കൊച്ചി: ഹേമ കമ്മിറ്റി റിപോർട്ടിൻെറയും അനുബന്ധ വെളിപ്പെടുത്തലുകളെയും തുടർന്ന് പിരിച്ചുവിടപ്പെട്ട മലയാള സിനിമയിലെ താരസംഘടന ‘അമ്മ’ പുനരുജ്ജീവിപ്പിക്കുന്നു.
ജനുവരിയിൽ കുടുംബസംഗമം സംഘടിപ്പിച്ച് കൊണ്ട് സംഘടനയ്ക്ക് ഉയിർത്തെഴുന്നേൽപ്പ് നൽകാനാണ് തീരുമാനം. ‘അമ്മ’ പ്രസിഡന്റ് ആയിരുന്ന മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബസംഗമം സംഘടിപ്പിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെയും അവസരം വാഗ്ദാനം ചെയ്ത് ജൂനിയർ നടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെയും കുടുംബ സംഗമത്തിലേക്ക് ക്ഷണിക്കും. ജനുവരി ആദ്യ വാരം കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് സംഗമം.
സംഘടനയിലെ 506 അംഗങ്ങളെയും അവരുടെ കുടുംബത്തെയും സംഗമത്തിലേക്ക് ക്ഷണിക്കും. സംഘടനയുമായി പിണങ്ങി നിൽക്കുന്ന ഷമ്മി തിലകൻ ഉൾപ്പെടെയുളളവരെയും ഒഴിവാക്കില്ല.
കുടുംബസംഗമത്തിന് ശേഷം പുതിയ സംഘടനയുടെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുക്കും. ഹേമാ കമ്മിറ്റി റിപോർട്ടും അതിനോടനുബന്ധിച്ചുണ്ടായ തുറന്നുപറച്ചിലുകളുമാണ് താരസംഘടനയെ തകർത്തുകളഞ്ഞത്.
കേന്ദ്ര ടൂറിസം സഹമന്ത്രിയും സിനിമാ താരവുമായ സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് ‘അമ്മ’ യുടെ പുനരുജ്ജീവന ശ്രമങ്ങൾ. താരങ്ങളുടെ കുടുംബസംഗമം എന്ന ആശയം തന്നെ സുരേഷ് ഗോപിയുടേതാണ്.
ഹേമാ കമ്മിറ്റി റിപോർട്ടിനെ തുടർന്നുണ്ടായ വെളിപ്പെടുത്തലോടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെയ്ക്കുകയും വനിതാ ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് വൻതോതിൽ വിമർശനം ഉയർന്നതിനെയും തുടർന്നാണ് താര സംഘടനയായ ‘അമ്മ’ പിരിച്ചുവിട്ടത്.
അഡ് ഹോക് കമ്മിറ്റിയാണ് ഇപ്പോൾ സംഘടനയെ നയിക്കുന്നത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അംഗങ്ങൾക്കുളള സഹായ പദ്ധതിയായ കൈനീട്ടവും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയും എല്ലാം അവതാളത്തിലാണ്.
ഈ സാഹചര്യത്തിലാണ് സംഘടനയെ പഴയ പ്രൗഡിയോടെ തിരിച്ചുകൊണ്ടുവരാൻ ശ്രമങ്ങൾ ആരംഭിച്ചത്. നിലവിലുളള പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകൊണ്ടാണ് താരസംഘടന ‘അമ്മ’ പുതുജീവൻ നേടാൻ ഒരുങ്ങുന്നത്.
സിനിമ മേഖലയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയുടെ അകമഴിഞ്ഞ പിന്തുണയും പുതിയ നീക്കത്തിനുണ്ട്. സിനിമ സംഘടനയിൽ മാറ്റം വരണമെന്നും പുരുഷാധിപത്യ പ്രവണതകൾ അവസാനിപ്പിക്കണമെന്നും മാധ്യമങ്ങളുടെ മുന്നിൽ വന്ന് പറയുന്ന ന്യൂജെൻ നടന്മാർ ആരും തന്നെ ക്ഷേമപ്രവർത്തനങ്ങളിൽ ഒരു താൽപര്യവും കാണിക്കാറില്ല.
മമ്മൂട്ടിയും മോഹൻലാലും മുന്നിട്ടിറങ്ങിയാൽ മാത്രമേ ഇപ്പോഴും ക്ഷേമപ്രവർത്തനങ്ങൾക്കുളള വക കണ്ടെത്താനാകൂ. പരസ്യ വിമർശനം ഉന്നയിച്ച് സംഘടനയെ തകർത്തുകളഞ്ഞവരെ നമ്പാൻ ആകില്ലെന്ന തിരിച്ചറിവും പുനരുജ്ജീവന ശ്രമങ്ങൾക്ക് പ്രേരണയായിട്ടുണ്ട്.
താരസംഘടന പുനരുജ്ജീവിപ്പിക്കാൻ നടക്കുന്ന ശ്രമങ്ങൾ പോലെ സർക്കാർ സിനിമാ നയം രൂപീകരിക്കാനുളള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ്. നയം രൂപീകരിക്കുന്നതിൻെറ ഭാഗമായി നടക്കുന്ന ചർച്ചയുടെ ഒന്നാംഘട്ടം പൂർത്തിയായി.
ആദ്യഘട്ടത്തിൽ 75 സംഘടനകളുമായി സർക്കാർ ചർച്ച നടത്തി. ഫെഫ്കയും വിമൻ ഇൻ സിനിമ കളക്ടീവ് ( ഡബ്ള്യു.സി.സി) തുടങ്ങിയവരെല്ലാം ഇതിൽ ഉൾപ്പെടുന്നു. 429 ചലച്ചിത്ര പ്രവർത്തകരിൽ നിന്നും സിനിമാ നയത്തെ സംബന്ധിച്ച് അഭിപ്രായം കേട്ടു.
സർക്കാർ സംവിധാനങ്ങളുമായാണ് അടുത്ത ഘട്ടത്തിലെ ചർച്ച. ചലച്ചിത്ര കോർപ്പറേഷൻ, ചലച്ചിത്ര അക്കാദമി തുടങ്ങി പൊലീസ് തലം വരെയുളളവരുടെ അഭിപ്രായങ്ങൾ ആരായും. രാജ്യാന്തര ചലച്ചിത്രാത്സവത്തിന് ശേഷമായിരിക്കും രണ്ടാം ഘട്ട ചർച്ച. പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമാകും സിനിമാ നയത്തിന് അന്തിമ രൂപം നൽകുക.