ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ സൗദിക്ക് വേണ്ടി കോർട്ടിലിറങ്ങി മലയാളി താരം; സ്വർണവുമായി തിരിച്ചു കയറി ഖദീജ നിസ

റിയാദ്: സൗത്താഫ്രിക്കന്‍ ഇൻറര്‍നാഷനല്‍ 2024 ബാഡ്മിൻറണ്‍ വനിതാ സിംഗിള്‍സ് അണ്ടര്‍ 19 മത്സരത്തില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച മലയാളി താരം ഖദീജ നിസക്ക് സ്വര്‍ണം. മിക്‌സഡ് ഡബിള്‍സിലും ഖദീജ നിസ-സൗദി താരം യാസീൻ സഖ്യം വെള്ളി മെഡൽ നേടി. 

നേരത്തെ സീനിയര്‍ വിഭാഗത്തില്‍ ഖദീജ വെങ്കലം നേടിയിരുന്നു. സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണില്‍ നവംബർ 27 മുതൽ ഡിസംബർ നാല് വരെ നടന്ന ഇൻറർനാഷനൽ സീനിയർ ആൻഡ് ജൂനിയർ ബാഡ്മിൻറൺ ടൂർണമെൻറിലാണ് കോഴിക്കോട് കൊടുവള്ളി സ്വദേശിനിയായ ഖദീജ നിസയുടെ ഈ മെഡൽ നേട്ടങ്ങൾ. വനിതാ സിംഗിള്‍സ് അണ്ടര്‍ 19 ഫൈനലില്‍ മൗറീഷ്യസ് താരം എൽസാ ഹൗ ഹോങ്ങിനെ 21-16, 21-15 പോയിൻറുകള്‍ക്ക് തോൽപിച്ച് ആധികാരിക ജയത്തോടെയാണ് ഖദീജ സ്വര്‍ണപ്പതക്കം അണിഞ്ഞത്.

സൗദി ദേശീയ ഗെയിംസിൽ ഹാട്രിക് സ്വർണ മെഡൽ ജേതാവായ ഖദീജ അന്താരാഷ്ട്ര മത്സരങ്ങളിൽ സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്ന താരമാണ്. ബാഡ്മിൻറൺ ലോക റാങ്കിങ്ങിൽ സൗദിയിൽ നിന്ന് ഒന്നാം റാങ്കിലുള്ള ഖദീജ റിയാദിൽ പ്രവാസിയായ കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ് കോട്ടുരിെൻറയും ഷാനിദയുടേയും മൂന്നാമത്തെ മകളായി സൗദിയിലാണ് ജനിച്ചത്. റിയാദിലെ സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഉപരിപഠന വിദ്യാർഥിയാണ്.

Read Also –  ലുലു സ്റ്റോറുകളിൽ കിടിലൻ ഓഫർ, ആഴ്ചയിൽ 53തരം യുഎഇ ഉത്പന്നങ്ങൾക്ക് സ്പെഷ്യൽ പ്രമോഷൻ; ക്യാമ്പയിന് തുടക്കമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin