തിരുവനന്തപുരം: ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം നൽകാൻ എ ഐ സിസി  അംഗീകാരംനല്കിയതായി സൂചന.
കഴിഞ്ഞ ദിവസം പാർട്ടി നേതൃത്വത്തിൻെറ ക്ഷണപ്രകാരം ഡൽഹിയിലെത്തി കോൺഗ്രസ് ദേശീയ നേതാക്കളെ കണ്ട സന്ദീപ് വാര്യർക്ക് അടുത്ത പുന: സംഘടനക്ക് മുൻപുതന്നെ പദവി നൽകുന്ന തീരുമാനം വരുമെന്ന് ഇതോടെ ഉറപ്പായിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ സന്ദീപ് വാര്യർ കേരളത്തിൻെറ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പാർട്ടിയ്ക്ക് നല്ല സംഭാവന നൽകാൻ കഴിയുന്ന ചുമതല ലഭിക്കണമെന്നാണ് സന്ദീപ് വാര്യരുടെ താൽപര്യം. ദേശീയ നേതൃത്വവുമായുളള കൂടിക്കാഴ്ചയിൽ അക്കാര്യം അദ്ദേഹം അറിയിച്ചിട്ടുമുണ്ട്.

പാർട്ടിയിൽ നിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറുന്ന പ്രവണതക്ക് തടയിട്ട് ബി.ജെ.പി നേതൃത്വത്തിൽ നിന്നൊരാൾ കോൺഗ്രസിലേക്ക് വന്നിരിക്കുന്നു എന്ന തരത്തിലാണ് സന്ദീപ് വാര്യരുടെ വരവിനെ ഹൈക്കമാൻഡ് കാണുന്നത്.

ഹൈക്കമാൻഡിൻെറ ആശിർവാദത്തോടെ നടന്ന കടന്ന് വരവായതിനാൽ സന്ദീപ് വാര്യർക്ക് നല്ല പരിഗണന നൽകണമെന്ന് ദേശിയ നേതൃത്വത്തിനും താൽപര്യമുണ്ട്.

ഇതോടെ പരാതിക്ക് ഇടനൽകാത്ത തരത്തിലുളള തീരുമാനം ഉണ്ടാകുമെന്ന് ദേശിയ നേതൃത്വം വ്യക്തമാക്കി. അതുകൊണ്ടാണ് സന്ദീപ് വാര്യർക്ക് കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പിക്കാനാവുന്നത്.
സന്ദീപ് വാര്യർക്ക് മികച്ച പരിഗണന നൽകുമ്പോൾ ബി.ജെ.പി അടക്കം മറ്റ് പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് കൂടുതൽ ആളുകൾ വരുന്നതിന് പ്രോത്സാഹനം ആകുമെന്നും നേതൃത്വം കണക്ക് കൂട്ടുന്നു.
യുവാക്കളുടെ നല്ല നേതൃനിരയുളള കോൺഗ്രസിനെ കൂടുതൽ ഊ‍ർജ സ്വലമാക്കി നിർത്താൻ സന്ദീപ് വാര്യരെ പോലുളള നേതാക്കളുടെ കടന്നുവരവ് സഹായകമാകുമെന്നും കോൺഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നു.

തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുൾക്ക് കേരളത്തിലെ കോൺഗ്രസ് സംവിധാനത്തെ സജ്ജമാക്കുകയാണ് നേതൃത്വം ഏറ്റെടുക്കുന്ന അടുത്ത ദൗത്യം. അതിന് മുൻപ് സംഘടനക്ക് പുതിയ ഊർജം നൽകുന്നതിന് പാർട്ടിയുടെ താഴെത്തട്ട് മുതൽ പുനസംഘടന അനിവാര്യമാണ്.

ആരോഗ്യ പ്രശ്നങ്ങളുളള കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത് അടക്കമുളള പുനസംഘടനയാണ് നേതൃത്വത്തിൻെറ മനസിലുളളത്. എന്നാൽ മാറ്റത്തിന് സുധാകരൻെറ സമ്മതം ആവശ്യമാണ്.
അല്ലാത്തപക്ഷം സുധാകരൻ ഇടയുമെന്ന് നേതാക്കൾ ഭയപ്പെടുന്നുണ്ട്. ദേശിയ തലത്തിൽ സുധാകരന് ചുമതല നൽകി അദ്ദേഹത്തെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയാണ് പോംവഴി.

ഹൈക്കമാൻഡിന് മുന്നിലും ഈ നിർദ്ദേശം അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസിൽ യുവാക്കളുടെ പുതിയ ആവേശം നിറയുന്ന സാഹചര്യത്തിൽ യുവനേതാവിനെ കെ.പി.സി.സി. അധ്യക്ഷനാക്കണമെന്ന ആവശ്യം പലകോണുകളിൽ നിന്ന് ഉയരുന്നുണ്ട്. 

റോജി എം.ജോൺ, പി സി വിഷ്ണുനാഥ് തുടങ്ങി ചെറുപ്പക്കാരായ നേതാക്കളുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തി കാട്ടുന്നത്. 1972ൽ 32-ാംവയസിൽ എ.കെ.ആന്റണി കെ.പി.സി.സി പ്രസിഡന്റായ ചരിത്രം ചൂണ്ടിക്കാട്ടി കൊണ്ടാണ് യുവനേതാക്കളെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ആവശ്യം ഉയർത്തുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *