ജയിലിൽ നിന്ന് ഇറങ്ങിയത് അടുത്തിടെ; മയക്കുമരുന്ന് കച്ചവടത്തിലെ പ്രധാനി എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം: മയക്കുമരുന്ന് വിൽപ്പനയിലെ പ്രധാനി എം.ഡി.എം.എയുമായി പിടിയിലായി. കോഴിക്കോട് ഫറൂഖ് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടിൽ ഷൈൻ (40) ആണ് പിടിയിലായത്. കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. 

വ്യാഴാഴ്ച വൈകീട്ട് കൊണ്ടോട്ടി വൈദ്യരങ്ങാടിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും അഞ്ച് ഗ്രാമോളം എം.ഡി.എം.എ പിടികൂടി. മയക്കുമരുന്ന് കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് വർഷം മുൻപ് 56 ഗ്രാം എം.ഡി.എം.എയുമായി പരപ്പനങ്ങാടി പൊലീസ് പിടികൂടിയ സംഭവത്തിൽ ഈയിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. തുടർന്നും മയക്കുമരുന്ന് കച്ചവടത്തിൽ സജീവമാവുകയായിരുന്നു.

READ MORE: ചരക്ക് വാഹനത്തിൽ ടേപ്പ് ചുറ്റിയ 42 പൊതികൾ, തുറന്നപ്പോൾ 80 കിലോ കഞ്ചാവ്; ഒഡീഷയിൽ നിന്ന് എത്തിച്ചതെന്ന് സൂചന

By admin