നന്നായി പന്തെറിഞ്ഞൂവെന്ന് മാത്രമാണ് ഞാന്‍ സിറാജിനോട് പറഞ്ഞത്, അതിനാണ് ഈ ‘കോപ്രായമൊക്കെ’; വിശദീകരിച്ച് ഹെഡ്

അഡ്‌ലെയ്ഡ്: ഇന്ത്യ – ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിനിടെ മുഹമ്മദ് സിറാജും ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡ്ഡും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.  അഡ്‌ലെയ്ഡില്‍ സെഞ്ചുറി നേടിയ ഹെഡ് 140 റണ്‍സെടുത്താണ് പുറത്താക്കുന്നത്. സിറാജിന്റെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. അഞ്ച് സിക്‌സും 18  ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. സിറാജിന്റെ ഒരോവറില്‍ ഓരോ സിക്‌സും ഫോറും നേടിയ ശേഷം ബൗള്‍ഡാവുകയായിരുന്നു ഹെഡ്. പുറത്തായതിന് പിന്നാലെയാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. ബൗള്‍ഡായതിന് പിന്നാലെ ഹെഡ്, സിറാജിനോട് പലതും പറയുന്നുണ്ടായിരുന്നു. സിറാജ് തുറിച്ച് നോക്കുകയും ചെയ്തു. വാക്കുകള്‍ കൈമാറുകയും ചെയ്തു.

എപ്പോള്‍, എന്താണ് സിറാജിനോട് പറഞ്ഞതെന്ന് വ്യക്തമാക്കുകയാണ് ഹെഡ്. താങ്കള്‍ നന്നായി പന്തെറിഞ്ഞൂവെന്നാണ് താന്‍ സിറാജിനോട് പറഞ്ഞതെന്ന് ഹെഡ് വ്യക്തമാക്കി. ഓസ്‌ട്രേലിയയുടെ ഇന്നിംഗ്‌സിന് ശേഷം ഹെഡ് സംഭവം വിശദീകരിച്ചതിങ്ങനെ… ”വിക്കറ്റ് നഷ്ടമായ ഉടനെ, താങ്കള്‍ നന്നായി പന്തെറിഞ്ഞുവെന്ന് ഞാന്‍ സിറാജിനോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം എന്നോട് പവലിയനിലേക്ക് മടങ്ങൂവെന്ന് ചൂണ്ടി കാണിക്കുകയായിരുന്നു. അതോടെ എനിക്ക് ചിലത് പറയേണ്ടിവന്നു. അങ്ങനെ സംഭവിച്ചതില്‍ നിരാശയുണ്ട്. അവര് ഇങ്ങനെയാണ് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് അങ്ങനെയാവട്ടെ.” ഹെഡ് വ്യക്തമാക്കി.

ആഭ്യന്തര സീസണില്‍ തകര്‍ത്തെറിഞ്ഞിട്ടും കാര്യമില്ല! ഷമിയെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് അയച്ചേക്കില്ല, കാരണമറിയാം

ഹെഡിന്റെ കരുത്തില്‍ ഓസീസ് അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 157 റണ്‍സിന്റെ ലീഡെടുത്തിരുന്നു. ഒന്നാകെ 337 റണ്‍സാണ് ഓസീസ് അടിച്ചെടുത്തത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചിന് 128 എന്ന നിലയിലാണ് ഇന്ത്യ. ഇപ്പോഴും 29 റണ്‍സ് പിറകില്‍. റിഷഭ് പന്ത് (28), നിതീഷ് കുമാര്‍ റെഡ്ഡി (15) എന്നിവരാണ് ക്രീസില്‍. രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ സ്‌കോട്ട് ബോളണ്ട്, പാറ്റ് കമ്മിന്‍സ് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. 

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ കെ എല്‍ രാഹുലിനെ (7) പാറ്റ് കമ്മിന്‍സ് പുറത്താക്കി. പുള്‍ ഷോട്ടിനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച്. പിന്നാലെ സഹഓപ്പണര്‍ യശസ്വി ജയ്‌സ്വാളും (24) മടങ്ങി. ഇത്തവണ ബോളണ്ടിന്റെ പന്തില്‍ ക്യാരിക്ക് ക്യാച്ച്. വിരാട് കോലിക്കും (11) അതുതന്നെയായിരുന്നു വിധി. ശുഭ്മാന്‍ ഗില്ലാവട്ടെ (28) മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഇന്‍സ്വിങ്ങറില്‍ ബൗള്‍ഡായി. അടുത്തത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (6) ഊഴമായിരുന്നു. ഇത്തവണ കമ്മിന്‍സ് താരത്തിന്റെ സ്റ്റംപ് പിഴുതു. ഇനി പന്ത് – നിതീഷ് സഖ്യത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഒരു 150 റണ്‍സ് ലീഡെങ്കിലും സ്വന്തമാക്കിയാല്‍ മാത്രമെ എന്തെങ്കിലും വിധത്തിലുള്ള വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കൂ.

By admin