തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ കൈവശമുള്ള രേഖകളില്ലാത്തെ ആനയെ സർക്കാർ ഏറ്റെടുക്കുമോയെന്ന ആകാംക്ഷയിലാണ് വനംവകുപ്പ്.
നിയമപരമായ രേഖയില്ലാതെ ആനയെ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. അങ്ങനെയെങ്കിൽ മന്ത്രിക്കെതിരേ കേസെടുക്കേണ്ടതാണ്. ആനയെ സർക്കാരിന് ഏറ്റെടുക്കുകയും ചെയ്യാം.
എന്നാൽ മന്ത്രിയും ഭരണമുന്നണിയിലെ എം.എൽ.എയും രാഷ്ട്രീയ സ്വാധീനം ഏറെയുള്ളയാളുമായ ഗണേഷിന്റെ ആനയെ ഏറ്റെടുക്കാൻ സർക്കാർ തയ്യാറാവുമോയെന്നാണ് അറിയേണ്ടത്.
മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ കൈവശമുള്ള ആനയുടെയും ആനക്കൊമ്പിന്റെയും ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തമായ രേഖകളില്ലാത്തതാണ് വിനയായത്.
വിവരാവകാശ നിയമപ്രകാരമാണ് ഇക്കാര്യം പുറത്തുവന്നത്. മുൻ വനംവകുപ്പ് മന്ത്രി കൂടിയായ ഗണേഷിന് ആനയെയും കൈവശമുള്ള 2 ആനക്കൊമ്പുകളും എങ്ങനെ കിട്ടിയെന്ന് ഒരു രേഖയും നിലവിൽ സർക്കാരിന്റെ പക്കലില്ല.
ഈ സാഹചര്യത്തിൽ എന്തൊക്കെ തുടർനടപടികളെടുക്കണമെന്ന് സർക്കാർ ആലോചിക്കുകയാണ്. ആനയെയും ആനക്കൊമ്പുകളും വനംവകുപ്പിന് ഏറ്റെടുക്കാനാവുമോയെന്ന് നിയമോപദേശം തേടിയിരിക്കുകയാണ്.
അങ്ങനെയെങ്കിൽ മുൻ വനംമന്ത്രിയുടെ കൈവശമുള്ള രേഖയില്ലാത്ത ആനയെ സർക്കാർ ഏറ്റെടുക്കുന്ന അസാധാരണ സാഹചര്യമാവും കേരളത്തിൽ ഉണ്ടാവുക.
പിതാവും മുൻമന്ത്രിയുമായ ആർ.ബാലകൃഷ്ണപിള്ളയുടെ കൈവശമുണ്ടായിരുന്ന ആനയാണ് ഗണേശിന് ലഭിച്ചത്.
ആന ഗണേശിന്റേതാണെന്നു പറയുന്ന മൈക്രോ ചിപ്പ്, സർട്ടിഫിക്കറ്റ്, ഡേറ്റാ ബുക്ക് എന്നിവ മാത്രമാണുള്ളത്. ബാലകൃഷ്ണപിള്ളയുടെ കയ്യിൽ ആന എത്തിയത് എങ്ങനെയെന്ന വിവരം വനംവകുപ്പ് ആസ്ഥാനത്ത് ഇല്ല.
കൈവശാവകാശ നിയമപ്രകാരം ആനയെ ഗണേഷിനു മാറ്റി നൽകുന്നതിനുള്ള അപേക്ഷയിൽ വകുപ്പ് ഇതുവരെ തീരുമാനവുമെടുത്തിട്ടില്ല.
ആർ.ബാലകൃഷ്ണപിള്ളയുടെ കൈവശം ആനക്കൊമ്പുണ്ടായിരുന്നു എന്നത് വിവരാവകാശ രേഖയിൽ വനംവകുപ്പ് പറയുന്നുണ്ട്.
എന്നാൽ, ഇത് അദ്ദേഹത്തിന് ലഭിച്ചത് എങ്ങനെയെന്നത് സംബന്ധിച്ച് വകുപ്പിൽ രേഖയില്ല. ബാലകൃഷ്ണപിള്ളയുടെ കൈവശമുണ്ടായിരുന്നതിൽ 5 ജോടി ആനക്കൊമ്പും 110 ഗ്രാം ചെറു കഷണങ്ങളും വനംവകുപ്പ് ഏറ്റെടുത്തിട്ടുണ്ട്.
ബാലകൃഷ്ണ പിള്ളയിൽ നിന്ന് ലഭിച്ച രണ്ട് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കാത്തതിനെ തുടർന്ന് മകൾ ആനക്കൊമ്പ് വനംവകുപ്പിന് കൈമാറിയിരുന്നു.
ഇതേത്തുടർന്ന് തന്റെ കൈവശമുള്ള ആനക്കൊമ്പുകൾ വനംവകുപ്പിന് കൈമാറാമെന്ന് ഗണേശ് കുമാർ അറിയിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറയുന്നു.
രേഖകളില്ലാതെ ആരെങ്കിലും ആനക്കൊമ്പ് സൂക്ഷിച്ചാൽ കേസെടുക്കുകയും അവ പിടിച്ചെടുക്കുകയും വേണമെന്നാണ് ചട്ടം. ഇത് വകവയ്ക്കാതെയാണ് ഗണേഷിനെ സർക്കാർ സംരക്ഷിക്കുന്നത്.