വൈക്കം: നടന്‍ ബാലയുടെ വൈക്കം നേരെ കടവിലുള്ള വീട്ടില്‍ ബാലക്കൊപ്പമുള്ള ഫോട്ടോ എടുക്കാനായി അതിക്രമിച്ചു കയറാന്‍ യുവാക്കളുടെ ശ്രമം, പോലീസില്‍ പരാതി നല്‍കി നടന്‍. യുവാക്കള്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത് സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞതോടെ യുവാക്കളും സെക്യൂരിറ്റിയും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. സംഭവവുമായി ബന്ധപ്പെട്ടു സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ വൈക്കംപോലിസില്‍ നടന്‍ പരാതി നല്‍കി. കാറിലെത്തിയ 6 അംഗ സംഘം അനുമതി കൂടാതെ ഗേറ്റ് തുറന്ന് അകത്തു കടക്കുകയായിരുന്നു.
വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഉടന്‍ ഓടിയെത്തി ബാല വീട്ടിലില്ലെന്ന് അറിയിച്ചെങ്കിലും നടനുമൊത്ത് ഫോട്ടോ എടുക്കണമെന്നു പറഞ്ഞു യുവാക്കള്‍ തര്‍ക്കിക്കുകയും സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കേറ്റം നടത്തുകയായിരുന്നു. ബഹളം കേട്ടു കൂടുതല്‍ ആളുകള്‍ ഇവിടെക്ക് എത്തിയതോടെ യുവക്കള്‍ പോകുകയായിരുന്നു. എത്തിയവര്‍ മദ്യ ലഹിയിലായിരുന്നുവെന്നു പറയപ്പെടുന്നു.
അടുത്തിടെയാണു ബാലയും ബന്ധുകൂടിയായ കോകിലയും വിവാഹിതരായത്. പിന്നീട് നവംബര്‍ അവസാനത്തോടെ കൊച്ചിയില്‍ നിന്നു വൈക്കത്തേക്കു താമസം മാറ്റുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഭാര്യ കോകിലയ്ക്കു നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ചു ബാല രംഗത്തു വന്നിരുന്നു.