ഗ്രാൻഡ് വിറ്റാരയും ഹൈറൈഡറുമൊക്കെ പാടുപെടും! 26കിമി മൈലേജുമായി പുത്തൻ ഹോണ്ട എലിവേറ്റ്
പുതിയ ഹോണ്ട അമേസിൻ്റെ ലോഞ്ച് ചടങ്ങിൽ, ജാപ്പനീസ് കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ 26-27 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തോടെ രാജ്യത്ത് മൂന്ന് പുതിയ എസ്‌യുവികൾ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ഇതോടൊപ്പം, ഈ മോഡലുകൾ ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിക് പവർട്രെയിനുകൾക്കൊപ്പം വരും. നിലവിൽ രാജ്യത്ത് തങ്ങളുടെ ഏക എസ്‌യുവിയായി എലിവേറ്റിനെയാണ് ഹോണ്ട വിൽക്കുന്നത്. ഹോണ്ട എലിവേറ്റിൻ്റെ പുതിയ ഇലക്ട്രിക് പതിപ്പ് 2026 -ൽ നമ്മുടെ വിപണിയിലും എത്തും എന്നാണ് റിപ്പോട്ടുകൾ.
ഹൈബ്രിഡ് പവർട്രെയിനോടുകൂടിയ എസ്‌യുവികൾ ഹോണ്ട അവതരിപ്പിക്കും എന്നതാണ് ഹോണ്ടയിൽ നിന്നുള്ള വാത്തകളിൽ ഏറ്റവും ശ്രദ്ധേയം. ഇതിൽ എലവേറ്റ് ഹൈബ്രിഡ് ഉൾപ്പെടാൻ സാധ്യതയുണ്ട്. ബ്രാൻഡിൻ്റെ ഇന്ധനക്ഷമതയുള്ള ഹൈബ്രിഡ് പവർട്രെയിൻ ഹോണ്ട എലിവേറ്റിന് ഉടൻ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സിറ്റി e:HEV സെഡാനെ ശക്തിപ്പെടുത്തുന്ന അതേ 1.5-ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ എഞ്ചിൻ ഇതിന് ലഭിക്കും .
ഹോണ്ട സിറ്റിയുടെ പ്ലാറ്റ്‌ഫോമിലാണ് എലിവേറ്റ് എസ്‌യുവി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ അറ്റ്കിൻസൺ സൈക്കിൾ 1.5 ലിറ്റർ, 4-സിലിണ്ടർ എഞ്ചിൻ ഹൈബ്രിഡ് എഞ്ചിൻ സജ്ജീകരണത്തിൽ ഉൾപ്പെടുന്നു. ആദ്യത്തെ മോട്ടോർ ഒരു ഇലക്ട്രിക് ജനറേറ്ററായി പ്രവർത്തിക്കുന്നു. രണ്ടാമത്തേത് വാഹനത്തെ മുന്നോട്ട് നയിക്കുന്നു. പവറും ടോർക്കും യഥാക്രമം 126 ബിഎച്ച്‌പിയും 253 എൻഎംയുമാണ്. ബൂട്ടിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇസിവിടിയും ബാറ്ററി പാക്കും ഇതിൽ ഫീച്ചർ ചെയ്യും.
2023-ൽ ആണ് ഹോണ്ട എലിവേറ്റ് എസ്‌യുവി രാജ്യത്ത് അവതരിപ്പിച്ചത്. 2025-26-ൽ എത്താൻ സാധ്യതയുള്ള ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനൊപ്പം ഹൈബ്രിഡ് പവർട്രെയിൻ വാഗ്ദാനം ചെയ്തേക്കാം എന്നാണ് റിപ്പോട്ടുകൾ. സിറ്റി സെഡാനൊപ്പം, ഹൈബ്രിഡ് എഞ്ചിൻ 26 കിമി ഇന്ധനക്ഷമത നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഹോണ്ട എലിവേറ്റ് ഹൈബ്രിഡിലും സമാനമായ മൈലേജ് സംഖ്യകൾ പ്രതീക്ഷിക്കുന്നു. ഹോണ്ട എലിവേറ്റ് ഹൈബ്രിഡ് പതിപ്പ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ്, ടൊയോട്ട ഹൈറൈഡർ ഹൈബ്രിഡ് എന്നിവയോട് നേരിട്ട് മത്സരിക്കും.