ഇന്ത്യയുടെ മികച്ച ബൗളർ ബുമ്രയല്ല, അത് മറ്റൊരു താരം, സിറാജ് ഇവരുടെ ഏഴയലത്തുപോലുമില്ലെന്ന് വിൻഡിസ് പേസ് ഇതിഹാസം
ബ്രിസ്ബേന്‍: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതോടെ സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളറാണ് ജസ്പ്രീത് ബുമ്രയെന്ന് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നതിനിടെ വ്യത്യസ്ത അഭിപ്രായവുമായി വിന്‍ഡീസ് പേസ് ഇതിഹാസം ആന്‍ഡി റോബര്‍ട്സ്. ജസ്പ്രീത് ബുമ്ര കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയേക്കാമെങ്കിലും ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍ ബുമ്രയല്ലെന്ന് ആന്‍ഡി റോബര്‍ട്സ് പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍ മുഹമ്മദ് ഷമിയാണ്. ഒരുപക്ഷെ ബുമ്രയോളം വിക്കറ്റുകള്‍ അവന്റെ പേരില്‍ ഇല്ലായിരിക്കാം.എന്നാല്‍ മറ്റ് ബൗളര്‍മാരെക്കാള്‍ ഇരുവശത്തേക്കും പന്ത് സ്വിംഗ് ചെയ്യാനും സീം ചെയ്യാനും കഴിയുന്ന ഷമി ഒരു കംപ്ലീറ്റ് പാക്കേജ് ആണെന്നും മറ്റുള്ളവരെക്കാള്‍ കൂടുതല്‍ സ്ഥിരതയുള്ള ബൗളറാണെന്നും ആന്‍ഡി റോബര്‍ട്സ് മിഡ് ഡേ പത്രിത്തിലെഴുതിയ കോളത്തില്‍ വ്യക്തമാക്കി.
ചിത്രം വ്യക്തമായി, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നിലുള്ള വഴികൾ ഇങ്ങനെ
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ഷമി കളിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് റോബര്‍ട്സിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിനുശേഷം പരിക്കുമൂലം ടീമില്‍ നിന്ന് പുറത്തായ ഷമി രഞ്ജി ട്രോഫിയിലൂടെ മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തിയെങ്കിലും പൂര്‍ണ കായികക്ഷമത കൈവരിക്കാത്തതിനാല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് സെലക്ടര്‍മാർ പരിഗണിച്ചിരുന്നില്ല.
പിന്നീട് മുഷ്താഖ് അലി ട്രോഫിയിലും ഷമി തുടര്‍ച്ചയായി മത്സരങ്ങള്‍ കളിച്ച് മാച്ച് ഫിറ്റ്നെസ് തെളിയിച്ചെങ്കിലും ഇതുവരെ ഷമിയെ ടീമിലെടുക്കുന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ തീരുമാനമെടുത്തിട്ടില്ല. ഷമിയുടെ മാച്ച് ഫിറ്റ്നെസ് സംബന്ധിച്ച് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്കിയാല് മാത്രമെ ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിലേക്കെങ്കിലും ഷമിയെ ടീമിലേക്ക് പരിഗണിക്കൂ എന്നാണ് റിപ്പോര്‍ട്ട്.