പ്രേംകുമാറിന് ഒന്നാം റാങ്ക്, മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും വിദ്യാഭ്യാസ യോഗ്യത

പ്രേംകുമാറിനാണ് നിലവില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതല. വൈസ് ചെയര്‍മാനായി പ്രേംകുമാര്‍ പേരെടുത്തിരുന്നു. രഞ്‍ജിത്ത് ചെയര്‍മാൻ സ്ഥാനം രാജിവച്ച ഒഴിവിലാണ് പ്രേംകുമാര്‍ തലപ്പത്തേയ്‍ക്ക് എത്തുന്നത്. ആദ്യമായാണ് നടൻ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനാകുന്നത്. സംവിധായകരായിരുന്നു മിക്കപ്പോഴും ചെയര്‍ പദവിയിലുണ്ടായിരുന്നത്. കോമഡി റോളുകളിലൂടെ പേരെടുത്ത ഒരു താരമാണ് പ്രേംകുമാര്‍. എന്നാല്‍ ഒന്നാം റാങ്കോടെ നാടകത്തില്‍ ബിരുദം നേടിയിട്ടുമുണ്ട് പ്രേംകുമാര്‍.

ഐഎഫ്എഫ്‍കെ നടക്കാനിരിക്കേ ചെയര്‍മാനും മലയാള ചലച്ചിത്ര നടനുമായ പ്രംകുമാറിന്റെ സമീപനങ്ങളും നിലപാടുകളും ശ്രദ്ധയാകര്‍ഷിക്കുമെന്ന് ഉറപ്പാണ്. ആ സാഹചര്യത്തില്‍ പ്രേംകുമാറിന്റെ വിദ്യാഭ്യാസയോഗ്യത എന്ത് എന്ന് മനസ്സിലാക്കുന്നത് കൗതുകമായിരിക്കും ആരാധകര്‍ക്ക്. ചെമ്പഴത്തി ശ്രീ നാരായണ കോളേജില്‍ തന്റെ സൈക്കോളജി ബിരുദം നേടിയ പ്രേംകുമാര്‍ പിന്നീട് കോഴിക്കോട് സര്‍വകലാശാലയുടെ സ്‍കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് തിയറ്ററില്‍ ഒന്നാം റാങ്കും ഗോള്‍ഡ് മെഡലുമായി ബിരുദം നേടി. പ്രംകുമാര്‍ മാത്രമല്ല ഒന്നാം റാങ്ക് സ്വന്തമാക്കിയ നടൻമാര്‍.

കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരും ഇന്ന് സിനിമയില്‍ വേറിട്ട ഭാവങ്ങളില്‍ എത്തി വിസ്‍മയിപ്പിക്കുന്ന ജഗദീഷ് തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയസ് കോളേജില്‍ നിന്ന് എംകോം ബിരുദം നേടിയപ്പോള്‍ കേരള സര്‍വകലാശാലയില്‍ ഒന്നാം റാങ്കുകാരനുമായിരുന്നു. അനൂപ് മേനോൻ തിരുവനന്തപുരം ലോ കോളേജില്‍ തന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ ഒന്നാം റാങ്കുകാരനുമായിരുന്നു. ഇന്ദ്രജിത്ത് തിരുന്നല്‍വേലി സര്‍ദാര്‍ കോളേജിലാണ് തന്റെ ബിടെക്സ് പഠനം പൂര്‍ത്തിയാക്കുകയും ബിരുദം നേടുകയും ചെയ്‍തത്. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഐടിഎയില്‍ നിന്നാണ് തന്റെ മെക്കാനിക്കല്‍ ഡിപ്ലോമ കോഴ്‍സ് സുരാജ് വെഞ്ഞാറമൂട് പൂര്‍ത്തിയാക്കിയത്.

ബികോം ബിരുദധാരിയാണ് കോളേജ് കാലത്തേ സിനിമയില്‍ എത്തിയ മോഹൻലാല്‍. തിരുവനന്തപുരം എംജി കോളേജില്‍ നിന്നാണ് താരം ബിരുദമെടുത്തത്. മമ്മൂട്ടി വക്കീല്‍ ആയിരുന്നു സിനിമയില്‍ വരുന്നതിന് മുമ്പ് എന്ന് നടന്റെ ആരാധകര്‍ക്ക് മിക്കവര്‍ക്കും അറിയാവുന്ന കാര്യമാണ്. എറണാകുളം ഗവണ്‍ ലോ കോളേജിലാണ് താരം വിദ്യാഭ്യാസം നടത്തിയും എല്‍എല്‍ബി ബിരുദം കരസ്ഥമാക്കിയതും. ഓസ്‍ടേലിയയിലെ ടാസ്‍മാനിയ ഐടി യൂണിവേഴ്‍സ്റ്റിയില്‍ തന്റെ പഠനം നടത്തവേയാണ് പൃഥ്വിരാജിന് നന്ദനത്തിലേക്ക് അവസരം ലഭിക്കുന്നതും പിന്നീട് സിനിമയില്‍ ഒന്നാംനിര നായകനാകുകയും ചെയ്‍തത്. തുടര്‍ന്ന് ബിരുദ പഠനം ഉപേക്ഷിക്കുകയായിരുന്നു.  തീപാറും ഡയലോഗുകളിലൂടെ ആവേശം സൃഷ്‍ടിച്ച താരമായ സുരേഷ് ഗോപിയാകട്ടെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ആക്ഷൻ ഹീറോയായ സുരേഷ് ഗോപി തന്റെ എംഎ പഠനം കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലായിരുന്നു നടത്തിയത്. മിമിക്രിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനാകുകയും പിന്നീട് സിനിമയില്‍ കുടുംബ നായകനായി മാറുകയും ചെയ്‍ത ജയറാം കാലടി ശ്രീ ശങ്കര കോളേജില്‍ നിന്ന് ഇക്കണോമിക്സില്‍ ബിരുദം നേടി.

Read More: ഒടിടിയിലും ഹിറ്റ്, അമരൻ ശരിക്കും എത്ര നേടി?, കണക്കുകള്‍ പുറത്തുവിട്ട് സാക്നില്‍ക്കും

By admin