തിരുവനന്തപുരം: മനുഷ്യരിലെ ഭ്രൂണവളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ കാണപ്പെടുന്ന ടിഎല്‍എക്സ് 3 ജീനില്‍ നടക്കുന്ന മ്യൂട്ടേഷന്‍ ഓട്ടിസത്തിന് കാരണമാകാമെന്ന് ബ്രിക്-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) പഠനം.
മസ്തിഷ്ക വളര്‍ച്ചയില്‍ പ്രവര്‍ത്തനപരമായ അപാകതകള്‍ക്ക് കാരണമാകുന്ന കുട്ടികളിലെ ഓട്ടിസത്തിന് പാരിസ്ഥിതികവും ജനിതകവുമായ ഘടകങ്ങള്‍ കാരണമാകാം.
ആര്‍ജിസിബി യിലെ ശാസ്ത്രജ്ഞനായ ഡോ. ജാക്സണ്‍ ജെയിംസിന്‍റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയിലെ സിഎസ്ഐആര്‍-ഐജിഐബി യുമായി സഹകരിച്ചു നടത്തിയ പഠനത്തിലാണ് ഇത്തരം ജനിതകമാറ്റം കണ്ടെത്തിയത്.
അന്താരാഷ്ട്ര പ്രശസ്തമായ ഐ സയന്‍സ് ശാസ്ത്രജേര്‍ണലില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു എന്നതും ശ്രദ്ധേയം.
ഒരു ജീവിയുടെ ജനിതകഘടനയില്‍ ഉണ്ടാകുന്ന മാറ്റമാണ് മ്യൂട്ടേഷന്‍. മ്യൂട്ടേഷന്‍ സംഭവിച്ച ജീനുകള്‍ക്ക് ഒരു ജീവിയുടെ സ്വഭാവത്തില്‍ പ്രത്യക്ഷമായ വ്യത്യാസം വരുത്തുകയോ വരുത്താതിരിക്കുകയോ ചെയ്യാനാകും.ശാരീരിക ചലനങ്ങള്‍, സന്തുലിതാവസ്ഥ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സെറിബെല്ലത്തിന്‍റെ വളര്‍ച്ചയേയും ടിഎല്‍എക്സ് 3 ജീനില്‍ നടക്കുന്ന മ്യൂട്ടേഷന്‍ നേരിട്ട് ബാധിക്കും.
ജനിതക എഞ്ചിനീയറിംഗ് സാങ്കേതികവിദ്യയിലൂടെ ജനിതകമാറ്റം വരുത്തിയ ട്രാന്‍സ്ജീനിക് എലിയിലാണ് ആര്‍ജിസിബി സംഘം പരീക്ഷണം നടത്തിയത്.
എലികളുടെ സെറിബെല്ലത്തിലെ ടിഎല്‍എക്സ് 3 ജീന്‍ മാറ്റിയ ശേഷം ഭ്രൂണങ്ങള്‍ വളരാന്‍ അനുവദിച്ചപ്പോള്‍ അത്തരം എലികളില്‍ ഓട്ടിസം ലക്ഷണങ്ങള്‍ പ്രകടമായി.പരീക്ഷണ-നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങള്‍ സിഎസ്ഐആര്‍-ഐജിഐബി യില്‍ ശേഖരിച്ചിട്ടുള്ള ഓട്ടിസം ബാധിതരുടെ ജീന്‍ ഡേറ്റാബേസുമായി ബന്ധിപ്പിച്ച് വിശകലനം ചെയ്തു.
ഓട്ടിസം ബാധിതരില്‍ ചിലരുടെ ടിഎല്‍എക്സ് 3 ജീനില്‍ മ്യൂട്ടേഷന്‍ സംഭവിച്ചിട്ടുണ്ടെന്ന് ഡേറ്റാബേസ് വിശകലനത്തിലൂടെ തിരിച്ചറിഞ്ഞു.
ജീനുകളിലെ മ്യൂട്ടേഷനെക്കുറിച്ചും കുട്ടികളിലെ ഓട്ടിസത്തിനെക്കുറിച്ചും ആഗോളതലത്തില്‍ വിശകലനങ്ങളും ചര്‍ച്ചകളും പഠനങ്ങളും ഇനിയും നടത്തേണ്ടതുണ്ടെന്ന് ഡോ. ജാക്സണ്‍ ജെയിംസ് പറഞ്ഞു.കുട്ടികളിലെ ഓട്ടിസം വളരെ ഗുരുതര പ്രശ്നമാണെന്നും ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്ക് ഇതൊരു വെല്ലുവിളിയാണെന്നും ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.ആര്‍ജിസിബി യിലെ ഓട്ടിസവുമായി ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ട് പുതിയ ഉള്‍ക്കാഴ്ച നല്കാന്‍ സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നാഡീവ്യൂഹവുമായി ബന്ധപ്പെട്ട സാമൂഹികവും ആശയവിനിമയപരവും പെരുമാറ്റത്തെ ബാധിക്കുന്നതുമായ വളര്‍ച്ചാ വ്യതിയാനങ്ങളാണ് ഓട്ടിസം സ്പെക്ട്രം ഡിസോഡേഴ്സ് (എഎസ് ഡി). കുട്ടികളുടെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസികവ്യതിയാനമാണിത്.
ഇതൊരു രോഗാവസ്ഥയായതു കൊണ്ട് ന്യൂറോ ഡവലപ്മെന്‍റ് ഡിസോഡര്‍ എന്നും വിളിക്കാറുണ്ട്.