തിരുവനന്തപുരം: പ്രതിപക്ഷനേതാവിനോട് ചോദ്യങ്ങളുമായി മുനമ്പത്തെ ജനത. പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ സ്വാഗതം ചെയ്യുമ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് ശരിയല്ലെന്ന് ഈ കത്തിലൂടെ ഓര്‍മിപ്പിക്കുന്നുണ്ട്.
സര്‍, അങ്ങേക്ക് അറിയാവുന്നതു പോലെ, ഈ മുനമ്പം പ്രദേശത്തെ ജനങ്ങള്‍ മൂന്ന് വര്‍ഷത്തോളമായി നിലവില്‍ ഉള്ള wakf ആക്ട് മൂലം തീരാദുരിതം അനുഭവിക്കുന്നു. വിലകൊടുത്തു വാങ്ങിയ സ്വന്തം ഭൂമിയില്‍ ദുരിതത്തില്‍ കഴിയുന്ന ഞങ്ങളെ സമരത്തിന്റെ 51-ാം ദിവസം താങ്കള്‍ സന്ദര്‍ശിച്ചതിന് ഹൃദയത്തിന്റെ ഭാഷയില്‍ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
ഒരു കാര്യം പ്രത്യേകം എടുത്തുപറയുന്നു, ജനിച്ച മണ്ണില്‍ ജീവിക്കാനും മരിക്കാനും വേണ്ടി പൊരുതുന്ന മുനമ്പം ജനതയുടെ പ്രശ്‌നപരിഹാരം ഈ ഭൂമിയുടെ മേലുള്ള കേരള wakf ബോര്‍ഡിന്റെ, അന്യായമായ നിയമങ്ങളില്‍ അധിഷ്ഠിതമായ, അവകാശവാദം പിന്‍വലിക്കല്‍ ആണ്. ഈ ഭൂമി wakf ഭൂമി അല്ല എന്ന വാസ്തവത്തോട് നീതിബോധമുള്ളവും സത്യത്തോട് മുഖം തിരിക്കാത്തവരുമായ ആരും പൂര്‍ണ്ണമായി യോജിക്കും എന്ന് ഞങ്ങള്‍ക്കു ബോധ്യമുണ്ട്. അത് ഈ ലോകത്തോട് ഞങ്ങളോടൊപ്പം ഉറക്കെ വിളിച്ചുപറഞ്ഞ കേരളത്തിലെ ഒരേയൊരു രാഷ്ട്രീയ നേതാവ് താങ്കളാണ്. ഇക്കാര്യത്തില്‍ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് പുലര്‍ത്തുന്ന നീതിബോധവും ആത്മാര്‍ത്ഥതയും ഞങ്ങളുടെ സമരത്തിന് എന്നും പ്രചോദനം ആയിരിക്കും.
പക്ഷേ, കോണ്‍ഗ്രസ് പാര്‍ട്ടി ഈ സമരത്തിന്റെ ഒപ്പം അല്ല എന്ന് വളരെ സങ്കടത്തോടെ പറയേണ്ട അവസ്ഥയില്‍ ആണ് ഞങ്ങള്‍ എന്ന് വളരെ വിനയത്തോടെ ഓര്‍മിപ്പിക്കട്ടെ. ഒരു മതനിയമം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പിച്ച് ജനജീവിതം ദുസ്സഹമാക്കുകയും ഭരണഘടനാവകാശങ്ങള്‍ പൗരന്മാര്‍ക്കു നിഷേധിക്കുകയും ചെയ്യുന്ന നിലവിലെ wakf ആക്ട് നിയമങ്ങള്‍ മാറ്റരുത് എന്നുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ കാഴചപ്പാട് അങ്ങേയറ്റം പ്രതിലോമകരവും നിരാശാജനകവും ആണ് എന്നു പറയാതെ വയ്യാ.
സര്‍, 2024 സെപ്റ്റംബര്‍ 3-ാം തീയതി, ഈ ഭൂമി wakf അല്ല എന്ന് താങ്കള്‍ നടത്തിയ പ്രസ്താവനയോടൊപ്പം താങ്കള്‍ക്ക് കുറെയേറെ ആളുകളുടെ ഉറപ്പ് കിട്ടിയെന്നാണ് പറഞ്ഞിരുന്നത്. ആ പേരുകള്‍ ഇവിടെ വീണ്ടും പരാമര്‍ശിക്കുന്നില്ല. അന്ന് താങ്കള്‍ പറഞ്ഞ പേരുകാരെല്ലാം മുനമ്പം ഭൂമി പ്രശ്‌നം രമ്യമായി പരിഹരിക്കണം എന്ന ഒഴുക്കന്‍ പ്രസ്താവനയില്‍ കവിഞ്ഞ് ഇക്കാര്യത്തില്‍ ഒരു ചുവടു പോലും മുന്‍പോട്ട് എടുക്കാത്തവരും മുനമ്പം ജനതയുടെ ന്യായമായ ആവശ്യത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്നവരും ആണെന്ന് ഞങ്ങളെ അനുഭവം പഠിപ്പിക്കുന്നു.
ഈ ജനതയ്ക്ക് താങ്കളോട് നേരിട്ട് പറയാന്‍ ചില കാര്യങ്ങള്‍ ഉണ്ട്: 1. മുനമ്പം ഭൂമി പ്രശ്‌നം നിലവിലെ wakf ആക്ട് മൂലം ഉണ്ടായ ഒരു പ്രതിസന്ധിയാണ് എന്ന് ഞങ്ങള്‍ ഉള്‍പ്പെടുന്ന പൊതുസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനിയും, ഞങ്ങളുടെ ഈ ദുരിതം wakf ആക്ട് മൂലമല്ല എന്ന മുരട്ടുവാദം ഉന്നയിച്ച് താങ്കള്‍ ഈ ജനതയെ വഞ്ചിക്കില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.2. ഇന്ത്യയില്‍ നിലവിലെ wakf ആക്ട് മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളോട് എന്താണ് താങ്കളുടെ പ്രസ്ഥാനത്തിന്റെ നിലപാട്? അഥവാ, നിലവിലെ wakf ആക്ടിലെ ഭരണഘടനാവിരുദ്ധവും മതേതരത്വവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യാന്‍ താങ്കളുടെ പാര്‍ട്ടി നിലപാടെടുക്കുമോ? കൃത്യമായി പറഞ്ഞാല്‍, wakf ആക്ട് amend ചെയ്യാന്‍ കൂടുന്ന പാര്‍ലമെന്റ് സെഷനുകളില്‍ കേരള യുഡിഫ് MPമാരുടെ നിലപാട് എന്തായിരിക്കും? 3. മുനമ്പം പ്രശ്‌നം തീര്‍ക്കാന്‍ കേരള സര്‍ക്കാരിന് 10 മിനുട്ട് മതി എന്ന് പലവട്ടം കോണ്‍ഗ്രസ്സും യുഡിഫ് ഘടക കക്ഷികളും പലവട്ടം പറയുന്നത് കേട്ടു. എന്താണ് ആ ഫോര്‍മുല? അത് അറിയാനുള്ള അവകാശം കേരളത്തില്‍ ഉള്ള ഓരോ പൗരനും ഉണ്ട് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കഴിഞ്ഞ നിയമസഭയില്‍ എന്തുകൊണ്ടാണ് അത്തരം ഒരു കാര്യം ഒരു അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ താങ്കള്‍ക്കു കഴിയാതെ പോയത്? മുനമ്പം ജനതയുടെ ന്യായമായ ആവശ്യം 10 മിനുട്ട് കൊണ്ട് തീര്‍ക്കാന്‍ പറ്റുന്ന കാര്യമായിട്ടും, അത് ചെയ്യാത്ത കേരള സര്‍ക്കാരിന് എതിരേ എന്തുകൊണ്ടാണ് പ്രതിപക്ഷം സമരപരിപാടികള്‍ സംഘടിപ്പിക്കാത്തത്?4. M. A. നിസാര്‍ കമ്മിഷന്റെ സമ്പൂര്‍ണ റിപ്പോര്‍ട്ട് പൊതു ജനസമക്ഷം പ്രസിദ്ധപ്പെടുത്തുവാന്‍ അങ്ങ് കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുമോ? 5. WAQF Asset Management System of India എന്ന സര്‍ക്കാരിന്റെ ഔദ്യോഗിക സൈറ്റില്‍ വിശദവിവരങ്ങള്‍ ലഭ്യമല്ലാത്ത ആയിരക്കണക്കിന് സ്ഥലനാമങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇതെല്ലാം മലയാളികളുടെ മനസ്സില്‍ വിതയ്ക്കുന്ന ആശങ്കകള്‍ എത്ര ഭീമമാണെന്നു തിരിച്ചറിയാന്‍ താങ്കളെപ്പോലുള്ള രാഷ്ട്രീയക്കാര്‍ക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?
സര്‍, വിലകൊടുത്തു വാങ്ങിയ ഭൂമിയില്‍ തലമുറകളായി ജീവിക്കുന്ന മുനമ്പം ജനതയെ ഇറക്കി വിടും എന്ന് 12.12.2022-ല്‍ നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചുനിന്ന് പ്രസ്താവിച്ചതു പോലെ ഇനിയും ഈ ജനതയെ പറ്റിക്കില്ല എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. മാത്രമല്ല, wakf ആക്ട് ഭേദഗതിക്കെതിരേ 14.10.2024-ല്‍ നിയമസഭയില്‍ പ്രമേയം പാസാക്കി ഞങ്ങളെയും കേരളം മുഴുവനെയും വഞ്ചിച്ചതു പോലെ മുനമ്പം ജനതയെ വഞ്ചിക്കുവാന്‍ മേലില്‍ അങ്ങു കൂട്ടുനില്‍ക്കില്ല എന്ന പ്രതീക്ഷയോടെ വിശ്വാസത്തോടെ,മുനമ്പം ജനത.