കോഴിക്കോട്: ബന്ധുവീട്ടിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ അമ്മൂമ്മയെയും കൊച്ചുമകളെയും ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ വാഹനം പത്തു മാസത്തിന് ശേഷം കണ്ടെത്തി. അപകടത്തില്‍ അമ്മൂമ്മ മരിക്കുകയും പത്ത് വയസ്സുകാരിയായ ദൃഷാന കോമയിലാകുകയും ചെയ്തിരുന്നു.
വടകര പുറമേരി സ്വദേശി ഷജീല്‍ എന്നയാള്‍ ഓടിച്ച കെഎല്‍18 ആര്‍ 1846 എന്ന കാറാണ് വടകരയില്‍ കുട്ടിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയതെന്ന് വടകര റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയെ ഇടിച്ചിട്ട ശേഷം ഊടുവഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. അപകടത്തിന് ശേഷം വാഹനത്തിന്റെ രൂപം മാറ്റിയതായും വിദേശത്തുള്ള പ്രതിയെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു
കോഴിക്കോട് വടകരയില്‍ ഫെബ്രുവരി 17-ാം തിയതിയാണ് ബന്ധുവീട്ടിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ വെള്ളനിറത്തിലുള്ള സ്വിഫ്റ്റ് കാര്‍ അഞ്ചാം ക്ലാസുകാരി ദൃഷാനയെയും മുത്തശ്ശി ബേബിയെയും ഇടിച്ചുതെറിപ്പിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അമ്മൂമ്മ മരിച്ചിരുന്നു.
ദൃഷാന അന്നു തൊട്ട് അബോധാവസ്ഥയിലാണ്. കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ പ്രത്യേക സംഘം കുട്ടിയുടെ ബന്ധുകളുടെ മൊഴിയെടുത്തിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ടും കാര്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. 
പത്തുമാസത്തിന് ശേഷമാണ് അന്വേഷണസംഘം കാര്‍ കണ്ടെത്തിയത്. അപകടത്തിനുശേഷം അജ്ഞാതനെതിരെ വിവിധ കേസുകള്‍ എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നതായി എസ്പി പറഞ്ഞു. രാത്രി ഒന്‍പതുമണിയോടെയാണ് അപകടം ഉണ്ടായത്. 
അതുകൊണ്ട് തന്നെ സാക്ഷികള്‍ക്കൊന്നും വാഹനത്തിന്റെ നമ്പര്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൃത്യമായ വിവരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.
ദേശീയപാതയുടെ പണി നടക്കുന്നതിനാല്‍ തന്നെ അപകടസ്ഥസലത്തെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നില്ല. ഇത് അന്വേഷണത്തിന് പ്രതിസന്ധിയായെന്നും എസ്പി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *