പാലാ. പതിറ്റാണ്ടുകളോളം  പാലാ കൈരളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സ് പ്രിൻസിപ്പലായിരുന്ന യശ്ശഃശ്ശരീരനായ എം കെ പ്രഭയുടെ ദീപ്ത സ്മരണാർത്ഥം കുട്ടികൾക്കായി അഖില കേരള ചിത്രരചനാ മത്സരം  ഡിസംബർ 21 ന് രാവിലെ 9.30 ന്, പാലാ സെയിന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.
ഡിസംബർ 17 ന് അവസാനിയ്ക്കുന്ന രജിസ്ട്രേഷൻ സൗജന്യമായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. പാലായുടെ സാഹിത്യ, സാംസ്കാരിക മണ്ഡലത്തിൽ പതിറ്റാണ്ടുകൾ നിറഞ്ഞു നിന്ന, ചിത്രകലയെ സ്നേഹിച്ച കലാ അദ്ധ്യാപകനായിരുന്നു എം കെ പ്രഭ. നാടകവും കവിതയും ചിത്രരചനയും അദ്ധ്യാപനവും ഒരേപോലെ കൊണ്ടുനടന്ന പ്രഭ  ഒട്ടേറെ പ്രശസ്തരും പ്രഗത്ഭരുമായിട്ടുള്ളവർക്ക് ആതിഥേയനുമായിട്ടുണ്ട്.
ജോൺ എബ്രഹാമും അരവിന്ദനും പത്മരാജനും കെ ജി ജോർജ്ജും ഉൾപ്പെടെ മലയാളസിനിമയുടെ വസന്തകാല സൗരഭ്യങ്ങളൊക്കെ  “പ്രഭാവലയത്തിൽ” ആകർഷണീയരായി പാലായിൽ എത്തിയിട്ടുണ്ട്.
സൗമ്യനും മിതഭാഷിയുമായിരുന്ന പ്രഭ, തന്റെ ശിഷ്യഗണങ്ങൾക്ക് ഋഷിതുല്യനായ കലാ അദ്ധ്യാപകനായിരുന്നു. പാലാ സെയിന്റ് തോമസ് കോളജിലെ പഠനത്തിനു ശേഷം പ്രഭ, മാവേലിക്കര രാജാ രവിവർമ്മ സ്കൂൾ ഓഫ് ആർട്സ്, ശാരദാ ഉകിൽ സ്കൂൾ ഓഫ് ആർട്സ്, ന്യൂ ഡൽഹി എന്നിവിടങ്ങളിലായി ചിത്രകലാ പഠനം പൂർത്തിയാക്കി. 
കേരള സ്കൂൾ ഡൽഹി, എസ് എഫ് എസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ചിത്രകലാ അദ്ധ്യാപകനായി. ചിത്രകലയ്ക്ക് പുറമേ, നാടകരചനയിലും കവിതാരചനയിലും തനതായ രചനാവൈഭവവും വ്യക്തിമുദ്രയും പതിപ്പിച്ചു.
1972 ലെ മികച്ച നാടക രചനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് പ്രഭയ്ക്കായിരുന്നു. തുടർന്ന്, 1974 ൽ അദ്ദേഹത്തിന്റെ “ഉൽപ്രേക്ഷ” എന്ന നാടകത്തിന് കേരള സംഗീത നാടക അക്കാദമി അഞ്ച് അവാർഡുകൾ നൽകിയാണ് പ്രഭയെ  ആദരിച്ചത്.
 
1978 ൽ ന്യൂ ഡെൽഹിയിലെ ബംഗാളി ക്ലബ്ബ്,  പ്രഭയുടെ “യതി” എന്ന നാടകത്തിന് ന്യൂ ഡൽഹിയിൽ വെച്ച് അവാർഡ് നൽകുകയുണ്ടായി. പാലായുടെ സാംസ്കാരിക പൈതൃകത്തിന്റെ പിൻഗാമികളിൽ ഒരാളായ പ്രഭ, ഇന്ത്യയിലെ ഒട്ടുമിക്ക കലാകാരൻമാരുമായും സാഹിത്യകാരന്മാരുമായി ഊഷ്മളമായ ബന്ധം പുലർത്തിയിരുന്നു.  പശ്ചിമബംഗാളിലെ സാഹിത്യ, നാടക മേഖലയിലുള്ളവർക്കും   സുപരിചതനായിരുന്നു പ്രഭ. 
പ്രഭയുടെ കുടുംബാംഗങ്ങളും ശിഷ്യരും ചേർന്നാണ് “പ്രഭാകൈരളി” എന്ന പേരിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.പാലാ, പൂവരണിയിലെ പീടികയ്ക്കൽ കേശവന്റെയും കുട്ടിയമ്മയുടെയും മകനായിരുന്നു. ഇന്ദിരയാണ് സഹധർമ്മിണി. മക്കൾ ആതിര, ആരതി.
പ്രഭാകൈരളി ചിത്രരചനാ മത്സരം 
ഹയർ സെക്കണ്ടറി വിഭാഗത്തിലും, യു പി വിഭാഗത്തിലും ചിത്ര രചനാ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 5000, 4000,3000 രൂപ വീതം സമ്മാനം ലഭിയ്ക്കും.
എൽ പി വിഭാഗത്തിലും കെ ജി വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി വിജയികളാകുന്നവർക്ക് യഥാക്രമം 4000,3000,2000 രൂപ വീതം നൽകും.
കെ ജി, എൽ പി വിഭാഗത്തിലെ മത്സരാർത്ഥികൾ  വാട്ടർകളർ, സ്കെച്ച് പെൻ, ക്രയോൺ, കളർ പെൻസിൽ തുടങ്ങിയവ ഉപയോഗിച്ച് വേണം ചിത്രങ്ങൾ വരയ്ക്കേണ്ടത്.
അതേസമയം യു പി, ഹയർ സെക്കണ്ടറി വിഭാഗത്തിലെ മത്സരാർത്ഥികൾ വാട്ടർ കളർ മാത്രം ഉപയോഗിച്ച് വേണം ചിത്രങ്ങൾ വരയ്ക്കേണ്ടത് എന്ന് സംഘാടകർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *