സെവാഗിന്റെ ഇളയമകനും പ്രൊഫഷണല്‍ ക്രിക്കറ്റിലേക്കുള്ള വരവറിയിച്ചു! വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ ഗംഭീര പ്രകടനം

ദില്ലി: വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ ഡല്‍ഹി അണ്ടര്‍ -16 ന് വേണ്ടി ഗംഭീര പ്രകടനവുമായി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിന്റെ രണ്ടാമത്തെ മകന്‍ വേദാന്ത് സെവാഗ്. 14-കാരനായ വേദാന്ത് ശനിയാഴ്ച പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തി. പഞ്ചാബിന്റെ ആദ്യ ഇന്നിംഗ്സില്‍ 469 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. പഞ്ചാബിന്റെ ബാറ്റിംഗ് കുതിപ്പിനെ നിയന്ത്രിക്കുന്നതില്‍ ഓഫ് സ്പിന്നര്‍ വേദാന്ത് നിര്‍ണായക പങ്കുവഹിച്ചു. ഓപ്പണിംഗ് ജോഡിയായ ഗുര്‍സിമ്രാന്‍ സിംഗും (196) അദ്വിക് സിംഗും (90) ചേര്‍ന്ന് 163 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു.

അദ്വിക്കിനെ പുറത്താക്കി വേദാന്ത് ബ്രേക്ക്ത്രൂ നല്‍കി. പിന്നീട് അരവിന്ദ് സിംഗിനെ (56) കൂടി മടക്കി വിക്കറ്റ് നേട്ടം രണ്ടാക്കി ഉയര്‍ത്തി. തുടര്‍ന്ന് ഡബിള്‍ സെഞ്ചുറിയുമായി അടുക്കുകയായിരുന്ന ഗുര്‍സിമ്രാന്റെ വിക്കറ്റും വേദാന്താണ് നേടിയത്. മറ്റൊരു വിക്കറ്റ് കൂടി കൂട്ടിചേര്‍ത്ത് താരം പട്ടിക പൂര്‍ത്തിയാക്കി. 40 ഓവറുകള്‍ എറിഞ്ഞ വേദാന്ത് 10 മെയ്ഡനുകള്‍ എറിഞ്ഞു. 140 റണ്‍സാണ് വിട്ടുകൊടുത്തത്. സ്‌പെല്ലില്‍ 178 ഡോട്ട് ബോളുകള്‍ ഉണ്ടായിരുന്നു. 

മതിയായി, നിര്‍ത്തിപോകൂ! ഇങ്ങനെ കാണാന്‍ വയ്യ; രോഹിത്-കോലി സഖ്യത്തിന്റെ മോശം ഫോമില്‍ ആരാധകര്‍ക്ക് നിരാശ

അടുത്തിടെ സെവാഗിന്റെ മൂത്ത മകന്‍ ആര്യവീര്‍ സെവാഗ് മേഘാലയയ്ക്കെതിരായ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇരട്ട സെഞ്ചുറി നേടിയിരുന്നു. 34 ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. മികച്ച പ്രകടനത്തിലൂടെ ദേശീയതലത്തില്‍ ക്രിക്കറ്റ് വിദഗ്ധരുടെ ശ്രദ്ധയാകര്‍ഷിക്കാനും ആര്യവീറിന് കഴിഞ്ഞു. ഷില്ലോങ്ങിലെ എംസിഎ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു 17കാരനായ ആര്യവീറിന്റെ മിന്നും പ്രകടനം. പുറത്താകാതെയാണ് 200 റണ്‍സെടുത്തത്. 

ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയരായ മേഘാലയയ്ക്ക് ആദ്യ ഇന്നിംഗ്‌സില്‍ 260 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗില്‍ ആര്യവീറും അര്‍ണവ് എസ് ബഗ്ഗയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 180 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഡല്‍ഹിയുടെ ശക്തമായ അടിത്തറയിട്ടു. ബഗ്ഗയും സെഞ്ച്വറി നേടി. ഈ വര്‍ഷം ആദ്യം, വിനു മങ്കാഡ് ട്രോഫിയില്‍ മണിപ്പൂരിനെതിരെ ഡല്‍ഹിക്ക് വേണ്ടി അണ്ടര്‍-19ല്‍ ആര്യവീര്‍ അരങ്ങേറ്റം കുറിച്ചിരുന്നു. കന്നി മത്സരത്തില്‍ 49 റണ്‍സ് നേടി.

By admin