മനാമ : ബഹ്റൈനില്‍ നിന്നും കൊച്ചിയിലേക്ക് ദിവസവും വിമാനങ്ങള്‍ ഇല്ലാത്ത വിഷയത്തില്‍ ബഹ്റൈന്‍ ഇന്‍ഡിഗോ അധികൃതര്‍ക്ക് ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ കമ്മിറ്റി നിവേദനം നല്‍കി. കേരളത്തിന്റെ വ്യവസായിക തലസ്ഥാനമായ കൊച്ചിയിലേക്ക്, ബഹ്റൈനില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസ് ദിവസവും ഇല്ലാത്തത് മൂലം യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്.
കേരളത്തിന്റെ മധ്യഭാഗത്തു നില്‍ക്കുന്ന എയര്‍പോര്‍ട്ട് എന്ന നിലയില്‍ എല്ലാ സ്ഥലങ്ങളിലേക്കും യാത്ര എളുപ്പം ആകുന്ന വിമാനത്താവളം ആണ് കൊച്ചി.
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍, അടിയന്തിരമായി നാട്ടിലേക്ക് യാത്ര പോവേണ്ടവര്‍ക്കും മറ്റും, ദിവസവും വിമാനം ഉണ്ടായാല്‍ ഉള്ള ഗുണങ്ങളെ കുറിച്ച് ഇന്‍ഡിഗോ അധികൃതരെ ബോധ്യപ്പെടുത്തിയതായി ഐ.വൈ.സി.സി നേതാക്കള്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ഇന്ത്യന്‍ അംബാസഡര്‍ക്കും സംഘടന നിവേദനം കൊടുത്തിരുന്നു,
വിഷയത്തില്‍ അനുഭാവ പൂര്‍വ്വമായ ഇടപെടല്‍ ഉണ്ടാവുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹീം, ട്രെഷറര്‍ ബെന്‍സി ഗനിയുഡ് എന്നിവരാണ് ഇന്‍ഡിഗോ ജനറല്‍ മാനേജര്‍ ഹൈഫ ഔന്‍, സെയില്‍സ് മാര്‍ക്കറ്റിംഗ് മാനേജര്‍ റിയാസ് മുഹമ്മദ് എന്നിവര്‍ക്ക് നിവേദനം നല്‍കിയത്.