ഡല്‍ഹി: കോണ്‍ഗ്രസ് എംപി അഭിഷേക് മനു സിങ്വിക്ക് അനുവദിച്ച സീറ്റില്‍ നിന്ന് പാര്‍ലമെന്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പണം കണ്ടെടുത്തതായി രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍. എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച് അഭിഷേക് മനു സിങ്വി രംഗത്തെത്തി.
ധന്‍ഖറിന്റെ അവകാശവാദം കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധത്തിന് കാരണമായി. അന്വേഷണത്തിന് മുമ്പ് പേരുകള്‍ പറയേണ്ടതില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
രാജ്യസഭയിലേക്ക് പോകുമ്പോള്‍ ഞാന്‍ 500 രൂപ നോട്ട് കയ്യില്‍ കരുതിയിരുന്നു. 12.57 ന് ഞാന്‍ സഭയിലെത്തി. ഉച്ചയ്ക്ക് 1 മണിക്ക് സഭയില്‍ നിന്ന് എഴുന്നേറ്റു. പിന്നെ, 1.30 വരെ ഞാന്‍ കാന്റീനില്‍ ഇരുന്നു. അയോധ്യ എംപി അവധേഷ് പ്രസാദിനൊപ്പം പാര്‍ലമെന്റ് വിട്ടു,” അഭിഷേക് മനു സിങ്വി പറഞ്ഞു.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തെ സിംഗ്വി സ്വാഗതം ചെയ്തു. നമുക്കോരോരുത്തര്‍ക്കും സീറ്റ് പൂട്ടാന്‍ കഴിയുന്ന ഒരു ഇരിപ്പിടം ഉണ്ടായിരിക്കണം, താക്കോല്‍ എംപി വീട്ടിലേക്ക് കൊണ്ടുപോകണം, കാരണം എല്ലാവര്‍ക്കും സീറ്റില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാനും ഇതുപോലുള്ള ആരോപണങ്ങള്‍ ഉന്നയിക്കാനും കഴിയും,’ അദ്ദേഹം പറഞ്ഞു.
നടപടിക്രമങ്ങള്‍ ആരംഭിച്ചയുടന്‍ രാജ്യസഭയെ അഭിസംബോധന ചെയ്ത ധന്‍ഖര്‍, സുരക്ഷാ ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനയില്‍ നോട്ടുകള്‍ കണ്ടെടുത്തതായി അറിയിക്കുകയായിരുന്നു.
‘സഭ നിര്‍ത്തിവച്ചതിന് ശേഷം ഇന്നലെ പതിവ് പരിശോധനയ്ക്കിടെ, അഭിഷേക് മനു സിംഗ്വിക്ക് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സീറ്റ് നമ്പര്‍ 222 ല്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കറന്‍സി നോട്ടുകള്‍ കണ്ടെടുത്തു. നിയമപ്രകാരം അന്വേഷണം നടക്കും,’ ധന്‍ഖര്‍പറഞ്ഞു.