തിരുവനന്തപുരം: ഉത്സവ നാളുകള്‍ കണ്ണീരിലാഴ്ത്താതിരിക്കാന്‍ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളുമായി കെ.എസ്.ഇ.ബി.
ക്രിസ്തുമസ്, നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വലിയ നക്ഷത്ര വിളക്കുകള്‍ സ്ഥാപിക്കുമ്പോള്‍ വൈദ്യുതി ലൈനില്‍ നിന്നും മതിയായ അകലം പാലിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കണമെന്ന മുന്നറിയിപ്പാണ് കെഎസ്ഇബി നല്‍കുന്നത്.
സമീപ ദിവസങ്ങള്‍ക്കുള്ളില്‍ ജീവഹാനി ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത് ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്
നക്ഷത്ര വിളക്കുകള്‍ സ്ഥാപിക്കുമ്പോഴും വൈദ്യുത ദീപാലങ്കാരം നടത്തുമ്പോഴും തികഞ്ഞ ജാഗ്രത പുലര്‍ത്തണം. വലിയ നക്ഷത്ര വിളക്കുകള്‍ സ്ഥാപിക്കുമ്പോള്‍ വൈദ്യുതി ലൈനില്‍ നിന്നും മതിയായ അകലം പാലിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കണം. ഉത്സവത്തിന്റെ ഭാഗമായി കമാനങ്ങള്‍ നിര്‍മ്മിക്കുമ്പോഴും ദീപാലങ്കാരം നടത്തുമ്പോഴും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കേണ്ടതാണെന്നും കെഎസ്ഇബി നിര്‍ദേശിക്കുന്നു.
ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ. പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷനുകള്‍ എടുക്കുക,
വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുത്, വയറില്‍ മൊട്ടുസൂചി / സേഫ്റ്റി പിന്‍ ഇവ കുത്തി കണക്ഷനെടുക്കരുത്, വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍സുലേറ്റ് ചെയ്തുവെന്നും ഇഎല്‍സിബി / ആര്‍സിസിബി പ്രവര്‍ത്തനക്ഷമമാണെന്നും ഉറപ്പാക്കുക
ഉത്സവ നാളുകള്‍ കണ്ണീരിലാഴ്ത്താതിരിക്കാന്‍ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.