തിരുവനന്തപുരം: മാറിമാറി വരുന്ന പ്രകൃതി ദുരന്തങ്ങളുടെ സാഹചര്യത്തിൽ പ്രത്യേക ഗ്രാന്‍റും കൂടുതൽ വിഹിതവും അനുവദിക്കണമെന്ന് ധനകാര്യ കമ്മീഷനോട് കേരളം. സംസ്ഥാനത്തിനുള്ള ധനവിഹിതത്തിൽ കാര്യമായ വർധന വേണമെന്നും 16ാം ധനകാര്യകമ്മീഷനോട് സർക്കാരും പ്രതിപക്ഷവും ഒരു പോലെ ആവശ്യപ്പെട്ടു. കേരളത്തിന്‍റെ വികസന പുരോഗതി കൂടി കണക്കിലെടുത്ത് നികുതി വിഹിതം കണക്കാക്കുന്നതിനുള്ള മാനദണ്ഡം കാലോചിതമായി പരിഷ്കരിക്കണമെന്ന ആവശ്യവും കേരളം മുന്നോട്ട് വെച്ചിട്ടുണ്ട്.
ദുരന്ത നിവാരണത്തിന് പ്രത്യേക വിഹിതം അനുവദിക്കണം, ആവർത്തിക്കുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണത്തിന് പ്രത്യേക ഗ്രാന്‍റായി 13000 കോടി വേണം. നികുതി വിഹിതം നിലവിലുള്ള 41 ശതമാനത്തിൽ നിന്ന് അമ്പത് ശതമാനമായി ഉയര്‍ത്തണം തുടങ്ങിയ ആവശ്യങ്ങളും കേരളം ഉന്നയിച്ചു. വിഹിതം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ആളോഹരി വരുമാനത്തിന് നല്‍കുന്ന വെയ്റ്റേജ് 45 ശതമാനമാണ്. ഉയര്‍ന്ന ആളോഹരി വരുമാനമുള്ള കേരളത്തിന് ഇതുണ്ടാക്കുന്ന നഷ്ടം വളരെ വലുതാണ്. അതിനാല്‍ വെയ്റ്റേജ് 30 ശതമാനമാക്കി കുറക്കണമെന്നും കേരളം ആവശ്യപ്പെട്ടു. സെസ്, സര്‍ ചാര്‍ജുകള്‍ നികുതി പൂളില്‍ ഉള്‍പ്പെടുത്തണമെന്നും അല്ലെങ്കില്‍ ഇവയ്ക്ക് പരിധി കൊണ്ടുവരണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും സങ്കീര്‍ണമായ വിഷയമാണിതെന്ന് ധനകാര്യ കമ്മീഷൻ ചെയര്‍മാൻ ഡോ. അരവിന്ദ് പനഗാരിയ പറഞ്ഞു.
സര്‍ക്കാരിന്‍റെ ആവശ്യങ്ങളെല്ലാം ആവര്‍ത്തിച്ച പ്രതിപക്ഷം കാലവസ്ഥ വ്യതിയാനം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് ഇന്‍ഡക്സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. അടുത്തവര്‍ഷം ഒക്ടോബറിലാണ് പതിനാറാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും 2026 ഏപ്രില്‍ മുതല്‍ അഞ്ചുവര്‍ഷത്തേക്ക് സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി വിഹിതവും ഗ്രാന്‍ഡുകളും.