തിരുവനന്തപുരം: മൂന്നാം തുടർഭരണവും തദ്ദേശ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയവും ലക്ഷ്യമിടുന്ന സി.പി.എം, ഏരിയാ സമ്മേളനങ്ങളിലെ പൊട്ടിത്തെറികൾ ശമിപ്പിച്ച് ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്നു.
കൊല്ലത്താണ് ആദ്യ ജില്ലാ സമ്മേളനം. കൊല്ലത്തെ സമ്മേളനം മയ്യനാട് എൻ.എസ്. പഠന ഗവേഷണ കേന്ദ്രത്തിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിലാണ്.
പോളിറ്റ് ബ്യറോ അംഗം എം.എ. ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമ്മേളനത്തിൽ പൂർണ സമയം പങ്കെടുക്കും.
ഏരിയാ സമ്മേളനങ്ങളിലെ പൊട്ടിത്തെറികളെത്തുടർന്ന് ജില്ലാ സമ്മേളനങ്ങളിൽ സംസ്ഥാന സെക്രട്ടറി മുഴുവൻ സമയവും പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഇന്നു മുതൽ 12വരെയാണ് കൊല്ലം ജില്ലാ സമ്മേളനം.
ജില്ലകളിൽ പാർട്ടിയുടെ ശക്തി വർദ്ധിപ്പിക്കാനും വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എണ്ണയിട്ട യന്ത്രം പോലെ പാർട്ടിയെ ചലിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാവും ഇത്തവണത്തെ ജില്ലാ സമ്മേളനങ്ങൾ.
ഫെബ്രുവരി 9 മുതൽ 11 കുന്നംകുളത്ത് നടക്കുന്ന തൃശൂർ ജില്ലാ സമ്മേളനമാണ് അവസാനത്തേത്.
മുൻകാലങ്ങളിൽ ഉണ്ടാകാത്ത വിധം ഏരിയ, ലോക്കൽ സമ്മേളങ്ങളിലുണ്ടായ രൂക്ഷമായ തർക്കങ്ങൾ പരിധിവിട്ട് പൊട്ടിത്തെറിയിലേക്കെത്തിയ സാഹചര്യത്തിലാണ് ഇത്തവണ ജില്ലാ സമ്മേളനങ്ങൾ നടക്കുന്നത്.
ജില്ലാ സമ്മേളനങ്ങളിൽ വിഭാഗീയത ഉണ്ടാകരുതെന്നും മത്സരമൊഴിവാക്കി കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കണമെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം.
ജില്ലാ സമ്മേളനങ്ങളിൽ വിഭാഗീതയതും അനാവശ്യ പ്രവണതകളും പൊട്ടിത്തെറികളും ഒഴിവാക്കാൻ ഏറെ കരുതലോടെയാണ് സംസ്ഥാന നേതൃത്വം മുൻകരുതലുകളെടുക്കുന്നത്.
ജില്ലകളിലെ പ്രധാന നേതാക്കന്മാരുടെ മൗനാനുവാദത്തോടെ ഏരിയ, ലോക്കൽ തലങ്ങളിൽ വരെ എത്തിയ വിഭാഗീയതയുടെ പൂർണ്ണരൂപം ജില്ലാ സമ്മേളങ്ങളിൽ പുറത്തുവരുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
അതിനാൽ വളരെ കരുതലോടെയാണ് സംസ്ഥാന സെക്രട്ടറിയടക്കം മുഴുവൻ സമയവും സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത്.
വിഭാഗീയത അതിരൂക്ഷമാവുകയും തെരുവിൽ നേതൃത്വത്തിനെതിരേ പ്രതിഷേധങ്ങൾ ഉണ്ടാവുകയും ചെയ്ത കൊല്ലം ജില്ലയിലെ ആദ്യ സമ്മേളനത്തിൽ തന്നെ പൊട്ടിത്തെറിക്ക് ഏറെ സാദ്ധ്യതയുണ്ട്.
വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടത് കൊല്ലത്താണ്. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടതും ഇതിന് പിന്നാലെയാണ്.
തിരുവനന്തപുരത്തും വിഭാഗീയത രൂക്ഷമാണ്. തിരുവനന്തപുരം ജില്ലയിൽ മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരി സമ്മേളനം ബഹിഷ്കരിക്കുകയും പിന്നാലെ ബി.ജെ.പി യിൽ ചേരുകയും ചെയ്തിരുന്നു.
പാലക്കാട് ജില്ലയിൽ വിഭാഗീയത കാരണം കൊഴിഞ്ഞാമ്പാറ സമ്മേളനം മൂന്നുവട്ടം മാറ്റിവച്ചു. ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച വിമത വിഭാഗം കൺവെൻഷനും നടത്തി.
ആലപ്പുഴയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ബിബിൻ സി.ബാബു പാർട്ടി വിട്ട് ബി.ജെ.പി യിൽ ചേർന്നിരുന്നു.
പത്തനംതിട്ടയിൽ തിരുവല്ല ലോക്കൽ സമ്മേളനത്തിലെ തർക്കം സംസ്ഥാന സെക്രട്ടറിയുടെ വരുതിയിലും നിന്നില്ല.
നവീൻ ബാബു വിഷയത്തിൽ പി.പി. ദിവ്യയെ സംരക്ഷിക്കാതിരുന്നതിലടക്കം അവിടെ പാർട്ടിയിൽ ഇരു ചേരികൾ പ്രബലമായി നിലയുറപ്പിച്ചിരിക്കുകയാണ്.
സർക്കാരിന്റെ പ്രവർത്തനങ്ങൾക്കും പാർട്ടി സംസ്ഥാന നേതൃത്വത്തിനുമെതിരേ ജില്ലാ സമ്മേളനങ്ങളിൽ കടുത്ത വിമർശനമുണ്ടാവാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.
സംസ്ഥാന നേതാക്കൾ പക്ഷം പിടിക്കുന്ന വിഭാഗീയതയല്ല മറിച്ച് പ്രാദേശികമായി ഉയർന്നുവരുന്ന പിണക്കങ്ങളാണ് ഏരിയ സമ്മേളനങ്ങളിൽ പ്രതിഫലിച്ചതെന്നും ഇതൊന്നും ജില്ലാ സമ്മേളങ്ങളിൽ പ്രതിഫലിക്കില്ലെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
സംസ്ഥാന സമ്മേളനം മാർച്ച് 6 മുതൽ 9 വരെ കൊല്ലത്താണ് നടക്കുന്നത്.
കൊല്ലം ജില്ലാ സമ്മേളന നഗരിയിൽ ഉയർത്താനുള്ള രക്തപതാക കൊണ്ടുവന്നത് ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ്.
കൊടിമരം കടയ്ക്കൽ വിപ്ലവ സ്‌മാരകത്തിൽ നിന്നും ദീപശിഖാ കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷിമണ്ഡപത്തിൽ നിന്നുമാണ് എത്തിച്ചത്.
രാത്രി ഏഴരയോടെ മേവറം ജംഗ്ഷനിൽ എത്തിയ ജാഥകളെ കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ച് വൻ പ്രകടനമായാണ് സമ്മേളന വേദിയിലേക്ക് ആനയിച്ചത്.
സംസ്ഥാന കമ്മിറ്റി അംഗം എസ്. രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്ത് ജില്ലാ കമ്മിറ്റി അംഗം എം. നസീർ നയിച്ച കൊടിമര ജാഥ സമ്മേളന നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജൻ ഏറ്റുവാങ്ങി.
കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ. ജോൺസൺ ജാഥാ ക്യാപ്റ്റനായ ദീപശിഖാ ജാഥ സംസ്ഥാന കമ്മിറ്റി അംഗം ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്‌ഘാടനം ചെയ്‌തു.
സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാൽ ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റി അംഗം പി.ബി. സത്യദേവൻ ക്യാപ്‌റ്റനായ പതാകജാഥ സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ് ഉദ്‌ഘാടനം ചെയ്‌തു.
സംസ്ഥാന കമ്മിറ്റി അംഗം പി. രാജേന്ദ്രൻ ഏറ്റുവാങ്ങി. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് ജാഥകൾ സമ്മേളന നഗറിൽ എത്തിയത്.