തിരുവനന്തപുരം : മധുരയിൽ നടക്കുന്ന ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുളള സംസ്ഥാനത്തെ സി.പി.എമ്മിൻെറ സമ്മേളനങ്ങൾ ഇന്ന് മുതൽ ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്നു.
സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന കൊല്ലം ജില്ലാ സമ്മേളനത്തിന് ഇന്ന് കൊട്ടിയത്ത് പൊതു സമ്മേളന നഗരിയിൽ കൊടിയുയരും.
സംസ്ഥാന വ്യാപകമായുളള വിഭാഗീയത അവസാനിപ്പിക്കാനായെങ്കിലും പലജില്ലകളിലും നിലനിൽക്കുന്ന പ്രാദേശിക തർക്കങ്ങളും തമ്മിൽത്തല്ലും ഉണ്ടാക്കിയ നാണക്കേടും പേറിയാണ് സംസ്ഥാനത്തെ സി.പി.എം ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്നത്.
രണ്ട് ജില്ലാ സെക്രട്ടറിമാർ സ്ഥാനമൊഴിയും
ജില്ലാ സെക്രട്ടറി പദവിയിൽ മൂന്ന് ടേം പൂർത്തിയാക്കിയ രണ്ട് ജില്ലാ സെക്രട്ടറിമാർ ഈ സമ്മേളനങ്ങളിൽ സ്ഥാനമൊഴിയും. പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവും കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനുമാണ് സ്ഥാനം ഒഴിയേണ്ടി വരിക.
പത്തനംതിട്ടയിൽ ഉദയഭാനുവിന് പകരം മുൻ എം.എൽ.എ രാജു എബ്രഹാമോ സി.ഐ.ടി.യു നേതാപ് പി.ബി.ഹർഷകുമാറോ ജില്ലാ സെക്രട്ടറിയായേക്കും. കോഴിക്കോട് പി. മോഹനന് പകരം എ. പ്രദീപ് കുമാർ ജില്ലാ സെക്രട്ടറിയാകാനാണ് സാധ്യത.
എന്നാൽ മന്ത്രി പി.എ മുഹമ്മദ് റിയാസിൻെറ താൽപര്യം ആർക്കാണ് എന്നതിനെ ആശ്രയിച്ചായിരിക്കും കോഴിക്കോട്ടെ ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പ്.
കോഴിക്കോട് നിന്നുളള സീനിയർ നേതാവ് എളമരം കരീം ആണെങ്കിലും മുഹമ്മദ് റിയാസ് സംസ്ഥാന സെക്രട്ടേറിയേറ്റംഗം ആയതോടെ പ്രഭാവം കുറഞ്ഞു. ഇപ്പോൾ മന്ത്രി മുഹമ്മദ് റിയാസിനെ ചുറ്റിപ്പറ്റിയാണ് കോഴിക്കോട്ടെ സി.പി.എമ്മിൻെറ ചലനങ്ങൾ.
75 വയസ് ആകുന്ന തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസും കാസർകോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്ററും സ്ഥാനം ഒഴിയാനാണ് സാധ്യത. തൃശൂരിൽ മുൻ എം.എൽ.എ കെ.വി. അബ്ദുൽ ഖാദർ ജില്ലാ സെക്രട്ടറിയാകാനാണ് സാധ്യത.
കാസർകോട്ട് ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷറർ വി.വി. രമേശനൊ മുൻ എം.എൽ.എ കെ.പി സതീഷ് ചന്ദ്രനോ ജില്ലാ സെക്രട്ടറിയായേക്കും. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറിൻെറ പ്രവർത്തനങ്ങളിൽ സംസ്ഥാന നേതൃത്വത്തിന് തൃപ്തിയില്ല.
പുതിയ കാലത്തിനുതകുന്ന പ്രവർത്തനം കാഴ്ചവെക്കാൻ കഴിയാത്ത നാസറിനെ മാറ്റിയാൽ അത്ഭുതപ്പെടേണ്ടതില്ല. എന്നാൽ വിഭാഗീയ ചേരിതിരിവ് രൂക്ഷമായ ആലപ്പുഴയിൽ ആർ. നാസറിന് പകരക്കാരനായി ആരെ കൊണ്ടുവരും എന്നതാണ് സംസ്ഥാന നേതൃത്വത്തെ അലട്ടുന്ന പ്രശ്നം.
പയ്യന്നൂരിലെ വിഭാഗീയ പ്രശ്നങ്ങളും ചേരിതിരിവും ഇനിയും അമർച്ച ചെയ്യാൻ കഴിയാത്തതിൻെറ പേരിൽ കണ്ണൂർ ജില്ലാ സെക്രട്ടറി എം .വി. ജയരാജനോടും സംസ്ഥാന നേതൃത്വത്തിന് തൃപ്തിയില്ല. മറ്റേതെങ്കിലും സംഘടനാ പദവി നൽകി എം.വി.ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുളള സാധ്യത തളളിക്കളയാനാവില്ല.
എം.വി. ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടമായേക്കും
എം.വി. ജയരാജൻ ഒഴിഞ്ഞാൽ മുൻ എം.എൽ.എ ടി.വി.രാജേഷോ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷോ ജില്ലാ സെക്രട്ടറിയായേക്കും.
വിഭാഗീയ പോരാട്ടം രൂക്ഷമായ കരുനാഗപ്പളളി ഏരിയാ കമ്മിറ്റിയിൽ ഇടപെടൽ നടത്തുന്നതിൽ പരാജയപ്പെട്ട കൊല്ലം ജില്ലാ സെക്രട്ടറി കൊല്ലായിൽ എസ്.സുദേവനെയും മാറ്റണം എന്ന ആവശ്യം ശക്തമാണ്.
പുതിയ കാലത്തിന് പറ്റിയ നേതാവല്ലെന്ന വിലയിരുത്തലും സംസ്ഥാന നേതൃത്വത്തിന് മുന്നിലുണ്ട്. സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ജില്ലയായതാണ് സുദേവന് രക്ഷയാകുന്നത്.എന്നാൽ ശക്തമായ ഇടപെടലിന് സംസ്ഥാന നേതൃത്വം തീരുമാനിച്ചാൽ സുദേവൻ തെറിയ്ക്കും.
തിരുവനന്തപുരത്തെ മംഗലപുരത്തെ ഏരിയാ സെക്രട്ടറിയുടെ ഇറങ്ങിപ്പോക്കും, കരുനാഗപ്പളളിയിലെ പരസ്യ പ്രകടനവും തിരുവല്ലയിൽ ലോക്കൽ സമ്മേളനത്തിലെ ഭിന്നതയുമാണ് ഈ സമ്മേളനകാലത്ത് സി.പി.എമ്മിന് നാണക്കേട് ഉണ്ടാക്കിയത്.
ഏരിയാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ മംഗലപുരം മുൻ എരിയാ സെക്രട്ടറി രണ്ടാം ദിവസം ബി.ജെ.പിയിൽ ചേർന്നതും സി.പി.എമ്മിന് കനത്ത ആഘാതമായി.
പാർട്ടി സമ്മേളനങ്ങളിൽ തഴയപ്പെടുമെന്ന് മുൻകൂട്ടി കണ്ട് കായംകുളത്തെ മുൻ ഏരിയ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റുമായ ബിപിൻ.സി.ബാബു ബി.ജെ.പിയിൽ ചേർന്നതും സി.പി.എമ്മിൻെറ വായടപ്പിച്ചുകളഞ്ഞു.
ഈ കാലമെല്ലാം നേതാക്കൾ അവകാശപ്പെട്ടത് പോലെ ഒരു വ്യത്യസ്തയും രാഷ്ട്രീയ ഉളളടക്കവുമുളളവരല്ല സി.പി.എമ്മിൻെറ പുതിയകാല നേതൃത്വം എന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്.
വി.എസ്. – പിണറായി വിഭാഗങ്ങളുടെ ശക്തിപരീക്ഷണം നടന്ന കാലത്തേ പോലെ വിഭാഗീയത ഇല്ലെങ്കിലും പ്രാദേശികമായ അധികാര തർക്കങ്ങളാണ് സി.പി.എമ്മിൻെറ ഇപ്പോഴത്തെ തലവേദന.
ഈ തർക്കങ്ങൾക്കൊന്നും ആശയപരമോ രാഷ്ട്രീയമായതോ ആയ അടിത്തറ ഇല്ല എന്നതാണ് മറ്റൊരു പ്രശ്നം.