പുച്ചകളോടും പട്ടികളോടും മനുഷ്യനുള്ളതും തിരിച്ച് അവയ്ക്ക് മനുഷ്യരോടുള്ളതുമായ സ്നേഹം പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ട്. എത്ര ഉപേക്ഷിച്ചാലും തിരിച്ച് അതേ വീട്ടിലേക്ക് തന്നെ എത്തിചേരുന്ന പൂച്ചകളുടെയും പട്ടികളുടെയും നിരവധി കഥകളുണ്ട്. ഈ പരസ്പര സ്നേഹത്തിലേക്ക് മറ്റൊന്ന് കൂടി ചേര്‍ക്കപ്പെടുകയാണ്. തണുത്ത് മരവിച്ച് പോയ തന്‍റെ പൂച്ചക്കുട്ടിയെ ഉണര്‍ത്താനായി ഹെയർ ഡ്രയര്‍ ഉപയോഗിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഒരു മേശപ്പുറത്ത് ചലനമറ്റ് കിടക്കുന്ന പൂച്ചയുടെ മേലേക്ക് ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് ഇളം ചൂട് കാറ്റ് അടിക്കുമ്പോളും പെണ്‍കുട്ടി വിങ്ങിപ്പൊട്ടുന്നത് കാണാം. കരച്ചില്‍ കാരണം പലപ്പോഴും അവൾക്ക് തന്‍റെ പ്രവര്‍ത്തി തുടരാന്‍ കഴിയാതെ പോകുന്നു. പെണ്‍കുട്ടിയും പൂച്ചയും തമ്മിലുള്ള ആത്മബന്ധം അവളുടെ കരച്ചിലില്‍ വ്യക്തമാണ്. ചൈനയിലെ ഹുബെയിൽ നിന്നുള്ളതാണ് വീഡിയോ. ഹുബൈയില്‍ ഇപ്പോൾ അതിശൈത്യമാണ് അനുഭവപ്പെടുന്നത്. സാധാരണയില്‍ കൂടുതല്‍ ശൈത്യം അനുഭവപ്പെടുന്നത് മനുഷ്യരെ പോലും വലിയ തോതില്‍ ബാധിച്ചു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ പൂച്ചക്കുട്ടി തണുപ്പ് മൂലം ഏതാണ്ട് മൃതപ്രായനായത്. അതിനെ ഏങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള അവളുടെ ശ്രമങ്ങള്‍ ആരുടെയും ശ്രദ്ധ പിടിച്ച് പറ്റും.
പെണ്‍കുട്ടിയുടെ നിസ്വാർത്ഥ സ്നേഹം ഫലം കണ്ടു. പൂച്ചക്കുട്ടി പതുക്കെ തന്‍റെ ജീവിതത്തിലേക്ക് മടങ്ങിവന്നു. പിന്നാലെ വീഡിയോയില്‍ കാണുന്നത് ശരീരം മുഴുവനും സ്വെറ്റർ കൊണ്ട് മൂടി പാലു കുടിക്കുന്ന പൂച്ചക്കുട്ടിയെയാണ്. പെണ്‍കുട്ടിയുടെ പിതാവ് റെക്കോർഡ് ചെയ്ത വീഡിയോ ചൈനയിലെ സമൂഹ മാധ്യമമായ ഡൗയിനിൽ പങ്കുവയ്ക്കപ്പെട്ടു. രണ്ട് മണിക്കൂറോളെം നീണ്ട സ്ഥിരോത്സാഹത്തിനും പരിശ്രമത്തിനും ശേഷം പൂച്ചക്കുട്ടി ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചെത്തി എന്ന് കുറിച്ച് കൊണ്ടായിരുന്നു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയ്ക്ക് ഒടുവില്‍ പൂച്ചയെ ഉണക്കിയെടുക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ ഒരു രേഖാ ചിത്രവും ചേര്‍ത്തിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം 27 ലക്ഷം പേരാണ് കണ്ടത്. രണ്ട് ലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. കുട്ടിയുടെ കരച്ചില്‍ തങ്ങളെ ഏറെ സ്പര്‍ശിച്ചെന്നും അവളൊരു മാലഖയെന്നും ചില കാഴ്ചക്കാര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു.
ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ചത്, എട്ട് മണിക്കൂര്‍ മൊബൈല്‍ ഉപയോഗിക്കാതിരുന്നതിന് !