വാടകയ്ക്ക് ഒരാൾ, വാടക 500 രൂപ; പ്രായമായവരെ മൂലയ്ക്കിരുത്തരുത്, ജപ്പാനിലെ വേറിട്ട അനുഭവം പങ്കുവച്ച് എഴുത്തുകാരി

50-55 വയസൊക്കെ കഴിഞ്ഞ ആളുകൾ മിക്കവാറും അത് കഴിഞ്ഞുള്ള തലമുറയിൽ പെട്ടവരാൽ അവ​ഗണിക്കപ്പെടാറാണ് പതിവ്. റിട്ടയർമെന്റൊക്കെ കഴിഞ്ഞാൽ മിക്കവാറും ആളുകൾ വീട്ടിൽ തന്നെയാവും. ഇന്ന് അതിന് ചെറിയൊരു മാറ്റമൊക്കെ വരുന്നുണ്ടെങ്കിൽ പോലും ഭൂരിഭാ​ഗം ആളുകളും വീടിനകത്ത് തന്നെ ഒതുങ്ങാറാണ് പതിവ്. എന്നാൽ, ആ പതിവ് തെറ്റിക്കുന്നൊരു സംവിധാനമുണ്ട്. അവിടെ പ്രായമായ ആളുകളെ വാടകയ്ക്ക് എടുക്കാൻ സാധിക്കും. ഒരു ദിവസത്തേക്കാണ് ഒരാളെ വാടകയ്ക്കെടുക്കാനാവുക.

എഴുത്തുകാരിയായ ഐജ മെയ്റോക്കാണ് ഈ അപൂർവമായ അനുഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ജപ്പാനിലെ സന്ദർശനത്തിലാണ് പ്രായമുള്ള ഒരാളെ വാടകയ്ക്കെടുക്കാനുള്ള അവസരം മെയ്റോക്കിന് ലഭിച്ചത്.

എന്നാൽ, അത് പ്രണയത്തിനോ ഡേറ്റിം​ഗിനോ ഒന്നുമല്ല. പ്രായം കൊണ്ട് മാത്രം ബോധ്യപ്പെടുന്ന ചില സത്യങ്ങളുണ്ട് അല്ലേ? പ്രായമുള്ള ആളുകളുടെ അത്തരം ജീവിതാനുഭവങ്ങൾ നമ്മളുമായി പങ്കുവയ്ക്കുക, ജീവിതത്തിലേക്ക് ആവശ്യമുള്ള ഉപദേശങ്ങൾ തരിക, അതിപ്പോൾ ബന്ധങ്ങളുടെ കാര്യത്തിലും സാമ്പത്തികമായ കാര്യങ്ങളിലും ഒക്കെ ആ ഉപദേശം നൽകപ്പെടും. 

അങ്ങനെ, മെയ്റോക്ക് വാടകയ്ക്കെടുത്തത് കസുഷി സകുറായ് എന്ന 58 -കാരനെയാണ്. ഒരു ദിവസത്തേക്കാണ് ഇങ്ങനെ വാടകയ്ക്ക് എടുക്കാൻ സാധിക്കുക. വാടക ഏകദേശം 500 രൂപ വരും. അപരിചിതരോടൊപ്പമാവും ആ സമയം ചെലവഴിക്കുക. സംസാരിക്കുക, അനുഭവങ്ങൾ പങ്കുവയ്ക്കുക, ഉപ​ദേശങ്ങൾ നൽകുക, ഷോപ്പിം​ഗിന് കൂടെ പോവുക തുടങ്ങിയ കാര്യങ്ങളെല്ലാം ഇവർ ചെയ്യും. 

മെയ്റോക്ക് പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് വലിയ പ്രതികരണം തന്നെയുണ്ടായി. പലരും ഇങ്ങനെയൊരു സം​ഗതിയെ കുറിച്ച് കേട്ടിട്ടേ ഇല്ല എന്ന് പറഞ്ഞു. ഇതെന്തായാലും നല്ലൊരു സം​ഗതിയാണ് എന്നാണ് എല്ലാവരുടേയും അഭിപ്രായം. വീട്ടിൽ വെറുതെ ഇരിക്കുന്നതിനേക്കാൾ റിട്ടയറായ ആളുകൾക്ക് മറ്റുള്ളവരോട് ഇടപഴകാനും അതുപോലെ നമുക്ക് അവരുടെ അനുഭവങ്ങൾ അറിയാനും ഒക്കെ സാധിക്കുന്നത് നല്ല കാര്യമല്ലേ എന്നാണ് പലരും പറഞ്ഞത്. 

ഒരാൾ കമന്റ് നൽകിയിരിക്കുന്നത്, ‘ഇതൊരു മികച്ച ആശയമാണ്. യുഎസ്എയിൽ, പ്രായമായവരെ കണ്ടില്ലെന്ന് നടിക്കുകയും അവഗണിക്കുകയും ഉപേക്ഷിക്കുകയുമാണ് ചെയ്യുന്നത്. ഞാൻ ഒരു പ്രായമായ സ്ത്രീയാണ്. നമ്മുടെ രൂപങ്ങൾ മാറിയാലും, നമ്മുടെ മനസ്സ് ഇപ്പോഴും ചെറുപ്പമാണ്. ഞാൻ ഇപ്പോഴും ആർട്ടുണ്ടാക്കുന്നു, എൻ്റെ ചെറുപ്പത്തിലെന്ന പോലെ തന്നെ ആക്ടീവാണ് ഞാനിപ്പോഴും. 61-ാം വയസ്സിൽ, ഞാൻ ഒരു റോക്ക് ബാൻഡിൽ ബേസ് വായിക്കുന്നു/പാടുന്നു. ഞങ്ങൾക്ക് പ്രസക്തിയില്ലെന്ന് പറയാൻ അമേരിക്കയെ ഞങ്ങൾ അനുവദിക്കുന്നില്ല’ എന്നാണ്. 

ഭാര്യയെ പൊന്നുപോലെ സ്നേഹിക്കുന്ന ഭർത്താവ്, 74 -കാരൻ മറവിരോ​ഗമുള്ള ഭാര്യയ്ക്ക് വേണ്ടി ചെയ്യുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

By admin