വിമാനയാത്രക്കിടെ ദമ്പതികളുടെ അതിരുകടന്ന പ്രണയ സല്ലാപം, എല്ലാം കോക്പിറ്റിലെ ക്യാമറ കണ്ടു, ചോര്‍ന്നതോടെ വിവാദം
ദില്ലി: വിമാനത്തിൽ ദമ്പതികളുടെ സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വൻവിവാദം. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് എയർലൈൻ ഉത്തരവിട്ടു. സ്വിസ് എയർ പാസഞ്ചർ ജെറ്റിലെ കോക്പിറ്റ് നിയന്ത്രിത സുരക്ഷാ ക്യാമറയിലാണ് വീഡിയോ പതിഞ്ഞത്. വിമാനത്തിൻ്റെ ഗാലിയിൽ ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങൾ പങ്കിടുകയായിരുന്നു. നവംബറിൽ ബാങ്കോക്കിൽ നിന്ന് സൂറിച്ചിലേക്ക് പറന്ന സ്വിസ് എയറിൻ്റെ 12 മണിക്കൂർ ദൈർഘ്യമുള്ള ഫ്ലൈറ്റ് 181 ലാണ് സംഭവം.
വിമാനത്തിലെ ക്രൂ അംഗങ്ങൾക്ക് മാത്രം ലഭ്യമാകുന്ന വീഡിയോ എങ്ങനെ സോഷ്യൽമീഡിയയിൽ ചോർന്നുവെന്നാണ് അന്വേഷിക്കുന്നത്. ദമ്പതികളുടെ അനുവാദമില്ലാതെ വീഡിയോ റെക്കോർഡ് ചെയ്യുകയും പിന്നീട് അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതിന് ഉത്തരവാദികളായ ക്രൂ അംഗങ്ങളെ കണ്ടെത്തി ശിക്ഷിക്കുമെന്ന് എയർലൈൻ ഉദ്യോഗസ്ഥർ അറിയിച്ചു. സ്വകാര്യതാ ലംഘനങ്ങളെക്കുറിച്ച് സ്വിസ് എയർ അന്വേഷണം ആരംഭിച്ചു.
കൃത്യമായ സമ്മതമില്ലാതെ ആളുകളുടെ വീഡിയോ റെക്കോർഡ് ചെയ്യുന്നതും കൈമാറ്റവും ഞങ്ങളുടെ മാർഗ നിർദ്ദേശങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധവും ഡാറ്റ സംരക്ഷണ ചട്ടങ്ങൾ ലംഘിക്കുന്നതുമാണെന്ന് സ്വിസ് എയർ മീഡിയ വക്താവ് മെയ്ക് ഫുൾറോട്ട് പറഞ്ഞു. എന്താണ് സംഭവിച്ചതെന്നും റെക്കോർഡിംഗുകൾ എങ്ങനെയാണ് പുറത്തുവന്നതെന്നും കണ്ടെത്താൻ എയർലൈൻ ശ്രമിക്കുന്നതായി ഫുൾറോട്ട് പറഞ്ഞു.
യാത്രക്കാരോട് വിശ്വാസ്യതയോടെ മാന്യമായ ഇടപെടലുകളുമാണ് ഞങ്ങളുടെ മുൻഗണനയെന്നും എയർലൈൻ ഉദ്യോഗസ്ഥർ പറഞ്ഞു. 9/11 ഹൈജാക്കിംഗിന് ശേഷം സ്ഥാപിച്ച ക്രൂ സുരക്ഷാ നടപടികളുടെ ഭാഗമാണ് വിമാനങ്ങളിലെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. യാത്രക്കാരെ ചാരപ്പണി ചെയ്യുന്നതിനുപകരം കോക്ക്പിറ്റിലേക്ക് കടക്കാനുള്ള ശ്രമം നിരീക്ഷിക്കാനാണ് ക്യാമറ സ്ഥാപിക്കുന്നത്.