കോട്ടയം: വാഹനമിടിച്ചു തലശേരി സ്വദേശി പുത്തലത്ത് ബേബി (62) മരിക്കുകയും ചെറുമകള്‍ ഒമ്പത് വയസുകാരി ദൃഷാന ഗുരുതരമായി പരുക്കേറ്റ് കോമയിലാവുകയും ചെയ്ത സംഭവത്തില്‍ ഇടിച്ചിട്ട കാര്‍ കണ്ടെത്തിയ കേരളാ പോലീസിന് അഭിനന്ദന പ്രവാഹനം.
സാമൂഹ്യമാധ്യമങ്ങളിലൂടെയും നേരിട്ടുമെല്ലാം അഭിനന്ദനം അറിയിക്കുന്നവര്‍ ഏറെയാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇത്തരത്തില്‍ പോലീസ് രക്ഷപെട്ടു കടന്നു കളഞ്ഞ വാഹനം പിടികൂടുന്നത്. ആദ്യത്തേതു ഡിസംബറില്‍ കോട്ടയം കോരുത്തോട് പനക്കച്ചിറയിലുണ്ടായ അപകടത്തില്‍പ്പെട്ട വാഹനം അഞ്ചു മാസത്തിനു ശേഷം ഹൈദരാബാദില്‍ നിന്നു പിടികൂടിയതായിരുന്നു.
വടകരയിലെ അപകടത്തില്‍ കേസനന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പ്രത്യേക സംഘം നടപ്പാക്കിയ കൃത്യമായ കര്‍മപദ്ധതികളാണു കേസില്‍ വഴിത്തിരിവായത്. കോട്ടയത്തെ അന്വേഷണത്തിനു സമാനമായ തെരച്ചിലാണു ക്രൈംബ്രാഞ്ച് സംഘം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി വാഹനാപകട കേസുകളില്‍ നടത്തുന്ന സാധാരണ നടപടികള്‍ക്കു പുറമേയാണു പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയാറാക്കി, യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ കടന്നുകളഞ്ഞ വാഹനം പിടികൂടിയത്.
ദേശീയപാതയിലെ 35 കാമറകളില്‍നിന്നു മാത്രം 4000 വാഹനങ്ങള്‍ പരിശോധിച്ചു. മൊത്തം 19,000 വാഹനങ്ങളും അരലക്ഷത്തോളം ഫോണ്‍ കോളുകളും അന്വേഷണസംഘം ഇതിനായി പരിശോധിച്ചിട്ടുണ്ട്. പോലീസിന്റെ കാമറയില്‍നിന്ന് 9300 വാഹനങ്ങള്‍ പരിശോധിച്ച് 26 വെള്ള മാരുതി സ്വിഫ്റ്റ് കാറുകള്‍ കണ്ടെത്തിയതില്‍ മുഴുവന്‍ കാറുകളും നേരിട്ടു പരിശോധന നടത്തി.
വാഹനത്തിന്റെ നിറം മാറ്റുന്നതിന് അപേക്ഷ നല്‍കിയ മാരുതി സ്വിഫ്റ്റ് കാറുകളുടെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തി. അപകടസമയം ഇന്‍ഷുറന്‍സ് ഇല്ലാതിരുന്നതും പിന്നീട് ഇന്‍ഷുറന്‍സ് പുതുക്കിയതുമായ വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തി.പോലീസിന് കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിനു സമാനമായ വാഹനം ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാര്‍ കണ്ടെത്തിയത്.
സമാന രീതിയിലാണു കോട്ടയത്തെ അന്വേഷണവും നടന്നത്. കഴിഞ്ഞ ശബരിമല തീര്‍ഥാടന കാലത്ത് കോരുത്തോട് പനക്കച്ചിറയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനമിടിച്ചു വയോധിക മരിച്ച സംഭവത്തില്‍ അഞ്ചു മാസങ്ങള്‍ക്കു ശേഷമാണു ഹൈദരാബാദില്‍ നിന്നു ഡ്രൈവറെയും വാഹനവും മുണ്ടക്കയം പോലീസ് കസറ്റ്ഡിയില്‍ എടുത്തത്.
കഴിഞ്ഞ ഡിസംബറില്‍ കോരുത്തോട് പനക്കച്ചിറയിലുണ്ടായ അപകടത്തില്‍ പനക്കച്ചിറ 504 കോളനി പുതുപ്പറമ്പില്‍ തങ്കമ്മ (88) ആണു മരിച്ചത്. തങ്കമ്മയെ ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്നു മുണ്ടക്കയം പോലീസ് വാഹനത്തിനായി അന്വേഷണം നടത്തിയെങ്കിലും വാഹനം കണ്ടെത്തുവാന്‍ സാധിച്ചില്ല.ഇതിനായി പോലീസ് രണ്ടായിരത്തിലേറെ സിസി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഇടിച്ചിട്ട വാഹനം തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്നു വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ വാഹനം സംസ്ഥാനത്തിനു പുറത്തുള്ള തീര്‍ഥാടകരുടേതാണെന്നു മനസിലാക്കി.മൂന്നാറില്‍ നിന്നു ലഭിച്ച ഒരു ദൃശ്യത്തില്‍ ഈ കാറും നമ്പറും തിരിച്ചറിഞ്ഞത് അന്വേഷണത്തില്‍ വഴിത്തിരിവായി. പിന്നാലെ പോയ പോലീസ് ഒടുവില്‍ ഹൈദരാബാദില്‍നിന്നാണു വാഹനം കണ്ടെത്തുകയായിരുന്നു.സംഭവം നടന്ന ദിവസം വാഹനം വാടകയ്ക്കു കൊടുത്തിരുന്നുവെന്ന ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടത്തിനു കാരണക്കാരനായ ഡ്രൈവറെ തിരിച്ചറിഞ്ഞത്. പിന്നാലെ കരിംനഗര്‍ വചുനൂര്‍ സ്വദേശി കെ. ദിനേശ് റെഡിയെ പോലീസ് കസറ്റ്ഡിയിലെടുക്കുകയായിരുന്നു.