മൂന്ന് ദിവസത്തെ റഷ്യന്‍ സന്ദർശനം ആരംഭിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

മോസ്കോ : മൂന്ന് ദിവസത്തെ റഷ്യന്‍ സന്ദർശനത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹം റഷ്യയില്‍ എത്തിച്ചേര്‍ന്നത്. പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായി കേന്ദ്ര പ്രതിരോധ മന്ത്രി ചര്‍ച്ച നടത്തും. കൂടാതെ റഷ്യൻ നിർമ്മിത സ്റ്റെൽത്ത് യുദ്ധക്കപ്പലായ ഐഎൻഎസ് തുഷിൽന്റെ കമ്മീഷനിങ് ചടങ്ങില്‍ പങ്കെടുക്കുകയും, ഇന്ത്യന്‍ കമ്മ്യൂണിറ്റിയുമായി ചര്‍ച്ച നടത്തുകയും ചെയ്യും. 

റഷ്യന്‍ അംബാസഡർ വിനയ് കുമാറും റഷ്യൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അലക്‌സാണ്ടർ ഫോമിനും ചേര്‍ന്നാണ് രാജ്‌നാഥ് സിംഗിനെ സ്വീകരിച്ചത്. റഷ്യന്‍ നിര്‍മ്മിത ഐഎന്‍എസ് തുഷിലിന്റെ കമ്മീഷനിംഗ് ഇന്ന് കലിനിന്‍ഗ്രാന്റിലെ യന്ത്ര ഷിപ്പ്യാര്‍ഡില്‍ നടക്കും. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി ചടങ്ങിൽ രാജ്‌നാഥ് സിംഗിനെ അനുഗമിക്കും.

സൈനിക, വ്യാവസായിക സഹകരണം ഉൾപ്പെടെ പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം രാജ്‌നാഥ് സിംഗും ബെലോസോവും അവലോകനം ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

നിലവിലുള്ള പ്രതിരോധ പദ്ധതികൾ അവലോകനം ചെയ്യുന്നതിനു പുറമേ, ലോകത്തിലെ ഏറ്റവും നൂതനമായി കണക്കാക്കപ്പെടുന്ന റഷ്യൻ എസ്-400 ട്രയംഫ് എയർ ഡിഫൻസ് സിസ്റ്റത്തിൻ്റെ ശേഷിക്കുന്ന രണ്ട് യൂണിറ്റുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാകും ഊന്നല്‍ നല്‍കുക. 2018 ൽ ഇന്ത്യയും റഷ്യയും 5.43 ബില്യൺ ഡോളറിൻ്റെ കരാറിൽ ഒപ്പുവെച്ചതോടെ എസ് -400 വ്യോമ പ്രതിരോധ സംവിധാനത്തിൻ്റെ അഞ്ച് യൂണിറ്റുകള്‍ ഇന്ത്യ കരസ്ഥമാക്കിയിരുന്നു. 

ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദർശിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് രാജ്‌നാഥ് സിംഗിൻ്റെ യാത്ര.
 

By admin