുഭൂമിയിലെ മണല്‍ തിട്ടകള്‍ തിരിച്ചറിയാന്‍ വയ്യാത്ത രീതിയില്‍ മഞ്ഞുമൂടി. അറബികള്‍ മരുഭൂമിയിലെ തണുപ്പിനെ ആവേശത്താല്‍ വരവേറ്റു.

 മരുഭൂമിയിലെ ഒത്തുചേരല്‍

 രാത്രികാലങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച കൂടാരങ്ങളില്‍ ഗാവയും ചായയും ഈത്തപ്പഴങ്ങളുമായി വിറകുകള്‍ കൂട്ടിയിട്ട് തീയുമിട്ട് വട്ടം കൂടിയിരുന്ന് രാത്രി മുഴുവനും പ്രാര്‍ത്ഥനയും നമസ്‌കാരവും കുടുംബ കാര്യങ്ങള്‍ പറയുകയും ആഹാരം പാചകം ചെയ്യുകയും ചെയ്തു. 

രാത്രിയില്‍ ബാര്‍ബിക്യു നെറ്റുകള്‍ സംഘടിപ്പിച്ചു വ്യത്യസ്തമായ രീതിയിലാണ് അറബികള്‍ ശൈത്യകാലത്തെ ആവേശമാക്കുന്നത്. ഒട്ടകങ്ങളുടെ പുറത്ത് കയറിയിരുന്നും ഒട്ടകപ്പാല്‍ കറന്നു കുടിച്ചും ശൈത്യകാലത്തെ പഴയ ഓര്‍മ്മകള്‍ അയവിറക്കുന്ന കുളിര്‍മയുള്ള രാത്രികളാക്കിയിട്ടുണ്ട്.

 ഓരോ അറബികളും അവരുടെ ആതിഥ്യ മര്യാദയുടെ ഭാഗമായി മറ്റു വിരുന്നുകാരെയും ക്ഷണിക്കാറുണ്ട്. തണുപ്പുകാലത്ത് മരുഭൂമിയിലെ ഒത്തുചേരല്‍ സൗഹൃദത്തിന്റെ ഭാഗമാണ്.

  കുടുംബങ്ങളും കുട്ടികളും ശൈത്യകാലം ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നുണ്ട്. അറബികളുടെ ജീവിതത്തിന്റെ ഭാഗമാണ് ശൈത്യകാലത്ത് ഇതുപോലെയുള്ള ഒത്തുചേരല്‍. 

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ 

അറേബ്യന്‍ മരുഭൂമിയില്‍ തണുപ്പുകാലത്ത് വിദേശികളും സ്വദേശികളും ഇതേപോലെ ഒത്തുചേരാറുണ്ട്. 
റിയാദ്, ദമാം, ജിദ്ദ തുടങ്ങിയ ഭാഗങ്ങളില്‍ തണുപ്പ് തുടങ്ങിയതായി റിപ്പോര്‍ട്ട് ഉണ്ട്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ചെറിയ മഴ പെയ്തതായി റിപ്പോര്‍ട്ട് ഉണ്ട്. വരും ദിവസങ്ങളില്‍ തണുപ്പ് കൂടാന്‍ സാധ്യതയുണ്ട് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *