തിരുവനന്തപുരം: പള്ളിത്തർക്കത്തിൽ സമവായ നീക്കങ്ങൾക്ക് തയ്യാറെന്ന് യാക്കോബായ സഭ. യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയസ് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേയാണ് ഇപ്രകാരം അറിയിച്ചത്. സഭയ്ക്ക് അതിന്റെ ചട്ടക്കൂടുകളും വിശ്വാസ പ്രമാണങ്ങളും ഉണ്ട്. അതെല്ലാം നിലനിർത്തിക്കൊണ്ടുള്ള ഒരു ചർച്ചക്കായാണ് ശ്രമം നടത്തുന്നത്.
സഭാ തർക്കത്തിൽ സർക്കാർ ഒരുപാട് ഇടപെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജോസഫ് മാർ ഗ്രിഗോറിയസ് ചർച്ചകൾക്ക് സർക്കാർ മുൻകയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇരു വിഭാഗത്തെയും സർക്കാർ വിളിച്ചു ചേർത്തു ചർച്ച നടത്തണം. കോടതിക്ക് പുറത്ത് തർക്കം ചർച്ച ചെയ്ത് പരിഹരിക്കാൻ സാധിക്കും. അതേ സമയം, ഇരുസഭകളും തമ്മിലുള്ള ലയനം സഭയുടെ ആലോചനയിൽ ഇല്ലെന്നും ഏതെല്ലാം മേഖലകളിൽ സഹകരിക്കാം വിട്ടുവീഴ്ച ചെയ്യാം എന്നതാണ് ഇപ്പോൾ പരിഗണിക്കുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.